ADVERTISEMENT

പൊൻകുന്നം ∙ വ്യാഴാഴ്ച രാത്രി പെയ്ത കനത്ത മഴയിലും കാറ്റിലും ചിറക്കടവ്, തെക്കേത്തുകവല, ചെന്നാക്കുന്ന്, പ്ലാവോലിക്കവല മേഖലകളിൽ കനത്ത നാശനഷ്ടം. കാറ്റിൽ വൻമരങ്ങൾ കടപുഴകി വീണാണു നാശനഷ്ടം സംഭവിച്ചത്.  പത്തോളം വീടുകൾ ഭാഗികമായി തകർന്നു. മുപ്പതോളം വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞ് വൈദ്യുതിബന്ധം താറുമാറായി. മരങ്ങൾ റോഡിലേക്ക് ഒടിഞ്ഞുവീണും വൈദ്യുതക്കമ്പികൾ പൊട്ടിവീണും ഗതാഗതം തടസ്സപ്പെട്ടു. തെക്കേത്തുകവല, പുളിമൂട്, കൊട്ടാടിക്കുന്ന്, പൊന്നയ്ക്കൽകുന്ന്, തള്ളക്കയം, മുങ്ങത്ര മേഖലകളിലാണു കാറ്റ് നാശം വിതച്ചത്.

ഇതിൽ തെക്കേത്തുകവല, പുളിമൂട് ഭാഗത്താണു കാറ്റ് ഏറെ നാശനഷ്ടം ഉണ്ടാക്കിയത്. ഇവിടെ മാത്രം 9 വീടുകളും  ഇരുപതോളം വൈദ്യുത പോസ്റ്റുകളും തകർന്നു. മരങ്ങൾ റോഡിലേക്ക് ഒടിഞ്ഞുവീണതു മൂലം ഗതാഗതം തടസ്സപ്പെട്ട് പ്രദേശം ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. ചുക്കനാനിയിൽ അജിത്കുമാർ, മംഗലത്ത് വിജയമ്മ, മംഗലത്ത് അജി, പടിഞ്ഞാറയിൽ വിനോദ്, ചുക്കനാനിയിൽ അനിൽകുമാർ, ചുക്കനാനിയിൽ രാധാകൃഷ്ണൻ, ചാഞ്ഞപ്ലാക്കൽ അജിത്കുമാർ, കുമ്പളാനിക്കൽ ഷാജി, പുല്ലുപാലത്ത് തങ്കമ്മ, മലയ്ക്കൽ ശ്രീനിവാസൻ, അമ്പാട്ടുകുന്നേൽ വനജകുമാരി എന്നിവരുടെ വീടുകൾക്കു മുകളിലേക്കു മരം വീണു ഭാഗികമായി തകർന്നു.

ചുക്കനാലിൽ അജിത്കുമാർ, വട്ടുകളത്തിൽ അനീഷ്കുമാർ എന്നിവരുടെ വീട്ടുമുറ്റത്തു കിടന്നിരുന്ന വാഹനങ്ങൾക്കു കേടുപാടു സംഭവിച്ചു. വ്യാപകമായ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. പഞ്ചായത്ത്, വില്ലേജ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. ഏകദേശം 5 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായാണു പ്രാഥമിക കണക്കുകളെന്നു വില്ലേജ് അധികൃതർ അറിയിച്ചു.

 ആനക്കല്ല് ഞള്ളിമാക്കൽ തങ്കച്ചന്റെ വീടിന്റെ രണ്ടാംനിലയുടെ 
മേൽക്കൂര മേഞ്ഞിരുന്ന ടിൻ ഷീറ്റ് കാറ്റിൽ പറന്നുപോയി ആനക്കല്ല് - വണ്ടൻപാറ റോഡിൽ വീണ നിലയിൽ.
ആനക്കല്ല് ഞള്ളിമാക്കൽ തങ്കച്ചന്റെ വീടിന്റെ രണ്ടാംനിലയുടെ മേൽക്കൂര മേഞ്ഞിരുന്ന ടിൻ ഷീറ്റ് കാറ്റിൽ പറന്നുപോയി ആനക്കല്ല് - വണ്ടൻപാറ റോഡിൽ വീണ നിലയിൽ.

മേൽക്കൂരയിലെ ഷീറ്റ് പറന്നുപോയി
കാഞ്ഞിരപ്പള്ളി ∙ ആനക്കല്ല് ഞള്ളിമാക്കൽ തങ്കച്ചന്റെ വീടിന്റെ രണ്ടാംനിലയുടെ മേൽക്കൂര മേഞ്ഞിരുന്ന ടിൻഷീറ്റ് കാറ്റിൽ പറന്നുപോയി ആനക്കല്ല്- വണ്ടൻപാറ റോഡിൽ വീണു. വൈദ്യുതക്കമ്പികൾക്ക് ഇടയിലൂടെയാണു മേൽക്കൂര റോഡിലേക്കു വീണത്.ആനക്കല്ല്,  പൊന്മല മേഖലയിലും കാറ്റിൽ മരം പ്ലാവ്, തേക്ക് തുടങ്ങിയ മരങ്ങൾ ഒടിഞ്ഞുവീണു. മരം വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com