ADVERTISEMENT

നാടെങ്ങും കടുത്ത ചൂട് കാലാവസ്ഥ തുടരുമ്പോഴും മൂന്നാറിലെ ദേവികുളം ലാക്കാട്, ഗ്യാപ്, ലക്ഷ്മി, ചൊക്കനാട് തുടങ്ങിയ സ്ഥലങ്ങളിൽ വൈകിട്ട് നല്ല തണുപ്പാണ്. പുലർകാലങ്ങളിൽ മഞ്ഞും. മധ്യവേനലവധി തുടങ്ങിയതിനാൽ മൂന്നാറിൽ സഞ്ചാരികളുടെ ഒഴുക്കാണ്. പകൽ സമയങ്ങളിൽ സ്ഥലങ്ങൾ സന്ദർശിച്ചു യാത്ര ചെയ്യുന്ന സഞ്ചാരികൾ വൈകുന്നേരങ്ങളിലും പുലർച്ചെയും തണുപ്പും മഞ്ഞും കൊള്ളാൻ ഈ കേന്ദ്രങ്ങളിൽ വരുന്നത് പതിവായി. 

നാടുകാണി മലനിരകൾ.
നാടുകാണി മലനിരകൾ.

ദേ...ഇവിടെയൊക്കെയാണ് മഞ്ഞ് 
∙ ദേവികുളം ലാക്കാട്: തേയിലത്തോട്ടങ്ങൾ. രാത്രിയിലും പുലർച്ചെയും അതിശക്തമായ മഞ്ഞ് മൂടിക്കിടക്കുന്ന പ്രദേശം.
∙ ഗ്യാപ് റോഡ്: പ്രകൃതിഭംഗി കൊണ്ട് ഏറെ പ്രശസ്തം. വൈകിട്ട് നാലു മുതൽ രാവിലെ എട്ടുവരെ മഞ്ഞും തണുപ്പും കൊണ്ട് വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രം.
∙ തോട്ടം മേഖലകളായ ലക്ഷ്മിയും ചൊക്കനാടും സ്ഥിരം തണുപ്പുള്ള സ്ഥലങ്ങളാണ്. മഞ്ഞുമൂടിയ തേയിലത്തോട്ടങ്ങളാണ് പ്രത്യേകത.



ദേവികുളം ലാക്കാട് ഇന്നലെ രാവിലെ മഞ്ഞ് ആസ്വദിക്കുന്ന വിനോദസഞ്ചാരികൾ.
ദേവികുളം ലാക്കാട് ഇന്നലെ രാവിലെ മഞ്ഞ് ആസ്വദിക്കുന്ന വിനോദസഞ്ചാരികൾ.

കൂളാണ് ചിന്നക്കനാലിലെ രാവുകൾ 
പകൽ സമയത്ത് അന്തരീക്ഷ താപനില 30 ഡിഗ്രി സെൽഷ്യസ് വരെയാണെങ്കിലും രാത്രിയിലും പുലർച്ചെയും 15 ഡിഗ്രി വരെ താപനില താഴുന്നതിനാൽ ചിന്നക്കനാൽ വേനൽക്കാലത്തും വിനോദ സഞ്ചാരികൾക്ക് ഏറെ ഇഷ്ടപ്പെട്ട ഇടമാണ്. ചിന്നക്കനാലിൽ എത്തുന്ന സഞ്ചാരികൾക്ക് കൊളുക്കുമല ട്രെക്കിങ്ങും നവ്യാനുഭവം പകരും. പുലർച്ചെ 8 കിലോമീറ്ററോളം ഓഫ് റോഡ് വാഹനത്തിൽ സഞ്ചരിച്ച് കാെളുക്കുമലയിലെത്തിയാൽ മേഘങ്ങളെ താെട്ടു കാഴ്ചകൾ ആസ്വദിക്കാം. 2500 രൂപയാണ് ഇവിടേക്കുള്ള ജീപ്പ് വാടക.

