ADVERTISEMENT

കാസർകോട് ∙ സംസ്ഥാനത്ത് ഇന്നലെ ഏറ്റവും കൂടുതൽ മഴ പെയ്ത ആദ്യ 5 സ്ഥലങ്ങളും കാസർകോട് ജില്ലയിൽ. എരിക്കുളത്ത് ആണ് ഏറ്റവും കൂടുതൽ മഴ പെയ്തത്. 100.6 മില്ലി മീറ്റർ മഴയാണ് ഇവിടെ ഒറ്റ ദിവസം ലഭിച്ചത്. ഈ സീസണിൽ സംസ്ഥാനത്ത് 100 മില്ലി മീറ്ററിൽ കൂടുതൽ മഴ കിട്ടിയതും എരിക്കുളത്താണ്. പടന്നക്കാട് (86), കല്യോട്ട് (64), മുളിയാർ (61.5), പൈക (39), വെള്ളരിക്കുണ്ട് (36.5), വിദ്യാനഗർ (27.6), പിലിക്കോട് (25.5) എന്നിങ്ങനെയാണ് ഇന്നലെ പെയ്ത മഴ. ജില്ലയിൽ നാളെ മുതലാണ് കാലാവസ്ഥാ അധികൃതർ മഴ പ്രവചിച്ചത്. എന്നാൽ ഒരു ദിവസം മുൻപേ തന്നെ ജില്ലയിൽ ശക്തമായ മഴ ലഭിക്കുകയായിരുന്നു.

ദേശീയപാതകൾ മുങ്ങി
ചെർക്കള ടൗൺ വെള്ളത്തിൽ മുങ്ങി. ഗതാഗതവും വ്യാപാരവും സ്തംഭിച്ചു. മാവുങ്കാൽ ടൗണിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കാലിക്കടവ് ടൗണിൽ റോഡിലെ വെള്ളക്കെട്ട് ദുരിതമായി. രാവിലെ മണ്ണുമാന്തി യന്ത്രം എത്തി ചെറിയ ഓവുചാൽ ഒരുക്കി വെള്ളം ഒഴുക്കി വിട്ടാണ് വെള്ളക്കെട്ട് നീക്കിയത്. ജനുവരി 3ന് മഴ പെയ്തപ്പോഴും ഇവിടെ റോഡിൽ വെള്ളക്കെട്ട് ഉണ്ടായിരുന്നു. ദേശീയപാതയോട് ചേർന്ന് ചെറുവത്തൂർ വി.വി.നഗർ ബസ് സ്റ്റോപ്പിനടുത്തുള്ള സർവീസ് റോഡും മഴയെ തുടർന്ന് വെള്ളത്തിനടിയിലായി. 

1. അയ്യങ്കാവിലെ പുതിയവളപ്പിൽ ബാലകൃഷ്ണന്റെ വീട്ടിലെ മോട്ടർ സ്വിച്ച് ഇടിമിന്നലിൽ കത്തിയ നിലയിൽ. 2. കാലിച്ചാനടുക്കം മൂപ്പിൽ ലുക്മാൻ ഹക്കീമിന്റെ വീട്ടിലെ വൈദ്യുത ഉപകരണങ്ങൾ ഇടിമിന്നലേറ്റ് നശിച്ച നിലയിൽ.
1. അയ്യങ്കാവിലെ പുതിയവളപ്പിൽ ബാലകൃഷ്ണന്റെ വീട്ടിലെ മോട്ടർ സ്വിച്ച് ഇടിമിന്നലിൽ കത്തിയ നിലയിൽ. 2. കാലിച്ചാനടുക്കം മൂപ്പിൽ ലുക്മാൻ ഹക്കീമിന്റെ വീട്ടിലെ വൈദ്യുത ഉപകരണങ്ങൾ ഇടിമിന്നലേറ്റ് നശിച്ച നിലയിൽ.

