ADVERTISEMENT

മലപ്പുറം ∙ ഡ്രൈവിങ് പരിഷ്കരണത്തിനെതിരെ സംസ്ഥാന വ്യാപകമായി ഡ്രൈവിങ് സ്കൂളുകൾ നടത്തിയ ബഹിഷ്കരണത്തെത്തുടർന്ന് ജില്ലയിലെ 7 കേന്ദ്രങ്ങളിലും ഡ്രൈവിങ് ടെസ്റ്റ് നടന്നില്ല. അതേസമയം സമരത്തിനെതിരെ മന്ത്രി കെ.ബി.ഗണേഷ്കുമാർ ന‍ടത്തിയ ‘മലപ്പുറം മാഫിയ’ പ്രയോഗത്തിനെതിരെ വ്യാപക പ്രതിഷേധം. സിഐടിയു വിഭാഗം സംഘടനയ്ക്കു പുറമേ മുസ്‌ലിം ലീഗും ഗണേഷിനെതിരെ രംഗത്തെത്തി. അനിശ്ചിതകാല സമരമായതിനാൽ ഇന്നും പ്രതിഷേധം തുടരും. 

ഇന്നലെ രാവിലെ 7നും 7.30നും ഇടയിലാണ് ജില്ലയിലെ 7 ആർടി ഓഫിസുകളുടെ നേതൃത്വത്തിൽ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന കേന്ദ്രങ്ങളിലെല്ലാം വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധമുണ്ടായത്. സിഐടിയു, ഐൻഎൻടിയുസി (2 വിഭാഗങ്ങൾ), ബിഎംഎസ് എന്നിവയുടെ കീഴിലുള്ള തൊഴിലാളി സംഘടനകളും ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനയും പ്രതിഷേധവുമായി രാവിലെ തന്നെ ടെസ്റ്റിങ് കേന്ദ്രങ്ങളിൽ ഇടംപിടിച്ചു. മലപ്പുറം വാറങ്കോട്ടെ ടെസ്റ്റിങ് കേന്ദ്രത്തിലേക്കുള്ള പ്രവേശന കവാടം അടഞ്ഞുകിടന്നു. ഇവിടെ ടെസ്റ്റിങ് കേന്ദ്രത്തിൽ തൊഴിലാളി സംഘടന കൊടിയും കുത്തി. 

ഇതിനുപിറകേയാണ് മന്ത്രിയുടെ പരാമർശമുണ്ടായതും മുസ്‌ലിം ലീഗ് അടക്കം പ്രതിഷേധിച്ചതും.ഓരോ കേന്ദ്രങ്ങളിലും 30 വീതം പേർ എന്ന രീതിയിൽ 210 പേർക്കാണ് ഇന്നലെ പരിശോധനയ്ക്ക് തീയതി നൽകിയിരുന്നത്. എന്നാൽ പ്രതിഷേധം കാരണം ആരും ടെസ്റ്റിനെത്തിയില്ലെന്ന് ഡ്രൈവിങ് സ്കൂളുകാർ പറഞ്ഞു. പരിശോധനയ്ക്കെത്തിയ എംവിഐമാരും എഎംവിഐമാരും പരിശോധനാ കേന്ദ്രങ്ങളിൽ അൽപനേരം കാത്തുനിന്ന ശേഷം മടങ്ങിപ്പോയി. ഡ്രൈവിങ് സ്കൂൾ തൊഴിലാളികളും ഉടമകളും ധർണയും നടത്തിയ ശേഷമാണ് പിരിഞ്ഞുപോയത്. 

ഇന്നും ഡ്രൈവിങ് പരിശോധനാ ബഹിഷ്കരണം തുടരുമെന്ന് ഡ്രൈവിങ് സ്കൂളുകാർ പറഞ്ഞു.അതേസമയം ഇന്നലെ പരിശോധനയ്ക്കെത്തേണ്ടിയിരുന്നവർക്ക് ഇനി അടുത്ത തീയതി എന്നു നൽകുമെന്ന കാര്യത്തിൽ അനിശ്ചിതത്വമുണ്ട്. ഇവർക്ക് പ്രത്യേക ആനുകൂല്യമൊന്നും നൽകില്ലെന്നാണ് ആർടിഒ അധികൃതർ പറയുന്നത്. ദിവസം 120 ടെസ്റ്റുകൾ വരെ നടത്തിയിരുന്ന കേന്ദ്രങ്ങളിൽ 30 പേർക്കു വീതം മതിയെന്ന് ആർടിഒ നിശ്ചയിച്ചതിനാൽ പരിശോധന മുടങ്ങിയവർക്ക് ഇനി എന്നാകും അടുത്ത തീയതി ലഭിക്കുകയെന്ന ആശങ്കയുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com