ADVERTISEMENT

പുനലൂർ ∙ റെയിൽവേ സ്റ്റേഷനിലേക്കുള്ള പാതകളിൽ രാത്രിയിൽ മികച്ച വെളിച്ച സംവിധാനം ഉറപ്പാക്കണമെന്ന ആവശ്യം ശക്തമായി. ദേശീയപാതയിൽ ചൗക്ക ഭാഗത്തുനിന്നും കാൽ കിലോമീറ്ററോളം സഞ്ചരിച്ചാണ് റെയിൽവേ സ്റ്റേഷനിൽ എത്തേണ്ടത്.

ഈ ഭാഗത്ത് മതിയായ വെളിച്ചം ഇല്ല. രാത്രി 12.30ന് പാലക്കാട് നിന്നും തിരുനെൽവേലിയിലേക്ക് പോകുന്ന പാലരുവി എക്സ്പ്രസ് പുനലൂർ റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോഴും ഏതാനും മണിക്കൂറുകൾ കഴിയുമ്പോൾ തിരുനെൽവേലിയിൽ നിന്നും പാലക്കാട്ടേക്കുള്ള ട്രെയിനും എത്തും.

അർധരാത്രിയിൽ റെയിൽവേ സ്റ്റേഷനിലേക്ക് വരികയും പോവുകയും ചെയ്യുന്ന യാത്രക്കാർക്ക് ഈ റോഡിലെ വെളിച്ചക്കുറവ് ഭീഷണിയാണ്. ഇരുവശവും വളരെ വിജനമാണ്. റെയിൽവേ സ്റ്റേഷൻ യാർഡിന്റെ വശവും കാട് മൂടികിടക്കുകയാണ്.

അമൃത് ഭാരത്  പദ്ധതി പ്രകാരം ചൗക്കയ്ക്ക് സമീപം കവാടവും റോഡ് നിർമാണവും നടത്തുന്നതിനുള്ള പ്രാരംഭ ജോലികൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ അത് പൂർത്തീകരിക്കുന്നതിന് മാസങ്ങൾ വേണ്ടിവരും. ഇഴജന്തുക്കളുടെ ശല്യമുള്ള സ്ഥലവുമാണ് ഇവിടം. മൂന്നാഴ്ച കൂടി കഴിയുമ്പോൾ കാലവർഷം എത്തുമെന്നിരിക്കെ മഴ സമയത്തും ഇതുവഴി തകർന്നു കിടക്കുന്ന റോഡിലൂടെ മതിയായ വെളിച്ചമില്ലാതെ യാത്ര ചെയ്യുന്നത് സുരക്ഷാ ഭീഷണിയാണ്.

ചെമ്മന്തൂരിൽ നിന്നും ചെമ്മന്തൂർ കോളജ് ജംക്‌ഷനിൽ നിന്നും റെയിൽവേ സ്റ്റേഷനിലേക്ക് എത്തുന്ന മറ്റ് രണ്ട് റോഡുകളിലും വെളിച്ചക്കുറവാണ്. റെയിൽവേ സ്റ്റേഷനിലേക്ക് എത്തുന്ന എല്ലാ റോഡുകളിലും മതിയായ വെളിച്ചം ഉറപ്പാക്കി  യാത്രക്കാർക്ക് സുരക്ഷ ഒരുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com