ADVERTISEMENT

പുനലൂർ ∙ പേപ്പർമിൽ തടയണ പുനർനിർമിച്ചതോടെ, കല്ലടയാറ്റിൽ പട്ടണഭാഗത്ത് ജലനിരപ്പ് ഉയർന്നത് ശുദ്ധജല പദ്ധതികൾക്ക് അനുഗ്രഹമായി. പേപ്പർമിൽ തടയണയുടെ ഉയരം വർധിപ്പിച്ച ശേഷമുള്ള ആദ്യത്തെ വേനൽക്കാലമാണിത്. ഇപ്പോൾ കല്ലയാറ്റിൽ മൂന്ന് അടിയോളം ജലനിരപ്പ് ഉയർന്ന നിലയിലാണ്. ഇതോടെ വളരെ വർഷങ്ങളായി പുനലൂർ പദ്ധതിക്ക് വെള്ളം ശേഖരിക്കുന്ന ഇൻടേക്ക് വെല്ലിന്റെ (കിണർ) മുകൾഭാഗം ഈ വേനലിൽ മാത്രം പുറത്തു കാണാത്ത സ്ഥിതിയായി. 1992ലെ വെള്ളപ്പൊക്കത്തിൽ കരിങ്കൽ തടയണ ഭാഗികമായി തകർന്നിരുന്നു. ഒടുവിൽ കഴിഞ്ഞ വർഷങ്ങളിൽ മൺചാക്ക് നിരത്തി താൽക്കാലികമായി തടയണയുടെ ഉയരം വർധിപ്പിച്ചെങ്കിലും അവയൊന്നും ഫലം കണ്ടില്ല. 

ജില്ലയിലെ പ്രധാന കുടിവെള്ള പദ്ധതിയായ പുനലൂരിലെ ജപ്പാൻ കുടിവെള്ള പദ്ധതി (മീനാട് പദ്ധതി),  നഗരസഭയിൽ കുടിവെള്ള വിതരണം ചെയ്യുന്ന ജല അതോറിറ്റിയുടെ പദ്ധതി, പിറവന്തൂർ, പത്തനാപുരം പഞ്ചായത്തുകളിൽ കുടിവെള്ള വിതരണം ചെയ്യുന്ന കുരിയോട്ടുമല പദ്ധതി, കുണ്ടറ, മഞ്ഞമൺകാല പദ്ധതി എന്നിവയ്ക്കാണ് പേപ്പർമിൽ തടയണ അനുഗ്രഹമായത്. പുനലൂരിൽ സമഗ്ര ശുദ്ധജല പദ്ധതിയില്ലാത്തതുകാരണം ഉയർന്ന പ്രദേശങ്ങളിൽ രൂക്ഷമായ ശുദ്ധജല ക്ഷാമം അനുഭവപ്പെടുന്നുണ്ടെങ്കിലും പദ്ധതിയിൽ പമ്പിങ് സുഗമമാക്കാൻ ജലനിരപ്പിന്റെ ഉയർച്ച സഹായകമായി.

1888ൽ ആരംഭിച്ച പുനലൂർ പേപ്പർമില്ലിനോളം പഴക്കമുള്ളതാണ് തടയണ.  ഇവിടെ മുതൽ മുകളിലേക്ക് കിലോമീറ്ററുകൾ ദൂരത്തിൽ കല്ലടയാറ്റിലെ ജലനിരപ്പ് നിശ്ചിത അളവിൽ താഴാതെ സഹായിച്ചിരുന്നത് ഈ  തടയണയായിരുന്നു. എന്നാൽ കരിങ്കൽ പാളികൾ വെള്ളത്തിൽ ഒഴുകിപ്പോയതും കെട്ടിലുള്ള തകർച്ചയും കാരണം മതിയായ വെള്ളം ഇവിടെ കെട്ടിനിൽക്കാതായി. ചെളിമൂടി തടയണയുടെ ആഴവും ഗണ്യമായി കുറഞ്ഞു. ഇത് കാരണം മുക്കടവിന് മുകളിലോട്ടുള്ള ഭാഗങ്ങളിൽ ആറ്റിൽ നിശ്ചിത അളവിൽ വെള്ളം കെട്ടി നിൽക്കുന്നതിന് തടസ്സമായി.  

ആറ്റിലെ വെള്ളക്കുറവ് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന പുനലൂരിലെ അടക്കം കുടിവെള്ള പദ്ധതികൾക്ക് ആവശ്യമായ വെള്ളം ശേഖരിക്കാൻ മിക്കപ്പോഴും തടസ്സമായി. പുനലൂർ  ഹൈസ്കൂൾ ജംക്‌ഷനിൽ ആറ്റിലുള്ള  ജല അതോറിറ്റിയുടെ ശുദ്ധജല ശേഖരണ കിണറിന്റെ കിണർ തെളിയുന്നതോടെ  ആവശ്യത്തിനു വെള്ളം പമ്പ് ചെയ്യാൻ പറ്റാത്ത സാഹചര്യമായിരുന്നു. ഇതു കാരണം മുഴുവൻസമയ പമ്പിങ് നടന്നിരുന്നില്ല. കിണറ്റിൽ ആവശ്യത്തിനു വെള്ളം കിട്ടാത്തതിനു കാരണം വാട്ടർ അതോറിറ്റിയുടെ പമ്പ് ഹൗസിൽ നിന്ന് ആവശ്യത്തിനു വെള്ളം പമ്പ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. തകർന്നു കിടന്ന തടയണ രണ്ടു കോടിയോളം രൂപ അനുവദിച്ചാണു പുനർനിർമിക്കാൻ ജലസേചന വകുപ്പ് തയാറായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com