സുന്ദരം രാമക്കൽമേട്ടിലെ സായാഹ്നം
വൈകുന്നേരങ്ങളിലെ കുളിർകാറ്റും അസ്തമയ കാഴ്ചകളും ആസ്വദിക്കാൻ ഒട്ടേറെ സഞ്ചാരികളാണ് രാമക്കൽമേട്ടിലേക്ക് എത്തുന്നത്. മുൻവർഷങ്ങളെ അപേക്ഷിച്ച് രാമക്കൽമേട്ടിലെ താപനിലയും കൂടിയിട്ടുണ്ട്. ഇക്കൊല്ലം കാറ്റ് കുറവാണെന്നും പ്രദേശവാസികൾ പറയുന്നു. അതിരാവിലെയും വൈകിട്ട് നാലുമണിക്ക് ശേഷവുമാണ് പ്രധാനമായും വിനോദസഞ്ചാരികൾ എത്തുന്നത്. തമിഴ്നാട്ടിൽ നിന്ന് എത്തുന്ന കുളിർകാറ്റും സായാഹ്‌ന ദൃശ്യങ്ങളുമാണ് രാമക്കൽമെട്ടിലെയും ആമപ്പാറയിലെയും ഇപ്പോഴത്തെ ആകർഷണം. നൂറു ദിവസത്തിലധികമായി മഴ അകന്നു നിന്ന മേഖലയിൽ കഴിഞ്ഞദിവസം നേരിയ മഴ ലഭിച്ചിരുന്നു.

കൂളാകാൻ എസ്റ്റേറ്റ് ബംഗ്ലാവുകൾ
വേനൽച്ചൂടിൽ നിന്ന് അൽപം ആശ്വാസം തേടി എത്തുന്ന വിനോദസഞ്ചാരികൾ താമസിക്കാൻ ഇഷ്ടപ്പെടുന്നത് പഴമയുടെ പെരുമ നിലനിർത്തുന്ന എസ്റ്റേറ്റ് ബംഗ്ലാവുകളിലും സ്വകാര്യ ഏലത്തോട്ടങ്ങൾ, തേയിലത്തോട്ടങ്ങൾ എന്നിവയ്ക്കുള്ളിൽ സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളിലുമാണ്. വാഗമൺ, കുട്ടിക്കാനം, പീരുമേട് മേഖലകളിലേക്ക് എത്തുന്ന സഞ്ചാരികൾക്ക് സ്വിമ്മിങ് പൂൾ ഉൾപ്പെടുന്ന താമസ സ്ഥലങ്ങളോടാണ് താൽപര്യം.

കുട്ടിക്കാനം, വാഗമൺ, സത്രം, പീരുമേട് തുടങ്ങിയ പ്രദേശങ്ങളിൽ വൈകിട്ട് 5ന് ശേഷം മഞ്ഞു മൂടുന്നത് കാണാനും ആസ്വദിക്കാനും വേണ്ടി വൻതോതിൽ സഞ്ചാരികൾ എത്തുന്നുണ്ട്. പാഞ്ചാലിമേട്, സത്രം, പരുന്തുംപാറ, വാഗമൺ എന്നിവിടങ്ങളിൽ വൈകുന്നേരം 4 മുതൽ രാത്രി വൈകുംവരെ സഞ്ചാരികൾ തമ്പടിച്ചിരിക്കുന്നതും കാണാം. പകൽ താപനില 30 ഡിഗ്രി വരെയും, രാത്രി 21ലും എത്തി നിൽക്കുന്നു. 