വീടുകൾക്ക് നാശം
∙നീലേശ്വരം കോയിത്തട്ട വരയിൽ കോളനിയിലെ എം.സുരേഷിന്റെ പശുക്കുട്ടി ഇടിമിന്നലേറ്റ് ചത്തു. തൊഴുത്തിന് അടുത്തുള്ള തെങ്ങും മുരിങ്ങയും ഇടിമിന്നലിൽ ചിതറിത്തെറിച്ചു. ചായ്യോത്ത് പെൻഷൻ മുക്കിലെ ഷീന രാഘവന്റെ വീടിന് ഇടിമിന്നലേറ്റു. ഭിത്തികളും കോൺക്രീറ്റ് ചെയ്‌ത മുകൾഭാഗവും പൊട്ടി. വയറിങ് പൂർണമായും കത്തി നശിച്ചു. 
കാലിച്ചാനടുക്കം മൂപ്പിൽ സ്വദേശി ഹക്കീമിന്റെ വീട്ടിന്റെ  ഇലക്ട്രിക്കൽ വയറിങ് പൂർണമായും കത്തി നശിച്ചു. വീട്ടിലെ കുഴൽക്കിണറിന്റെ മോട്ടറും കത്തി നശിച്ചു. സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ സർവീസ് വയറുകൾ കത്തി. മടിക്കൈ മൂലപ്പള്ളിയിലെ കല്യാണിയുടെ വീടിനു മേൽ തെങ്ങ് പൊട്ടി വീണു. പലയിടത്തും വൈദ്യുതി ബന്ധം നിലച്ച നിലയിലാണ്.

പെരിയ ∙ ഇടിമിന്നലിൽ നാലേക്ര ചെങ്ങറ പുനരധിവാസ കോളനിയിലെ ശിശുപാലന്റെ വീടിന്റെ വയറിങ് പൂർണമായി കത്തി നശിച്ചു. മീറ്റർ ബോർഡുൾപ്പെടെ പൊട്ടിത്തെറിച്ചു. ടെലിവിഷനും കേടുപാട് സംഭവിച്ചു. രോഗിയായ ശിശുപാലനും ഭാര്യ ശാന്തയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മിന്നലിൽ ഗ്ലാസ് പൊട്ടിത്തെറിച്ച് നിസ്സാര പരുക്കേറ്റ ശിശുപാലൻ ആശുപത്രിയിൽ ചികിത്സ തേടി.
രാജപുരം ∙അയ്യങ്കാവിലെ പുതിയവളപ്പിൽ ബാലകൃഷ്ണന്റെ വീടിന്റെ വയറിങ് പൂർണമായും കത്തിനശിച്ചു. 3 ഫാനുകൾ കേടായി. വീടിന്റെ ചുമരുകൾക്ക് വിള്ളൽ വീണു.
∙പൊടവടുക്കം ക്ലായിയിലെ വേങ്ങയിൽ വിജയൻ നായരുടെ വീടിന്റെ വയറിങ്, കിണറ്റിലെ മോട്ടർ, സ്വിച്ച് ബോർഡ് എന്നിവ കത്തി. അടുക്കളയിലെ ടൈൽസ് തകർന്നു. 
∙പോർക്കളം രഘുനാഥിന്റെ വിട്ടിലെ ഇൻവെർട്ടർ, ഫാനുകൾ എന്നിവ കത്തി നശിച്ചു. 
∙കേക്കെയടുക്കം അജീഷിന്റെ വീടിന്റെ മെയിൻ സ്വിച്ച് നശിച്ചു. വീടിനു സമീപത്തെ ഷെഡിന്റെ ചുമരിന് വിള്ളൽ വീണു. 
∙കാലിച്ചാനടുക്കം മൂപ്പിൽ ലുക്മാൻ ഹക്കീമിന്റെ വീട്ടിലെ വൈദ്യുത ഉപകരണങ്ങൾ, വയറിങ് എന്നിവ കത്തി നശിച്ചു.
∙കള്ളാർ പെരുമ്പള്ളിയിൽ തെങ്ങ് കടപുഴകി വീണു ഗതാഗതം തടസ്സപ്പെട്ടു. 

