ADVERTISEMENT

പെരിന്തൽമണ്ണ∙ അതിഥിത്തൊഴിലാളിയായ യുവാവിനെ താമസ സ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബംഗാൾ പർഗാനാസ് ഹരിപ്പുർ സൗത്ത് 24 ലെ ഗണേഷ് മാജിയുടെ മകൻ ദിപംകർ മാജി (38) ആണ് മരിച്ചത്. പെരിന്തൽമണ്ണ ഗാന്ധിനഗറിലെ മണലിക്കുഴിത്തോട്ടത്തിലെ വാടക ക്വാർട്ടേഴ്‌സിലാണ് സംഭവം. മൃതദേഹം കണ്ടെത്തിയ മുറിയുടെ വാതിൽ പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു.

ദിപംകർ മാജി
ദിപംകർ മാജി

ഒരു വർഷത്തോളമായി ദിപംകർ മാജി ഇവിടെ താമസിക്കുന്നുണ്ട്. ഇയാൾ ഹൃദ്രോഗിയായിരുന്നുവെന്ന് പറയുന്നു. ഈ ക്വാർട്ടേഴ്‌സിലെ മറ്റു മുറികളിലെല്ലാം അതിഥിത്തൊഴിലാളികൾ താമസക്കാരായുണ്ട്. ഇന്നലെ രാവിലെ പൂട്ടിക്കിടന്ന മുറിയിൽ നിന്ന് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് തൊട്ടടുത്ത മുറിയിലെ താമസക്കാർ ക്വാർട്ടേഴ്‌സ് ഉടമയെ വിവരമറിയിക്കുകയായിരുന്നു. ജനലിന്റെ മറ നീക്കിയപ്പോഴാണ് മരിച്ചു കിടക്കുന്നയാളെ കണ്ടെത്തിയത്.

പൊലീസ് എത്തിയ ശേഷം പൂട്ടു പൊളിച്ച് അകത്തു കടക്കുകയായിരുന്നു. മൃതദേഹം അഴുകിയ നിലയിലാണ്. മൃതദേഹം കണ്ടെത്തിയ മുറി ഉൾപ്പെടെ ഈ വീട്ടിലെ വിവിധ മുറികളിലായി ഇരുപതോളം അതിഥിത്തൊഴിലാളികൾ താമസിക്കുന്നുണ്ട്. മുറി പുറത്തു നിന്ന് പൂട്ടിക്കിടന്നതിനാൽ ഇവരാരും കൂടുതൽ ശ്രദ്ധിച്ചില്ലെന്നാണ് പറയുന്നത്. പ്രാഥമിക പരിശോധനയിൽ മൃതദേഹത്തിൽ കാര്യമായ പരുക്കുകളൊന്നും കണ്ടെത്തിയിട്ടില്ല. വൈകിട്ടോടെ മൃതദേഹം പോസ്‌റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

മലപ്പുറത്തു നിന്നുള്ള വിരലടയാള വിദഗ്ധ എൻ.വി.റുബീന, തിരൂരിലെ സയന്റിഫിക് ഓഫിസർ എ.ഇസ്‌ഹാഖ് എന്നിവരും സ്ഥലത്തെത്തി പരിശോധന നടത്തി. മലപ്പുറത്തു നിന്നുള്ള ഡോഗ് സ്‌ക്വാഡും എത്തിയിരുന്നു. മലപ്പുറം ട്രോമാകെയർ പെരിന്തൽമണ്ണ സ്‌റ്റേഷൻ യൂണിറ്റ് പ്രവർത്തകരുടെ നേതൃത്വത്തിൽ മൃതദേഹം മുറിയിൽ നിന്ന് പുറത്തെടുത്ത് ഇൻക്വസ്‌റ്റ് നടത്തി. പെരിന്തൽമണ്ണ സ്‌റ്റേഷൻ ഹൗസ് ഓഫിസറുടെ ചുമതലയുള്ള എഎസ്പി പി.ബി.കിരൺ, പൊലീസ് ഇൻസ്‌പെക്‌ടർ എൻ.എസ്.രാജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com