ADVERTISEMENT

നിലമ്പൂർ ∙ രാജ്യറാണി എക്സ്പ്രസിൽ വാതിൽപടിയിൽ ഇരുന്ന് യാത്ര ചെയ്യുമ്പോൾ കാലുകൾ പ്ലാറ്റ്ഫോമിൽ ഇടിച്ച് 2 വിദ്യാർഥികൾക്ക് ഗുരുതര പരുക്ക്. അകമ്പാടം ചാലിയാറിലെ പ്ലസ് ടു, എസ്എസ്എൽസി വിദ്യാർഥികൾക്കാണു പരുക്കേറ്റത്. കംപാർട്ട്മെന്റിൽ ഉണ്ടായിരുന്ന വടപുറം സ്വദേശി ബംഗ്ലാവ് പറമ്പിൽ നജ്മുദ്ദീൻ ബാബു ഇരുവരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവനന്തപുരത്തേക്ക്  ഉല്ലാസയാത്ര പോകുമ്പോൾ വൈക്കത്തിനു സമീപത്തുവച്ച് ഇന്നലെ പുലർച്ചെ ഒന്നിനാണ് അപകടം. ജനറൽ കംപാർട്ട്മെന്റിൽ സീറ്റ് കിട്ടാത്തതിനാൽ ഇരുവരും വാതിലിനു സമീപം പുറത്തേക്ക് കാലുകളിട്ട് ഇരിക്കുകയായിരുന്നു. നിലവിളിയും യാത്രക്കാരുടെ ബഹളവും കേട്ട് നജ്മുദ്ദീൻ ചെന്ന് നോക്കിയപ്പോൾ ഇരുവരും കംപാർട്ട്മെന്റിൽ നിലത്ത് വീണുകിടക്കുന്നതാണു കണ്ടത്. പാദങ്ങളിൽനിന്ന് രക്തം വാർന്നൊഴുകുന്നുണ്ടായിരുന്നു. നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ ഇരുവരെയും കണ്ടിരുന്ന നജ്മുദ്ദീൻ അപകടത്തിൽപെട്ടത് നാട്ടുകാരാണെന്നു മനസ്സിലാക്കി. അതിനിടെ യാത്രക്കാർ ചങ്ങല വലിച്ച് ട്രെയിൻ നിർത്തി. മുണ്ട് ഉപയോഗിച്ച് നജ്മുദ്ദീൻ മുറിവുകൾ കെട്ടി. ട്രെയിൻ വൈക്കത്തെത്തിയപ്പോൾ ഇരുവരെയും അവിടെ ഇറക്കി ആംബുലൻസിൽ കാേട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. 

രണ്ടുപേർക്കും ഇടതുകാലിനാണ് കൂടുതൽ പരുക്ക്. മുറിവുകളും എല്ലിന് പൊട്ടലുമുണ്ട്. ആർപിഎഫ് ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി മൊഴിയെടുത്തു. തിരുവനന്തപുരത്ത് ഷെഫാണ് നജ്മുദ്ദീൻ. ഉച്ചയാേടെ ബന്ധുക്കൾ ആശുപത്രിയിൽ എത്തി ക്രമീകരണങ്ങൾ ഉറപ്പാക്കിയ ശേഷം ആണ് ജോലിസ്ഥലത്തേക്കു പോയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com