ADVERTISEMENT

തളിപ്പറമ്പ്∙ ഏറെ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ മാലിന്യം വലിച്ചെറിയൽ വിമുക്ത പദ്ധതികൾ വിസ്മൃതിയിൽ. മാലിന്യം വലിച്ചെറുന്നതിനെതിരെ തദ്ദേശ സ്ഥാപനങ്ങൾ ശക്തമായ നടപടി സ്വീകരിക്കുകയും തദ്ദേശ സ്ഥാപനങ്ങളെ മാലിന്യം വലിച്ചെറിയൽ വിമുക്ത സ്ഥാപനങ്ങളായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനായി ലക്ഷങ്ങൾ ചെലവഴിച്ച് ക്യാമറകൾ സ്ഥാപിക്കുകയും മാലിന്യം തള്ളിയവരെ കണ്ടെത്തി നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ തദ്ദേശ സ്ഥാപനങ്ങളിൽ പലതും ഇതിൽ നിന്ന് പിൻവലിഞ്ഞ നിലയിലാണ്. റോഡരികുകളും നഗരങ്ങളിലും വീണ്ടും മാലിന്യങ്ങൾ നിറച്ച സഞ്ചികൾ വ്യാപകമായി.

തളിപ്പറമ്പ് – ശ്രീകണ്ഠപുരം സംസ്ഥാന പാതയിൽ മിക്ക സ്ഥലങ്ങളിലും മാലിന്യം തള്ളുന്നുണ്ട്. കരിമ്പം ജില്ലാ കൃഷിത്തോട്ടത്തിലൂടെ റോഡ് കടന്ന് പോകുന്ന വിജനമായ ഭാഗത്തും അടുത്ത കാലത്തായി വൻതോതിൽ മാലിന്യം തള്ളുന്നുണ്ട്. മാലിന്യങ്ങളിൽ നിന്ന് ടെലിഫോൺ നമ്പർ ഉൾപ്പെടെ ലഭിച്ചിട്ടും നടപടികൾ സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു. ഒരു മാസം മുൻപ് മദ്യക്കുപ്പികൾ ചാക്കിലാക്കി അപകടകരമായ രീതിയിൽ സംസ്ഥാന പാതയോട് ചേർന്ന് നിക്ഷേപിച്ചത് ഇപ്പോഴും മാറ്റിയിട്ടില്ല. മുൻപ് കരിമ്പം പാലത്തിന് മുകളിൽനിന്നു ലോഡ് കണക്കിന് പ്ലാസ്റ്റിക് മാലിന്യം തോട്ടിലേക്ക് നിക്ഷേപിച്ചതിലും ആളെ കണ്ടെത്താൻ സാധിച്ചിട്ടില്ല.

വേണം ക്യാമറ
∙ തളിപ്പറമ്പ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ എംഎൽഎയുടെ പദ്ധതിയിൽ ഉൾപ്പെടുത്തി മുൻപ് വയർലെസ് ക്യാമറകൾ സ്ഥാപിച്ചിരുന്നു. കരിമ്പം ജില്ലാ കൃഷി തോട്ടത്തിനുള്ളിലൂടെ കടന്ന് പോകുന്ന സ്ഥലം ജനങ്ങൾ ഇല്ലാത്ത മേഖലയായതിനാൽ ഇവിടെ ഇത്തരം ക്യാമറകൾ സ്ഥാപിക്കണമെന്ന് മുൻപേ ആവശ്യം ഉയർന്നിരുന്നുവെങ്കിലും നടപടികൾ സ്വീകരിച്ചിട്ടില്ല. അതേ സമയം ഇത്തരത്തിൽ സ്ഥാപിച്ച ക്യാമറകളിൽ പലതും പ്രവർത്തിക്കുന്നില്ലെന്നും ആരോപണമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com