ADVERTISEMENT

കണ്ണൂർ ∙ കർഷകർക്ക് പിടികൊടുക്കാതെ സഞ്ചാരം തുടർന്ന് ചിറക്കൽ കൃഷി ഭവൻ. പുതിയതെരു–വളപട്ടണം റോഡിനു സമീപത്തെ കെട്ടിടം ജീർണാവസ്ഥയിലായതു മുതലാണ് കൃഷിഭവൻ കെട്ടിടങ്ങൾ മാറി മാറി സഞ്ചാരം തുടങ്ങിയത്. കാലപ്പഴക്കമുള്ള കെട്ടിടം ഏതു നിമിഷവും തകരാമെന്ന ജീവനക്കാരുടെയും കർഷകരുടെയും മുന്നറിയിപ്പ് അധികൃതർ മുഖവിലയ്ക്കെടുത്തില്ല. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ജീവനക്കാർ ഉച്ചഭക്ഷണം കഴിക്കവേ കോൺക്രീറ്റിൽ പതിച്ച ഓട് അടർന്നു വീണ് കൃഷി അസിസ്റ്റന്റ് ദീപ്തിയുടെ തലയ്ക്കു പരുക്കേറ്റു. ഒരാഴ്ചയോളം ആശുപത്രിയിൽ കഴിയേണ്ടി വന്നിട്ടും പിന്നെയും മാസങ്ങൾ കഴിഞ്ഞാണ് ഓഫിസ് ഈ കെട്ടിടത്തിൽ നിന്നു മാറ്റിയത്. മന്നയിലെ ചിറക്കൽ പഞ്ചായത്തിന്റെ സാംസ്കാരിക നിലയത്തിലേക്കായിരുന്നു മാറ്റം.

കൃഷി വകുപ്പ് മുഖേന കർഷകർക്ക് വിതരണം ചെയ്യുന്ന തൈകൾ, വിത്ത്, വളം, കൃഷി ഉപകരണങ്ങൾ തുടങ്ങിയവയെല്ലാം സൂക്ഷിക്കാൻ ഇവിടെ സ്ഥലം പരിമിതമാണ്. സാധനങ്ങൾ കൃഷിഭവന്റെ പഴയ കെട്ടിടത്തിൽ സൂക്ഷിക്കുകയും ഓഫിസ് കാര്യങ്ങൾ സാംസ്കാരിക നിലയത്തിൽ നിന്നു നടത്തുകയും ചെയ്യുന്ന തരത്തിലായിരുന്നു ക്രമീകരണം. വൈകാതെ പുതിയ കെട്ടിടം യാഥാർഥ്യമാകുമെന്നായിരുന്നു ജീവനക്കാരുടെയും കർഷകരുടെയും പ്രതീക്ഷ. എന്നാൽ ഒരു വർഷത്തിലേറെ കഴിഞ്ഞിട്ടും പുതിയ കെട്ടിടം നിർമിക്കാനുള്ള നടപടികൾ തുടങ്ങിയിട്ടില്ല. 

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പോളിങ് ബൂത്തുകളിലൊന്നായിരുന്നു ചിറക്കൽ പഞ്ചായത്ത് സാംസ്കാരിക നിലയം. അതിനാൽ തിരഞ്ഞെടുപ്പിനു മുന്നോടിയായി കൃഷി ഭവന്റെ പ്രവർത്തനം ഇവിടെ നിന്നു മാറ്റണമെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നിർദേശിച്ചു. തുടർന്ന് പഴയ കൃഷിഭവൻ കെട്ടിടത്തിനു സമീപത്തെ വീട്ടിലേക്ക് ഏപ്രിൽ ആദ്യം ഓഫിസ് മാറ്റി. ഈ കെട്ടിടത്തിന് 15,000 രൂപയോളം പ്രതിമാസ വാടക നൽകേണ്ടിവരുന്ന സാഹചര്യത്തിൽ അത്രയും വാടക താങ്ങാൻ കഴിയില്ലെന്നു പറഞ്ഞ് കൃഷി ഭവൻ വീണ്ടും മാറ്റാൻ പഞ്ചായത്ത് അധികൃതർ നിർദേശിച്ചു. സാംസ്കാരിക നിലയത്തിലേക്കു തന്നെയാണ് മാറ്റം.

കൃഷി ഭവൻ കെട്ടിടം ഇടയ്ക്കിടെ മാറാൻ തുടങ്ങിയതോടെ കർഷകർക്ക് ഓഫിസ് എവിടെയെന്ന് അറിയാത്ത സ്ഥിതിയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പ്രവർത്തിച്ച വീട്ടിലേക്ക് കർഷകർ ആരും തന്നെ എത്തിയിരുന്നില്ലെന്നു കൃഷി ഉദ്യോഗസ്ഥർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com