∙ കൂൾ കുളമാവ് 
അൽപമൊന്നു തണുപ്പിക്കാൻ ലോറേഞ്ചിലുള്ളവർക്ക് പെട്ടെന്ന് എത്താൻ കഴിയുന്ന സ്ഥലമാണ് കുളമാവ്. നാടുകാണി, വടക്കേപ്പുഴ, ഡാമിന് സമീപം തുടങ്ങി ഒട്ടേറെ പ്രദേശങ്ങളിൽ ചൂടിൽ നിന്നു രക്ഷനേടാനായി ആളുകൾ എത്താറുണ്ട്. പകൽ സമയത്ത് 34 ഡിഗ്രിയാണ് ഇവിടത്തെ ചൂട്. രാത്രിയിൽ ഇത് 22 ഡിഗ്രിയായി മാറും. കുളമാവിലെത്തിയാൽ ഉപ്പുകുന്ന് റൂട്ടിൽ വിശ്രമിക്കാൻ സൗകര്യമുണ്ട്. കൂടാതെ നാടുകാണി പവലിയനോടു ചേർന്നുള്ള കുട്ടികളുടെ പാർക്കിൽ പകൽസമയം ചെലവഴിക്കാം.

പൊട്ടൻപടി മലനിരകൾ, കുളമാവിലെ പുൽമേടുകൾ, വനത്തിനുള്ളിലെ കാലൻമാരികുത്ത്, കക്കാട്ടു ഗുഹ,  ഉപ്പുകുന്ന് വ്യൂപോയിന്റ്, മുറംകെട്ടിപ്പാറ, അരീപ്പാറ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം സമയം ചെലവഴിക്കാം. സംസ്ഥാനപാതയായതിനാൽ രാത്രികാലങ്ങളിൽ ഇവിടെ നിന്നു മടങ്ങാൻ കഴിയും.  ഏതാനും ഹോംസ്‌റ്റേയും ഈ പ്രദേശത്തുണ്ട്.  

ഏപ്രിലിൽ എത്തിയത് മൂന്നര ലക്ഷം സഞ്ചാരികൾ
അവധിക്കാലം ആഘോഷിക്കാൻ, ഏപ്രിൽ മാസം ജില്ലയിൽ ഡിടിപിസിയുടെ കീഴിലുള്ള പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്ക് എത്തിയത് 3,40,159 സഞ്ചാരികൾ.  ഏറ്റവുമധികം സഞ്ചാരികൾ എത്തിയത് വാഗമൺ അഡ്വഞ്ചർ പാർക്കിലും(1,20,314 പേർ) വാഗമൺ മൊട്ടക്കുന്നിലുമാണ്(83,256 പേർ). വാഗമണ്ണിൽ ഗ്ലാസ് ബ്രിജ് തുറന്നതോടെ ഇവിടേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ട്. മൂന്നാർ ബൊട്ടാണിക്കൽ ഗാർഡനിൽ നടന്നുവരുന്ന പുഷ്പമേളയിലും സന്ദർശകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

ഡിടിപിസിയുടെ കൂടാതെ, ജില്ലയിലെ വനംവകുപ്പിന്റെ കീഴിലുള്ള കേന്ദ്രങ്ങളിലും ഹൈഡൽ ടൂറിസം കേന്ദ്രങ്ങളിലും എത്തിയ സ‍ഞ്ചാരികളും ഏറെയുണ്ട്. മധ്യവേനലവധിയോട് അനുബന്ധിച്ച് ഇടുക്കി–ചെറുതോണി അണക്കെട്ടുകളിലേക്കും സന്ദർശക പ്രവാഹം തുടരുകയാണ്. മേയ് 31 വരെ ഡാം കാണാൻ അവസരമുണ്ട്. മൂന്നാറിൽ ഉൾപ്പെടെ സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെടുന്നുണ്ടെങ്കിലും രാവിലെ എത്തി സ്ഥലങ്ങൾ സന്ദർശിച്ചശേഷം വൈകിട്ട് മടങ്ങിപ്പോകുന്നവരാണ് അധികവും. 

