ADVERTISEMENT

എ‌ടക്കര ∙ ഊട്ടി സന്ദർശനത്തിന് ഏർപ്പെടുത്തിയ ഇ-പാസ് പരിശോധനയെത്തുടർന്ന് നാടുകാണി ചെക്പോസ്റ്റിൽ ഗതാഗത തടസ്സം. ഊട്ടി സന്ദർശിക്കാനെത്തുന്നവർക്ക് ഇന്നലെ മുതലാണ്  ഇ-പാസ് നിർബന്ധമാക്കിയത്. റവന്യു, വില്ലേജ്, പൊലീസ് ഉദ്യോഗസ്ഥരടങ്ങുന്ന സംഘം രാവിലെ 7 മുതൽ തന്നെ നാടുകാണി-നിലമ്പൂർ റോഡിൽ നാടുകാണി ടോൾ ചെക്‌പോസ്റ്റിനു സമീപം പരിശോധന തുടങ്ങി. എന്നാൽ, ഒട്ടുമിക്ക വാഹനങ്ങളും ഇ–പാസില്ലാതെയാണ് എത്തിയിരുന്നത്. ഇ-പാസെടുത്താലേ കടത്തിവിടുകയുള്ളൂവെന്ന നിലപാടാണ് ഉദ്യോഗസ്ഥരെടുത്തത്. ഇതോടെ വാഹനങ്ങളുടെ നിര  രണ്ടും മൂന്നും കിലോമീറ്ററുകൾ നീണ്ടു. ഇ-പാസെടുത്തെന്ന് പരിശോധിച്ച് ഉറപ്പാക്കിയാണ് ഓരോ വാഹനവും കടത്തിവിട്ടത്. ഉച്ചയ്ക്ക് 12 വരെ തിരക്കായിരുന്നു. പിന്നീട് വൈകിട്ട് 5ന് ശേഷവും തിരക്കായി.

ഇ-പാസ് ഊട്ടി സന്ദർശിക്കുന്നവർക്ക് മാത്രം മതിയെന്ന കണക്കുകൂട്ടലിലാണ് പലരും എത്തിയത്. എന്നാൽ, നീലഗിരിയിലേക്ക് പ്രവേശിക്കുന്ന എല്ലാ വാഹനങ്ങൾക്കും ഇ-പാസ് വേണമെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. നീലഗിരി റജിസ്ട്രേഷനുള്ള വാഹനങ്ങൾക്കു  മാത്രം ഇത് ബാധകമല്ല. ഇന്നലെ രാവിലെ എത്തിയ വാഹനങ്ങളിൽ വളരെ ചുരുക്കം വാഹനങ്ങളാണ് ഊട്ടിയിലേക്കുണ്ടായിരുന്നത്. നാടുകാണിയിൽനിന്നു ദേവാല-പന്തല്ലൂർ-ചേരമ്പാടി വഴി വയനാട്ടിലേക്കും അതുപോലെ ഗൂഡല്ലൂർ - മുതുമല - ബന്ദിപ്പൂർ വഴി കർണാടകയിലേക്കും പോകുന്ന വാഹനങ്ങളാണ് കൂടുതലും. 

നാടുകാണിച്ചുരം കയറിയെത്തുന്ന മുഴുവൻ വാഹനങ്ങളും പരിശോധിക്കാൻ തടഞ്ഞുനിർത്തുന്നതിനാൽ ഏതു സമയവും ഗതാഗത തടസ്സത്തിനും ഇടയാക്കും. ഊ‌ട്ടി പുഷ്പമേള കൂടി ആരംഭിച്ചാൽ നാടുകാണി കടക്കാൻ മണിക്കൂറുകൾ കാത്തുകിടക്കേണ്ടി വരും.

