ADVERTISEMENT

ചെർക്കള∙അവസാനം സംസാരിച്ചവരോടെല്ലാം കേളു മണിയാണി പങ്കുവച്ച സങ്കടം കുടിവെള്ളത്തിന്റെ കാര്യമായിരുന്നു. കലക്ടർക്കു പരാതി നൽകിയിട്ട് രണ്ടു മാസത്തോളമായി. തലയ്ക്കു മീതെ ഏതു നിമിഷവും മണ്ണു വീണേക്കുമെന്ന സമ്മർദത്തിലാണു കഴിഞ്ഞ കുറെ നാളുകളായി ഇവരുടെ ജീവിതം. 

കേളുമണിയാണിയും ഭാര്യ ശങ്കരിയും പലതരം രോഗങ്ങളിൽ വലയുന്നവരാണ്. 4 ദിവസത്തിലൊരിക്കൽ ഒരു ടാങ്കർ വെള്ളം വാങ്ങിക്കണമെങ്കിൽ 500 രൂപ വേണം. ഇതിന്റെ സങ്കടം പലരോടും കേളുമണിയാണി പറഞ്ഞിരുന്നു. ഏറ്റവും ഒടുവിൽ ചൊവ്വാഴ്ച രാത്രി ഫോണിൽ സംസാരിച്ചതു കുണ്ടടുക്കം തോട്ടത്തിലെ സുനിൽ കുമാറിനോടാണ്. കുണ്ടടുക്കം ഗ്രാമസംരക്ഷണ സമിതി കൺവീനറാണ് ഇദ്ദേഹം. അപ്പോഴും കേളുമണിയാണി പങ്കുവച്ചത് കുടിവെള്ളം ഇല്ലാത്തതിന്റെ വേദനകളായിരുന്നുവെന്ന് സുനിൽ കുമാർ പറയുന്നു. 

അധികൃതരെ വിവരം അറിയിച്ചിട്ട് 2 മാസത്തോളം
‘ദേശീയപാതയുടെ പണിയെടുക്കുമ്പോൾ, ഞങ്ങൾ വർഷങ്ങളായി ഉപയോഗിക്കുന്ന കിണർ മൂടിയിരിക്കുകയാണ്. വില കൊടുത്താണ് ഇപ്പോൾ വെള്ളം വാങ്ങുന്നത്. നിത്യ ചെലവിനു തന്നെ ബുദ്ധിമുട്ടുന്ന എനിക്കും കുടുംബത്തിനും വെള്ളം കൂടി വിലകൊടുത്ത് വാങ്ങാനുള്ള സാമ്പത്തിക ശേഷിയില്ല. ഇതിനൊരു പരിഹാരം ഉണ്ടാക്കണം’.

കുടിവെള്ളം മുട്ടിയ മനോവിഷമത്തിൽ ആത്മഹത്യ ചെയ്ത ചെർക്കള പുലിക്കുണ്ടിലെ എം.കേളു മണിയാണി കഴിഞ്ഞ മാർച്ച് 6നു കലക്ടർക്കു നൽകിയ പരാതിയിൽ പറയുന്നത് ഇങ്ങനെയാണ്. കുടിവെള്ളമില്ലാതെ ഈ വയോധികൻ എത്രത്തോളം വിഷമിച്ചിരുന്നുവെന്നു വ്യക്തമാക്കുന്നതു കൂടിയാണ് ഈ വാക്കുകൾ.

ദേശീയപാതയ്ക്കു വേണ്ടി കിണർ മൂടുകയല്ല ചെയ്തത്. മുകൾ ഭാഗത്തു മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു പണിയെടുക്കുമ്പോൾ മണ്ണുനിരങ്ങി കിണറിലേക്കു വീഴുകയായിരുന്നു. വേനലിൽ പോലും വറ്റാത്ത കിണറാണ് ഒറ്റ ദിവസം കൊണ്ട് തൊഴിലാളികളുടെ അശ്രദ്ധ കാരണം നശിച്ചത്.   ഇക്കാര്യം നിർമാണ കമ്പനിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ താൽക്കാലികമായി വെള്ളം എത്തിച്ചു നൽകാമെന്നും പിന്നീട് കിണർ നന്നാക്കാമെന്നും അറിയിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. 

മണ്ണിടൽ അശാസ്ത്രീയമെന്ന് ആക്ഷേപം ശക്തം
ചെർക്കള ടൗൺ മുതൽ വികെ പാറ വരെ ദേശീയപാതയ്ക്കായി അശാസ്ത്രീയമായി മണ്ണിടുമ്പോൾ അതു മുഴുവൻ നിരങ്ങി വീഴുന്നത് താഴ്‌വാരത്തുള്ള കുണ്ടടുക്കം, പുലിക്കുണ്ട് മേഖലകളിലേക്കാണ്.   കഴിഞ്ഞ മഴയിൽ കുണ്ടടുക്കത്തെ തോടുകളിൽ മണ്ണ് നികന്ന് ഒഴുക്ക് നിലക്കുകയും കൃഷിയിടങ്ങളിൽ ചെളിമൂടുകയും ചെയ്തു.    ഇതിനെതിരെ നാട്ടുകാർ കുണ്ടടുക്കം ഗ്രാമസംരക്ഷണ സമിതി രൂപീകരിച്ച് പോരാട്ടത്തിലാണ്.

ഇവർ നൽകിയ പരാതിയെ തുടർന്നു ഡപ്യൂട്ടി കലക്ടർ സുനിൽ മാത്യു (ദേശീയപാത സ്ഥലം ഏറ്റെടുപ്പ് വിഭാഗം) സ്ഥലം സന്ദർശിക്കുകയും കാലവർഷത്തിനു മുൻപു ഇവിടെ പാർശ്വഭിത്തി നിർമിക്കാൻ ദേശീയപാത അതോറിറ്റിക്കു    നിർദേശം നൽകണമെന്നും ഇല്ലെങ്കിൽ വലിയ നാശമുണ്ടാക്കുമെന്നും റിപ്പോർട്ട് നൽകിയിരുന്നു. പക്ഷേ ഇതുവരെ ഇതിൽ നടപടികളൊന്നുമുണ്ടായില്ല.  സ്ഥലത്തിനു പട്ടയം ഇല്ലാത്തതിനാൽ നഷ്ടപരിഹാരവും ലഭിച്ചിട്ടില്ല.  കിണർ മൂടിയതു പോലെ ഒരു ദിവസം കുടിയിറങ്ങാൻ പറഞ്ഞാൽ എങ്ങോട്ടുപോകുമെന്ന ചോദ്യമാണ് മരണമുണ്ടാക്കിയ സങ്കടത്തിലും കേളുമണിയാണിയുടെ കുടുംബം ചോദിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com