ഇടുക്കിയിലെ ചൂട് വിനോദസഞ്ചാര മേഖലയെയും ചെറിയരീതിയിൽ ബാധിച്ചിട്ടുണ്ട്. എങ്കിലും, കഴിഞ്ഞവർഷം ഏപ്രിൽ മാസത്തെ അപേക്ഷിച്ച് ഈ വർഷം സഞ്ചാരികളുടെ എണ്ണത്തിൽ വർധനയുണ്ടെന്ന് ഡിടിപിസി അധികൃതർ പറഞ്ഞു. കഴിഞ്ഞവർഷം ഏപ്രിലിൽ 2,52,118 സഞ്ചാരികളാണ് ജില്ലയിലെ ഡിടിപിസിയുടെ ടൂറിസം കേന്ദ്രങ്ങളിലെത്തിയത്. കേരളത്തിലെ മറ്റു ജില്ലകളിൽനിന്നുള്ളവരും തമിഴ്നാട്ടിൽ നിന്നുള്ളവരുമാണ് ഇപ്പോൾ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കൂടുതലെത്തുന്നത്. ചുട്ടുപൊള്ളുന്ന കാലാവസ്ഥയ്ക്കു പുറമേ തിരഞ്ഞെടുപ്പ് ചൂടും സഞ്ചാരികളുടെ വരവിനെ ബാധിച്ചിട്ടുണ്ടെന്നാണു വിലയിരുത്തൽ. 

കൊടുംചൂടിൽ സഞ്ചാരം; വേണം മുൻകരുതൽ
∙ വിവിധ സ്ഥലങ്ങൾ കാണാൻ പോകും മുന്നേ ധാരാളം വെള്ളം കുടിക്കുക. ശുദ്ധജലം കിട്ടാൻ സാധ്യതയില്ലാത്ത സ്ഥലമാണെങ്കിൽ കയ്യിൽ വെള്ളം കരുതുക
∙ രാവിലെ 11 മുതൽ മൂന്ന് വരെയുള്ള സമയം നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുക
∙ പാർക്കുകളിലും മറ്റും പോകുമ്പോൾ കുട്ടികളെ ഒരു കാരണവശാലും വെയിലത്ത് കളിക്കാൻ അനുവദിക്കരുത്.
∙ യാത്രകളിൽ കട്ടി കുറഞ്ഞതും വെളുത്തതോ ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക.
∙ വെയിലത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ കുട്ടികളെ ഇരുത്തി പോകരുത്.
∙ വിയർപ്പിലൂടെ ജലവും ലവണങ്ങളും നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ ഒആർഎസ് ലായനി, കരിക്കിൻ വെള്ളം, ഉപ്പിട്ട കഞ്ഞിവെള്ളം, പഞ്ചസാരയും ഉപ്പുമിട്ട പാനീയങ്ങൾ എന്നിവ കുടിക്കുക.
∙ ചൂടു കൂടുതലുള്ള സമയത്തു തുറസ്സായ സ്ഥലത്തു സഞ്ചരിക്കുന്നത് ഒഴിവാക്കുക. ഇത്തരത്തിൽ കാൽനടയായി പോകേണ്ടി വന്നാൽ കുട ചൂടുക, കയ്യിൽ ശുദ്ധജലം കരുതണം. വ്യൂ പോയിന്റുകളിലും മറ്റും വെയിലത്ത് ഒരുപാട് സമയം ചെലവഴിക്കരുത്.
∙ സൂര്യാതപമേറ്റ് കുഴഞ്ഞു വീണാൽ അടിയന്തര ചികിത്സ ലഭ്യമാക്കണം
(വിവരങ്ങൾക്ക് കടപ്പാട്: ജില്ലാ ആരോഗ്യവകുപ്പ്)

ഏപ്രിലിൽ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ എത്തിയ സഞ്ചാരികൾ 
∙ മാട്ടുപ്പെട്ടി: 16,035
∙ രാമക്കൽമേട്: 20,280
∙ അരുവിക്കുഴി: 1186
∙ ശ്രീനാരായണപുരം: 7457
∙ വാഗമൺ മൊട്ടക്കുന്ന്: 83,256
∙ വാഗമൺ അഡ്വഞ്ചർ പാർക്ക്: 1,20,314
∙ പാഞ്ചാലിമേട്: 16,338
∙ ഇടുക്കി ഹിൽവ്യൂ പാർക്ക്: 11,986
∙ മൂന്നാർ ബൊട്ടാണിക്കൽ ഗാർഡൻ: 62,280
(ഡിടിപിസിയുടെ കണക്ക്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com