ADVERTISEMENT

മഞ്ചേശ്വരം ∙ പണിനടക്കുന്ന ദേശീയപാതയിൽ പലയിടത്തും വാഹനങ്ങൾ ദിശ തെറ്റിച്ചു വരുന്നത് അപകടങ്ങൾക്കിടയാക്കുന്നു. ഇരുവശത്തേക്കും പോകുന്നതിന് മിക്ക സ്ഥലത്തും വെവ്വേറെ ലൈനുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും എളുപ്പവും സൗകര്യവും നോക്കി വാഹനങ്ങൾ ഇത് ലംഘിക്കുകയാണ്. കൂടുതൽ ദൂരം സഞ്ചരിച്ച് യു ടേൺ എടുക്കാനുള്ള മടി കാരണമാണ് വാഹനങ്ങൾ ഇങ്ങനെ ദിശ തെറ്റിക്കുന്നത്.

കുഞ്ചത്തൂർ ദേശീയപാതയിൽ കാറും ആംബുലൻസും കൂട്ടിയിടിച്ച് 3 പേർ മരിക്കുകയും 4 പേർക്ക് പരുക്കേൽക്കുകയും ചെയ്ത അപകടത്തിനിടയാക്കിയത് ദേശീയ പാതയുടെ വഴിമാറി ആംബുലൻസ് വന്നതാണ്. ദേശീയപാതയുടെ പൊസോട്ടു മുതൽ തലപ്പാടി വരെ റോഡ് പണി പൂർത്തികരിച്ചിരുന്നു. പൊസോട്ടു ദേശീയ പാതയിലേക്ക് കയറുന്ന ഭാഗത്ത് ദിശാ സൂചകം വ്യക്തമായി കാണാൻ കഴിയാത്തതാണ് ആംബുലൻസ് വഴി മാറാൻ ഇടയായത് എന്ന് പറയപ്പെടുന്നു. ഇവിടെ വഴിതെറ്റി കയറിയാൽ പിന്നീട് തലപ്പാടിയിൽ അല്ലാതെ മറ്റെവിടെയും മാറി കയറാൻ സംവിധാനവുമില്ല. സർവീസ് റോഡിൽ കയറിയാലും വശം തെറ്റി തന്നെ പോകണം.

റൂട്ട് തിരിക്കുന്നതും ദിശാ സൂചകവും അശാസ്ത്രീയം
∙ ദേശീയപാത പണി നടക്കുന്ന സ്ഥലങ്ങളിൽ പെട്ടെന്ന് തിരിച്ചറിയാനാവാത്ത വിധം ടേണിങുകളും സിഗ്നലുകളും സ്ഥാപിക്കുന്നത് അപകടങ്ങൾക്കുള്ള പ്രധാന കാരണമാണ്. പലപ്പോഴും തൊട്ടടുത്തെത്തിയാലാണ് ദിശാ സൂചകങ്ങൾ ഡ്രൈവർമാർക്ക് വ്യക്തമായി കാണാനാവുക. ഈ സമയത്ത് ധൃതിയിൽ വാഹനം തിരിക്കുമ്പോൾ പിറകെ വരുന്ന വാഹനം ഇടിക്കുന്നു. ഓട്ടോകളും ഗുഡ്സ് വാഹനങ്ങളും സമയവും ഇന്ധനവും ലാഭിക്കാൻ ദിശ മാറി സഞ്ചരിക്കുന്നതും ദേശീയപാതയിൽ പതിവായിട്ടുണ്ട്. പാതയുടെ പണി നടക്കുന്ന ഭാഗത്ത് ദേശീയപാത വഴി തിരിച്ചറിയാൻ വ്യക്തമായ സൂചന ബോർഡുകൾ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

മഞ്ചേശ്വരം കുഞ്ചത്തൂരിൽ ദേശീയപാതയിലുണ്ടായ അപകടത്തിൽ തകർന്ന കാർ.
മഞ്ചേശ്വരം കുഞ്ചത്തൂരിൽ ദേശീയപാതയിലുണ്ടായ അപകടത്തിൽ തകർന്ന കാർ.