അപേക്ഷിക്കുന്നവർക്കെല്ലാം ഇ–പാസ്;തിരക്കില്ലാതെ ഉൗട്ടി
അപേക്ഷിച്ചവർക്കെല്ലാം ഇ–പാസ് അനുവദിച്ചിട്ടും തിരക്കില്ലാതെ ഊട്ടി. വിനോദ സഞ്ചാരികളുടെ വാഹനങ്ങൾ ചെക്പോസ്റ്റുകളിൽ പരിശോധിച്ച ശേഷമാണു നീലഗിരി ജില്ലയിലേക്കു പ്രവേശിപ്പിക്കുന്നത്.മേട്ടുപ്പാളയം–കൂനൂർ റോഡിലെ കല്ലാർ, മസിനഗുഡി, തൊരപ്പള്ളി, നാടുകാണി, പാട്ടവയൽ, താളൂർ, നമ്പ്യാർകുന്ന്, ചോലാടി ഉൾപ്പെടെ പന്ത്രണ്ടോളം സ്ഥലങ്ങളിലാണു പരിശോധന നടത്തുന്നത്. ഇ–പാസ് ഇല്ലാതെ വരുന്നവർക്ക് അത് എടുക്കാനും പരിശോധകർ സഹായിക്കുന്നുണ്ട്.

നീലഗിരിയിലേക്ക് ഇന്നലെ ഇ–പാസെടുത്ത് 3951 വാഹനങ്ങളിലായി 18259 വിനോദസഞ്ചാരികളാണെത്തിയത്. 44039 വാഹനങ്ങളാണ് ഇതുവരെ ഇ–പാസ് എടുത്തിട്ടുള്ളത്. 242589 സന്ദർശകരാണ് ഈ വാഹനങ്ങളിൽ വരുംദിവസങ്ങളിൽ എത്തുക.ഊട്ടി സസ്യോദ്യാനത്തിൽ ഇന്നലെ 11,635 സന്ദർശകർ മാത്രമാണ് എത്തിയത്. സാധാരണ ദിവസങ്ങളിലെക്കാൾ ഏകദേശം 10,000 പേരുടെ കുറവുണ്ടായി.

എപ്പോഴും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ഊട്ടി ചാരിങ് ക്രോസിൽ ഇന്നലെ വാഹനങ്ങളുടെ തിരക്കില്ലായിരുന്നു. കോത്തഗിരി, കൂനൂർ, ഗൂഡല്ലൂർ റോഡുകളിൽ 5 കിലോമീറ്റർ വരെയാണു കഴിഞ്ഞ ദിവസങ്ങളിൽ വാഹനങ്ങളുടെ നിരയുണ്ടായത്.ലളിതമായി ഇ–പാസുകൾ ലഭിക്കുന്നതിനാൽ വരും ദിവസങ്ങളിൽ തിരക്കേറുമെന്നാണു പ്രതീക്ഷ. ഊട്ടിയിലെ പുഷ്പമേള, റോസ് ഷോ തുടങ്ങിയവ 10ന് തുടങ്ങും.

ഇ–പാസ് എടുക്കുന്നത് ഇങ്ങനെ
തമിഴ്നാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പ്രവേശനത്തിന് ഇന്നലെ മുതൽ ഇ–പാസ് നിർബന്ധമാക്കി. ജൂൺ 30വരെ ഇതു തുടരും. ഇ–പാസ് എടുക്കേണ്ടത് എങ്ങനെയെന്ന് അറിയാം.

