ADVERTISEMENT

മലപ്പുറം∙ ‘പ്രായം ചിലർക്ക് ഒരു അക്കം മാത്രം’ എന്ന അടിക്കുറിപ്പോടെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഒരു വിഡിയോ കാണാം. ഗോൾ പോസ്റ്റിന് ഏകദേശം 40 മീറ്റർ അകലെനിന്ന് ഒരാൾ കിക്കെടുക്കുന്നു. പ്രായം 57 വയസ്സെന്ന് അയാൾതന്നെ പറയുന്നതു കേൾക്കാം. വലതു കാലിൽനിന്നു പറന്ന കരിയിലക്കിക്ക് ഗോൾ പോസ്റ്റിന്റെ മൂലയിലേക്കു പറന്നിറങ്ങുന്നു.

രണ്ടു ലക്ഷത്തിലേറെ പേർ കണ്ട വിഡിയോയിലെ താരം നിലമ്പൂരിനടുത്ത എരഞ്ഞിമങ്ങാടുണ്ട്. പാറയ്ക്കൽ അബ്ദുറഷീദെന്ന നാട്ടുകാരുടെ സ്വന്തം പാപ്പി കാക്ക. ചെറുപ്പത്തിൽ നല്ല കളിക്കാരനായിരുന്നു റഷീദ്. സ്കൂൾ ടീമിലും നാട്ടിലെ പ്രാദേശിക ക്ലബ്ബുകളിലുമെല്ലാം കളിച്ചു. പെയിന്റിങ് തൊഴിലാളിയായും പപ്പടക്കച്ചവടമായും ജീവിതത്തിന്റെ മൈതാനങ്ങൾ മാറിയപ്പോഴും പന്തു കളിയോടുള്ള ഇഷ്ടം മനസ്സിൽ കൊണ്ടുനടന്നു. അവസരം കിട്ടിയാൽ ഇപ്പോഴും പന്തു തട്ടും.

വീടിനു സമീപത്തെ എരഞ്ഞിമങ്ങാട് യുപി സ്കൂൾ മൈതാനത്ത് ദിവസങ്ങൾക്കു മുൻപ് പന്തു തട്ടാനിറങ്ങിയതാണ് ഇപ്പോൾ നാട്ടിൽ വൈറലായത്. ഗ്രൗണ്ടിൽ കളിക്കുകയായിരുന്ന പുതുതലമുറയിലെ കളിക്കാരോട് ചെറിയൊരു പന്തയം. മൈതാനത്തിന്റെ എവിടെനിന്നും കിക്കെടുത്ത് ഗോൾ സ്കോർ ചെയ്യും. അങ്ങനെയാണ്, 40 മീറ്റർ അകലെനിന്ന് ആ കരിയിലക്കിക്ക് പിറന്നത്. നാട്ടുകാരിലൊരാൾ അതിന്റെ വിഡിയോ ചിത്രീകരിച്ച് ഇൻസ്റ്റഗ്രാമിലിട്ടു. അതാണ് ഐഎസ്എൽ ഔദ്യോഗിക അക്കൗണ്ടിൽ പങ്കുവച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com