ADVERTISEMENT

രാജകുമാരി ∙ സ്കൂട്ടർ അപകടത്തിൽ മരിച്ച നാലു വയസ്സുകാരിയുൾപ്പെടെ ഒരു കുടുംബത്തിലെ മൂന്നു പേർക്കും ചിന്നക്കനാൽ തിഡീർനഗർ കണ്ണീരോടെ വിടചാെല്ലി. വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെയാണ് ചെമ്പകത്താെഴുക്കുടിക്ക് സമീപം സ്കൂട്ടർ അപകടത്തിൽ പെട്ട് തിഡീർഗനർ സ്വദേശി മണികണ്ഠന്റെ ഭാര്യ അഞ്ജലി(27), മകൾ അമേയ(4), മണികണ്ഠന്റെ സഹോദരൻ സെൽവത്തിന്റെ ഭാര്യ ജെൻസി(20) എന്നിവർ മരിച്ചത്. ഇവർ സഞ്ചരിച്ച സ്കൂട്ടർ ടാങ്കുകുടിക്ക് സമീപമുള്ള കുത്തിറക്കത്തിലെ വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട് 25 അടിയിലേറെ താഴ്ചയിലുള്ള റോഡിലേക്ക് പതിക്കുകയായിരുന്നു. അപകടമുണ്ടായ ഉടൻ അമേയ മരിച്ചു. അഞ്ജലിലെ അടിമാലിയിലെ ആശുപത്രിയിലേക്കും ജെൻസിയെ തേനി മെഡിക്കൽ കോളജിലേക്കും കാെണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്.

കുമ്പളങ്ങിയിൽസംസ്കാരം
ഇന്നലെ അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം അഞ്ജലി, അമേയ എന്നിവരുടെ മൃതദേഹങ്ങൾ കാെച്ചി കുമ്പളങ്ങി നോർത്തിലെ അഞ്ജലിയുടെ വീട്ടിലേക്ക് കാെണ്ടുപോയി. കുമ്പളങ്ങി നോർത്ത് ചാണിയൽ വീട്ടിൽ രതീഷ്–ഷീബ ദമ്പതികളുടെ ഏകമകളാണ് അഞ്ജലി. അഞ്ജലിയുടെയും മകളുടെയും സംസ്കാരം കുമ്പളങ്ങിയിൽ നടത്തി. സംസ്കാര ചടങ്ങിനിടെ അഞ്ജലിയുടെ അച്ഛനമ്മമാരും ഭർത്താവ് മണികണ്ഠനും പലതവണ ബോധരഹിതരായി വീണു.

ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് ജെൻസിയുടെ മൃതദേഹം തേനി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം തിഡീർനഗറിലെത്തിച്ചത്. ചിന്നക്കനാൽ ഷൺമുഖവിലാസം സ്വദേശികളായ ബെന്നി–മാല ദമ്പതികളുടെ മകളാണ് ജെൻസി. ജെൻസിയുടെ വിദേശത്തുള്ള മാതാവ് മടങ്ങിയെത്തിയ ശേഷം സംസ്കാരം നടത്തും. 2 മാസം മുൻപായിരുന്നു ജെൻസിയുടെയും സെൽവത്തിന്റെയും വിവാഹം. വർഷങ്ങളായി എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ് മണികണ്ഠനും അഞ്ജലിയും. വിവാഹത്തിനുശേഷം മണികണ്ഠൻ കുടുംബസമേതം കുമ്പളങ്ങിയിൽ താമസമാക്കുകയായിരുന്നു. കുടുംബ ക്ഷേത്രത്തിൽ ഉത്സവം കൂടാൻ 2 ദിവസം മുൻപാണ് ഇവർ തിഡീർനഗറിലെത്തിയത്.

സൂചനകളില്ലാത്തകൊടുംവളവ്
സൂര്യനെല്ലി ടൗണിലും ഷൺമുഖവിലാസത്തെ ജെൻസിയുടെ വീട്ടിലും പോയ ശേഷം തിഡീർനഗറിലെ വീട്ടിലേക്ക് സ്കൂട്ടറിൽ മടങ്ങുമ്പോഴാണ് ചെമ്പകത്താെഴുക്കുടിക്ക് സമീപം അപകടമുണ്ടായത്. ഷൺമുഖവിലാസം മുതൽ ചെമ്പകത്താെഴുക്കുടി വരെയുള്ള 2 കിലോമീറ്ററിലധികം ഭാഗത്തെ കുത്തിറക്കവും കാെടുംവളവുകളും നിറഞ്ഞ റോഡിൽ ക്രാഷ് ബാരിയറുകളോ അപകട സൂചനാ മുന്നറിയിപ്പുകളോ ഇല്ലാത്തതാണ് അപകടത്തിന് പ്രധാന കാരണമെന്ന് നാട്ടുകാർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com