ADVERTISEMENT

കണ്ണൂർ ∙ കള്ളക്കടൽ പ്രതിഭാസമെന്ന പേരിൽ ഉയർന്ന തിരമാലകൾക്കും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കിലും ജില്ലയുടെ തീരദേശത്ത് കാര്യമായ പ്രശ്നങ്ങളൊന്നുമുണ്ടായില്ല. കഴിഞ്ഞ ദിവസം രാത്രി ചെറിയതോതിൽ കടലേറ്റമുണ്ടായതൊഴിച്ചാൽ തീരപ്രദേശം ശാന്തമായിരുന്നു. വിനോദ സഞ്ചാരികളെ വിലക്കിയിരുന്നതിനാൽ സഞ്ചാരികൾ കുറഞ്ഞു. കടൽക്ഷോഭത്തിന് വരും ദിവസങ്ങളിലും സാധ്യതയുണ്ടെന്ന അറിയിപ്പുള്ളതിനാൽ ജാഗ്രത തുടരുകയാണ്.

മുഴപ്പിലങ്ങാട് ബീച്ചിലേക്ക് സന്ദർശകർ കടക്കാതിരിക്കാൻ റിബൺ കെട്ടി. കള്ളക്കടൽ പ്രതിഭാസം സംബന്ധിച്ച അറിയിപ്പു വന്നതോടെ കടലോര വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ആളുകൾ പ്രവേശിക്കുന്നതു വിലക്കിയിരുന്നു.  മുഴപ്പിലങ്ങാട് കഴിഞ്ഞ രാത്രി ചെറിയതോതിൽ കടലേറ്റം ഉണ്ടായി. ഇതേത്തുടർന്ന് ബീച്ചിൽ മണൽത്തിട്ട രൂപപ്പെട്ടു. കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പിനെ തുടർന്ന് ബീച്ചിലെ ഫ്ലോട്ടിങ് ബ്രിജ് അഴിച്ചു വച്ചിരുന്നു. 

മത്സ്യത്തൊഴിലാളികൾ ഭാഗികമായി കടലിൽ പോയിട്ടുണ്ട്. ഉച്ചയോടെ റെഡ് അലർട്ട് പിൻവലിച്ചതിനാൽ കൂടുതൽ പേർ മീൻപിടിത്തത്തിനു പോകാൻ തയാറായി. പുതിയങ്ങാടി, പുതിയവളപ്പ്, മാട്ടൂൽ തീരപ്രദേശങ്ങളിലും കള്ളൽക്കടൽ പ്രതിഭാസമുണ്ടായില്ല. മുന്നറിയിപ്പുള്ളതിനാൽ തീരവാസികൾ ജാഗ്രതയിലാണ്. പുതിയങ്ങാടി ഫിഷ് ലാൻഡിങ് സെന്ററിൽ നിന്ന് തൊഴിലാളികൾ കടലിൽ പോയില്ല.

ചൂട്ടാട് പാർക്കിൽ ആളുകൾ എത്തുന്നുണ്ടെങ്കിൽ  കടൽ ഭാഗത്തേക്ക് ആളുകളെ പ്രവേശിപ്പിക്കുന്നില്ല. തലശ്ശേരിയിലും പ്രശ്നങ്ങളൊന്നുമുണ്ടായില്ല. ഇതോടെ മത്സ്യത്തൊഴിലാളികളിൽ ചിലർ കടലിൽ പോയി. കള്ളക്കടൽ പ്രതിഭാസം ആയിക്കര, അഴീക്കൽ തീര പ്രദേശങ്ങളിലും ബാധിച്ചില്ല. മത്സ്യത്തൊഴിലാളികൾ സാധാരണ പോലെ കടലിൽ ഇറങ്ങി. 

പതിവിനു വിപരീതമായി വള്ളക്കാർക്കും പരമ്പരാഗത തൊഴിലാളികൾക്കും മീൻ ലഭിച്ച ദിവസമായിരുന്നു ഇന്നലെ. ഹാർബറുകളും മത്സ്യബന്ധന മേഖലകളും പതിവു പോലെ പ്രവർത്തിച്ചു. കടലിൽ പോയവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടൽ കാഴ്ച കാണാൻ എത്തുന്നവരും കുറവായിരുന്നു. 

കരുതലോടെ തീരദേശ പൊലീസ് 
കള്ളക്കടൽ പ്രതിഭാസത്തിന്റെ സന്ദേശം ലഭിച്ചതോടെ ജാഗ്രതയിലായിരുന്നു തീരദേശ പൊലീസ്. ജില്ലയിലെ അഴീക്കൽ, തലശ്ശേരി തീരദേശ പൊലീസ് സ്റ്റേഷൻ പരിധിയിലെ 72 കിലോ മീറ്റർ കടലോരം ഇവരുടെ നിരീക്ഷണത്തിലായിരുന്നു.  രാത്രിയിലടക്കം ബോട്ടിൽ പട്രോളിങ് നടത്തി.

തീരദേശത്തു താമസിക്കുന്നവരും മത്സ്യത്തൊഴിലാളികളും പൊലീസും  ഉൾപ്പെട്ട കടലോര ജാഗ്രതാ സമിതിയുടെ യോഗങ്ങൾ ചേർന്നിരുന്നു. സർക്കാരിൽ നിന്നും മറ്റുമുള്ള ജാഗ്രതാ നിർദേശങ്ങളും സന്ദേശങ്ങളും മുന്നറിയിപ്പുകളും യഥാസമയം വാട്സാപ് ഗ്രൂപ്പിൽ പൊലീസ് ജനങ്ങളുമായി പങ്കുവയ്ക്കുന്നുണ്ട്.

ഫിഷിങ് സെന്റർ, ഹാർബർ എന്നിവിടങ്ങളിൽ ബോധവൽക്കരണ പരിപാടികളും നടത്തി. കടൽ കയറാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. എന്തെങ്കിലും അപകടം സംഭവിച്ചാൽ ചെയ്യേണ്ട രക്ഷാപ്രവർത്തനങ്ങളെ കുറിച്ചു പ്രദേശവാസികൾക്ക്  പ്രത്യേകം ക്ലാസ് നൽകിയിട്ടുണ്ട്.

മത്സ്യബന്ധനത്തിനിടെ കടലിൽ അസ്വാഭാവികമായ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിൽ അറിയിക്കണമെന്നു മത്സ്യത്തൊഴിലാളികൾക്കും നിർദേശം നൽകിയിരുന്നു. തീരദേശവാസികളെ പരമാവധി നേരിൽ കണ്ട് അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിയാനുള്ള ശ്രമവും കോസ്റ്റൽ പൊലീസ് നടത്തുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com