ADVERTISEMENT

ഫറോക്ക് ∙ കിഫ്ബി ഫണ്ടിൽ നിന്നു 14.36 കോടി രൂപ ചെലവിട്ട് ഫറോക്ക് ഗവ.താലൂക്ക് ആശുപത്രിയിൽ നിർമിക്കുന്ന പുതിയ കെട്ടിട സമുച്ചയം ഒരുങ്ങി. പൂർത്തീകരണ പ്രവൃത്തികൾ പുരോഗമിക്കുന്ന കെട്ടിടം അടുത്ത മാസം അവസാനത്തോടെ ഉദ്ഘാടന സജ്ജമാകും. അത്യാധുനിക സൗകര്യങ്ങളോടെ 103 കിടക്കകളുള്ള ആശുപത്രി സമുച്ചയമാണ് നിർമിച്ചിരിക്കുന്നത്.

നേരത്തേയുണ്ടായിരുന്ന ക്വാർട്ടേഴ്സ് കെട്ടിടം പൊളിച്ചു നീക്കി 4337 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള 4 നിലക്കെട്ടിടവും അനുബന്ധ സൗകര്യങ്ങളുമാണ് ഒരുക്കിയത്. 38 കാറുകൾ, 150 ബൈക്കുകൾ എന്നിവയ്ക്കു പാർക്കിങ് സൗകര്യവുമുണ്ട്. പൊതുമേഖലാ സ്ഥാപനമായ വാപ്കോസിന്റെ നേതൃത്വത്തിലാണ് കെട്ടിട നിർമാണം പൂർത്തിയാകുന്നത്.

ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിക്കുന്നതോടെ ജനങ്ങൾക്ക് ആരോഗ്യ സേവനം കൂടുതൽ ഫലപ്രദമാകും. എല്ലാ വിഭാഗം വിദഗ്ധ ഡോക്ടർമാരുടെ സേവനവും ലഭ്യമാകും എന്നതു പാവപ്പെട്ട രോഗികൾക്ക് ഗുണകരമാണ്. ആർദ്രം പദ്ധതി വിഭാവനം ചെയ്യുന്ന സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പാക്കാനാകും.

ഗൈനക് വിഭാഗത്തിന് പുതിയ കെട്ടിടം
പുതിയ ആശുപത്രി സമുച്ചയം ഒരുങ്ങുന്നതിനൊപ്പം നഗരസഭ പദ്ധതിയിൽ 82 ലക്ഷം രൂപ ചെലവിട്ടുള്ള നിർമിച്ച ഗൈനക്കോളജി കെട്ടിടവും ഉടൻ തുറക്കും. നിർമാണ പ്രവൃത്തി അന്തിമഘട്ടത്തിൽ എത്തിയ കെട്ടിടം തുറക്കുന്നതോടെ ആശുപത്രിയിൽ പ്രസവ ചികിത്സ ആരംഭിക്കാനാകും. ഗൈനക് ഒപി, ലേബർ റൂം, വാർഡ്, ഓപ്പറേഷൻ തിയറ്റർ എന്നിവ പുതിയ കെട്ടിടത്തിലാകും പ്രവർത്തിക്കും. 

ഒപി ബ്ലോക്ക്  അഡ്മിനിസ്ട്രേഷൻ ബ്ലോക്കാകും
ആശുപത്രിയിൽ എംഎൽഎ ഫണ്ടിൽ ഒരു കോടി രൂപ ചെലവിട്ട് നിർമിച്ച ഒപി ബ്ലോക്ക് ഇനി അഡ്മിനിസ്ട്രേഷൻ ബ്ലോക്ക് ആകും. 6000 ചതുരശ്ര അടിയിൽ 2 നിലകളിലുള്ള കെട്ടിടത്തിന്റെ താഴെ നിലയിലാണ് നിലവിൽ ഒപി പ്രവർത്തിക്കുന്നത്. കമ്യൂണിറ്റി ഹെൽത്ത് സെന്ററായിരുന്ന ഫറോക്ക് ആശുപത്രിയെ 2010 ഓഗസ്റ്റിലാണ് താലൂക്ക് ആശുപത്രിയായി പദവി ഉയർത്തിയത്. 

നേരത്തെ ബ്ലോക്ക് പഞ്ചായത്തിനു കീഴിലായിരുന്നു താലൂക്ക് ആശുപത്രി ഇപ്പോൾ നഗരസഭയുടെ കീഴിലാണ്. ഫറോക്ക്, രാമനാട്ടുകര നഗരസഭകൾ, കോർപറേഷൻ ചെറുവണ്ണൂർ, ബേപ്പൂർ മേഖല, കടലുണ്ടി, ചേലേമ്പ്ര, ചെറുകാവ്, വാഴയൂർ, വള്ളിക്കുന്ന് പഞ്ചായത്തുകളിൽ നിന്നുൾപ്പെടെ ദിവസം എണ്ണൂറോളം രോഗികൾ ചികിത്സ തേടിയെത്തുന്നുണ്ട്.

ആധുനിക സൗകര്യങ്ങൾക്കൊപ്പം വൃത്തിയും സൗന്ദര്യവും
ഒപി വിഭാഗം, എമർജൻസി, മൈനർ ഓപ്പറേഷൻ തിയറ്റർ, ട്രോമാകെയർ യൂണിറ്റ്, എക്സ്റേ, സ്കാനിങ്, ഫാർമസി എന്നിവ പുതിയ കെട്ടിടത്തിന്റെ താഴെ നിലയിൽ പ്രവർത്തിക്കും. ആധുനിക ലബോറട്ടറി, സ്റ്റാഫ് മുറി, കഫെറ്റീരിയ, അൾട്രാ സൗണ്ട് സ്കാനിങ് എന്നിവ ഒന്നാം നിലയിലും 40 കിടക്കകളുള്ള പുരുഷൻമാരുടെ പ്രധാന വാർഡ് 2ാം നിലയിലും 39 കിടക്കകളുള്ള വനിത വാർഡ് 3ാം നിലയിലുമാണ് ക്രമീകരിക്കുന്നത്. 

പൂർണമായും ഹരിത ചട്ടം പാലിച്ചു ഭിന്നശേഷി സൗഹൃദമായി നിർമിച്ച ആശുപത്രി ലാൻഡ് സ്കേപ്പിങ് നടത്തി മോടി പിടിപ്പിക്കും. മാലിന്യ സംസ്കരണത്തിനു വിപുലമായ സൗകര്യങ്ങൾ ഒരുക്കിയ ആശുപത്രിയിൽ മലിനജല ശുദ്ധീകരണ സംവിധാനവും സ്ഥാപിക്കുന്നുണ്ട്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com