അപകടം കൊണ്ടുപോയത് ഭർത്താവിനെയും മക്കളെയും; വേദനയിൽ ഉരുകി സ്മ‍ിത
ഇരിങ്ങാലക്കുട ∙ കൂടൽമാണിക്യം ക്ഷേത്രോത്സവകാലത്തു നാട്ടിലെത്തുന്ന പതിവ് മുടക്കാത്തയാളായിരുന്നു ശിവകുമാർ. ഇത്തവണയും കൊടിയേറ്റത്തിനു മുൻപു തന്നെ നാട്ടിലെത്തിയെങ്കിലും ഒരിക്കലും തീരാത്ത വേദനയായി ആ വരവ് മാറിയതു നാടിന്റെ നൊമ്പരമായി. ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമത്തിലായിരുന്നതുകൊണ്ടു മാത്രമാണു ഭർത്താവിനും മക്കൾക്കുമൊപ്പം സ്മിതയും യാത്ര പുറപ്പെടാതിരുന്നത്. ഇന്നലെ രാവിലെ ഉറ്റവരുടെ മടങ്ങിവരവ് പ്രതീക്ഷിച്ചു കാത്തിരുന്ന സ്മിതയ്ക്കു മുന്നിലേക്കെത്തിയതു ദുരന്തവാർത്ത. 35 വർഷമായി യുഎഇയിൽ ജോലിചെയ്യുന്ന ശിവകുമാർ എല്ലാ ഉത്സവകാലത്തും കണ്ടേശ്വരത്തെ പുതുമന വീട്ടിലെത്ത‍ാറുണ്ട്.

ഇത്തവണയും പതിവു മുടക്കിയില്ല. ബിടെക് പഠനത്തിനു ശേഷം അടുത്തയാഴ്ച മകൻ ശരത് അയർലൻഡിലേക്കു പോകാനിരിക്കെയാണ് ഒന്നിച്ചൊരു യാത്ര എല്ലാവരുംകൂടി ആസൂത്രണം ചെയ്തത്. ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമത്തിലായിരുന്ന ഭാര്യ സ്മിതയുടെ സംരക്ഷണം അച്ഛൻ സുധാകരനെയും അമ്മ സീതയെയും ഏൽപ്പിച്ച ശേഷമാണു ശിവകുമാർ യാത്രയ്ക്കൊരുങ്ങിയത്. ഒന്നിച്ചു കളിച്ചുവളർന്ന സുഹൃത്തിന്റെ അമ്മയെ കാണാൻ മക്കളെയും കൂട്ടി ബെംഗളൂരുവിലേക്കു സ്വന്തം കാറിൽ പുറപ്പെട്ടത് ശനിയാഴ്ച. ബെംഗളൂരുവിൽ ഒരുദിവസം തങ്ങിയ ശേഷം മൂകാംബിക ക്ഷേത്രത്തിലേക്ക്.

മൂവരും ക്ഷേത്രമുറ്റത്തു നിൽക്കുന്ന ചിത്രം പകർത്തി ഇവർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. 18നു ശിവകുമാർ തിരികെ മടങ്ങാനിരിക്കെയാണു ദുരന്തം. ഒൻപതാം ക്ലാസുകാരൻ സൗരവിന്റെ മരണം നാഷനൽ സ്കൂളിനാകെ വേദനയായി. ചന്തക്കുന്നിൽ ഇവർ നടത്തുന്ന ഇ–സേവന കേന്ദ്രം സ്മിതയ്ക്കൊപ്പം നോക്കിനടത്തിയിരുന്നതു ശരത് ആയിരുന്നു.

English Summary:

Tragedy Strikes as Misguided Vehicles Lead to Fatal Accident on Under-Construction National Highway 66

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com