∙epass.tnega.org എന്ന വെബ്സൈറ്റിൽനിന്നാണ് പാസ് എടുക്കേണ്ടത്
∙വെബ്സൈറ്റ് തുറന്നാൽ ഇന്ത്യയിൽനിന്ന്, വിദേശത്തുനിന്ന് തുടങ്ങി 2 ഓപ്ഷനുകൾ കാണും
∙ഇന്ത്യയിൽനിന്നെന്നു ക്ലിക്ക് ചെയ്യുമ്പോൾ ഫോൺ നമ്പർ നൽകാനുള്ള ഓപ്ഷൻ വരും.
∙ഫോൺ നമ്പറിലേക്കു വരുന്ന ഒടിപി വഴി ലോഗിൻ ചെയ്യാം.
∙പേര്, സന്ദർശനത്തിന്റെ ലക്ഷ്യം, വാഹന നമ്പർ, യാത്രക്കാരുടെ എണ്ണം, വിനോദ സഞ്ചാര കേന്ദ്രത്തിൽ പ്രവേശിക്കുന്ന തീയതി, അവിടെ നിന്ന് പോകുന്ന തീയതി, മേൽവിലാസം തുടങ്ങിയ വിവരങ്ങളാണ് നൽകേണ്ടത്
∙വിവരങ്ങൾ അപ്‌ലോഡ് ചെയ്താൽ മൊബൈൽ ഫോണിലേക്ക് ക്യുആർ കോഡ് വരും. എൻട്രി പോയിന്റിൽ പരിശോധിക്കുമ്പോൾ ഈ ക്യുആർ കോഡ് കാണിച്ചാൽ മതി
∙ഒരു വാഹനത്തിന് ഒരു ഇ–പാസ് മതി. വാഹനത്തിലെ ഓരോ യാത്രക്കാരനും പാസ് ആവശ്യമില്ല.
∙സമ്പൂർണ വിവരങ്ങൾ നൽകി അപേക്ഷിക്കുന്നവർക്കെല്ലാം ഇ–പാസ് നൽകും. സന്ദർശകരുടെ എണ്ണം നിയന്ത്രിക്കുന്നില്ല.
∙ഒരു വാഹനത്തിന് എത്ര തവണ വേണമെങ്കിലും പാസ് എടുക്കാം. ഒരു പാസിൽ ഒന്നിൽ കൂടുതൽ യാത്രകൾ അനുവദിക്കില്ല
∙സർക്കാർ ബസിൽ യാത്ര ചെയ്യുന്നവർക്ക് പാസ് ആവശ്യമില്ല.

ഊട്ടിയിലെ തിരക്ക് ഒഴിവാക്കാൻ സ്വീകരിച്ച നടപടി നാടുകാണി ഉൾപ്പെടെ നീലഗിരിയിലെ അതിർത്തി പ്രദേശങ്ങളിലെല്ലാം ഗതാഗത തടസ്സത്തിന് ഇടയാക്കിയിരിക്കുകയാണ്. നാടുകാണി വഴി ഊട്ടിയിലേക്ക് വരുന്ന വാഹനങ്ങൾ ഗൂഡല്ലൂർ - ഊട്ടി റോഡിൽ മേലെ ഗൂഡല്ലൂരോ നടുവട്ടത്തോ പരിശോധിക്കുകയാണെങ്കിൽ നാടുകാണിയിൽ നേരിടുന്ന ഗതാഗത തടസ്സം ഒഴിവാക്കാനാകും. ഇ–പാസ് പരിശോധനയെ തുടർന്ന് നാടുകാണിയിലുണ്ടാകുന്ന ഗതാഗത തടസ്സം ഇവിടത്തെ വ്യാപാരികൾക്ക് തിരിച്ചടിയാകും.

ചരക്കു വാഹനങ്ങൾക്കും ഇ–പാസ് ഏർപ്പെടുത്തിയത് പ്രതിഷേധാർഹമാണ്.‌  അയൽ സംസ്ഥാനങ്ങളിലേക്ക്  ചരക്കെടുക്കാൻ കേരളത്തിൽനിന്നു നിത്യേന ഒട്ടേറെ ലോറികളാണ് നാടുകാണിച്ചുരം വഴി പോകുന്നത്. ഇ–പാസ് പരിശോധനയു‌ടെ പേരിൽ ചരക്കുവാഹനങ്ങൾ ചെക്പോസ്റ്റിൽ മണിക്കൂറുകൾ കാത്തുകിടക്കേണ്ട സ്ഥിതിയാണ്. ഇതുമൂലം  ചുരത്തിലും ഗതാഗത ത‌‌ടസ്സത്തിനിടയാകും. കോവിഡ് കാലത്തു പോലും, ചരക്കെടുക്കാൻ പോകുന്ന വാഹനങ്ങൾക്ക് ഇ–പാസ് നിർബന്ധമാക്കിയിരുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com