ADVERTISEMENT

ചെറുപുഴ ∙ തിരുമേനി-താബോർ-കാർത്തികപുരം റോഡ് നവീകരണത്തിലും ഓവുചാൽ നിർമാണത്തിലും വ്യാപക ക്രമക്കേടുകൾ നടന്നതായി പരാതി. 12.6 കിലോമീറ്റർ ദൂരം വരുന്ന റോഡിന്റെ തിരുമേനിയിൽനിന്നു താബോർ വരെയുള്ള 5 കിലോമീറ്റർ ഭാഗവും താബോർ മുതൽ കാർത്തികപുരം വരെയുള്ള 7.6 കിലോമീറ്റർ ഭാഗവും മെക്കാഡം ടാറിങും നടത്തിയത് രണ്ടു വർഷം മുൻപാണ്. എന്നാൽ റോഡിന്റെ അരികിൽ ഓവുചാൽ നിർമിക്കാനോ, കോൺക്രീറ്റ് ചെയ്യാനോ കരാറുകാർ തയാറാകുന്നില്ലെന്നാണു നാട്ടുകാർ പറയുന്നത്. ഇതിനുപുറമെ താബോർ റേഷൻകടയുടെ സമീപം നിർമിച്ച ഓവുചാലിനു മുകളിൽ സ്ലാബിടാത്തതുമൂലം റേഷൻകടയിൽ സാധനങ്ങൾ വാങ്ങാൻ എത്തുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവർ ഓവുചാലിൽ വീഴുന്നത് പതിവുസംഭവമാണ്. വ്യാപക ക്രമക്കേട് നടന്നുവെന്ന പരാതി ഉയർന്നതോടെ രണ്ടാഴ്ച മുൻപ് ഓവുചാൽ നിർമാണം വീണ്ടും പുനരാരംഭിച്ചിരുന്നു .

എന്നാൽ ഓവുചാലിനു വേണ്ടത്ര താഴ്ചയില്ലാത്തതിനാൽ മഴവെള്ളം റോഡിലൂടെ ഒഴുകുമെന്നാണു നാട്ടുകാർ പറയുന്നത്. ഇതിനുപുറമെ കല്ല് ഉള്ള ഭാഗങ്ങളിൽ ഓവുചാൽ നിർമിക്കുന്നുമില്ല. മണ്ണു മാന്തിയന്ത്രം ഉപയോഗിച്ചു ഓവുചാൽ നിർമിക്കുന്നതിനാൽ മെക്കാഡം ടാറിങ് തകർന്നും തുടങ്ങി. ഇതിനുപുറമെ ഓവുചാലിൽനിന്നു നീക്കം ചെയ്യുന്ന മണ്ണ് റോഡിന്റെ മറുവശത്തു കൂട്ടിയിടുകയാണു ചെയ്യുന്നത്. ശക്തമായ മഴ പെയ്താൽ കൂട്ടിയിട്ട മൺക്കൂന കുത്തിയൊലിക്കും. ഇത് പ്രദേശത്തെ വീടുകൾക്കും കൃഷിയിടങ്ങൾക്കും ഭീഷണിയായി മാറും. ‌‌ ഓവുചാൽ നിർമാണം ശാസ്ത്രീയമായി നടത്തണമെന്നും ഇല്ലെങ്കിൽ തിരുമേനി- താബോർ- കാർത്തികപുരം റോഡ് കാലവർഷത്തെ അതിജീവിക്കില്ലെന്നുമാണു നാട്ടുകാർ പറയുന്നത്. റോഡ് നവീകരണത്തിൽ നടന്ന ക്രമക്കേടുകളെ കുറിച്ചു അന്വേഷണം നടത്തി കുറ്റക്കാർക്കു എതിരെ നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com