സൺ ഷെയ്ഡ് തകർന്ന് കാറിന്റെ ചില്ല് തകർന്നു
കാഞ്ഞങ്ങാട് ∙ ഇടിമിന്നലിന്റെ ആഘാതത്തിൽ കെട്ടിടത്തിന്റെ സൺ ഷെയ്ഡ് പാളി തകർന്നു വീണ് കാറിന്റെ ചില്ല് തകർന്നു. ഇന്നലെ പുലർച്ചെ റെയിൽവേ സ്റ്റേഷൻ റോഡിൽ നിർത്തിയിട്ട വെള്ളിക്കോത്ത് സ്വദേശി പ്രഭാകരന്റെ കാറിന്റെ മുൻഭാഗത്തെ ഗ്ലാസാണ് തകർന്നത്. സമീപത്തെ കാലപ്പഴക്കമുള്ള കെട്ടിടത്തിന്റെ സൺ ഷെയ്ഡ് ആണ് തകർന്നു വീണത്. കെട്ടിടത്തിന്റെ താഴെ പ്രവർത്തിക്കുന്ന ട്രാവൽസ് കടയ്ക്കും കേടുപാട് പറ്റി. 

kasargod-car

അധ്യാപികയ്ക്ക് മിന്നലേറ്റു
മടിക്കൈ എരിക്കുളം ഏമ്പക്കാലിലെ ജിതേഷിന്റെ ഭാര്യയും അധ്യാപികയുമായ അനിതയ്ക്ക് ഇടിമിന്നലിൽ പൊള്ളലേറ്റു. ഇന്നലെ രാവിലെ 6ന് അടുക്കളയിൽ ജോലി ചെയ്യവേയാണ് വലതുകൈയ്ക്കും വലതുകാലിനും പൊള്ളലേൽക്കുന്നത്. കൂടാതെ കുഴൽ കിണറിന്റെ മോട്ടർ കത്തിനിശിച്ചു. ഇതിന്റെ പൈപ്പ് മിന്നലിൽ ചിതറിത്തെറിച്ചു. വീടിന്റെ മീറ്റർ, മെയിൻ സ്വിച്ച്, ബ്രേക്കർ എന്നിവയും കത്തിനശിച്ചു.

റെയിൽവേ സ്റ്റേഷൻ റോഡിലെ കടകളിൽ വെള്ളം കയറി
കാഞ്ഞങ്ങാട് ∙ ഇന്നലെ പുലർച്ചെ പെയ്ത കനത്ത മഴയിൽ റെയിൽവേ സ്റ്റേഷൻ റോഡിലെ കടകളിലേക്ക് വെള്ളം കയറി. ഓവുചാൽ മണ്ണു നിറഞ്ഞു അടഞ്ഞ നിലയിലാണ്. വെള്ളം ഒഴുകിപ്പോകാനുള്ള വഴിയില്ലാത്തതാണ് കടകളിലേക്ക് വെള്ളം കയറാൻ കാരണം. നീതി ലാബ്, സ്റ്റേഷനറി കടകൾ എന്നിവകളിലാണു വെള്ളം കയറിയത്. ഓവുചാൽ വൃത്തിയാക്കിയില്ലെങ്കിൽ മറ്റു കടകളിലേക്കും വെള്ളം കയറുന്ന സ്ഥിതി ഉണ്ടാകുമെന്ന് വ്യാപാരികൾ പറയുന്നു.

മാവുങ്കാലിലും വെള്ളക്കെട്ട്
മാവുങ്കാൽ ∙ ചൊവ്വാഴ്ച പുലർച്ചെ പെയ്ത മഴയെത്തുടർന്ന് മാവുങ്കാൽ ടൗണിൽ വെള്ളക്കെട്ട്. മേൽപ്പാലത്തിനു സമീപത്തെയും പാണത്തൂർ റോഡിലെയും  കടകളിൽ വെള്ളം കയറി. ഇവിടെയുള്ള വ്യാപാരികളിൽ പലർക്കും ഇന്നലെ രാവിലെ കടകൾ തുറക്കാൻ കഴിഞ്ഞില്ല. ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള ഓവുചാൽ പൂർത്തിയാകാത്തതും ആശ്രമം ഭാഗത്തു നിന്നു വരുന്ന വെള്ളം ഒഴുക്കിവിടാൻ സൗകര്യമില്ലാത്തതുമാണ് വെള്ളക്കെട്ടിനു കാരണമെന്ന് വ്യാപാരികൾ നേരത്തേ പരാതി ഉന്നിയിച്ചിരുന്നു. പെരിയ, പെരിയാട്ടടുക്കം, ബട്ടത്തൂർ  എന്നിവിടങ്ങളിലെ അടിപ്പാതകളിലും വെള്ളക്കെട്ട് രൂപപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com