ADVERTISEMENT

ന്യൂഡൽഹി ∙ സാങ്കേതിക വിപ്ലവത്തിന്റെ കാലഘട്ടത്തിലും ആത്മീയതയ്ക്ക് പ്രാധാന്യമേറെയുണ്ടെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. എസ്.സോമനാഥ് പറഞ്ഞു. ചട്ടമ്പി സ്വാമിയുടെ സമാധി ശതാബ്ദി ആചരണത്തിന്റെ ഭാഗമായി എൻഎസ്എസ് ഡൽഹിയുടെ നേതൃത്വത്തിൽ നടത്തിയ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാനവരാശിയുടെ ചരിത്രത്തിൽ സാങ്കേതികവിദ്യയിൽ കുതിച്ചുചാട്ടമുണ്ടായത് കഴിഞ്ഞ 100 വർഷങ്ങളിലാണ്. എന്നാൽ, മനുഷ്യന്റെ ആത്മീയ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് (എഐ) കഴിയില്ല. മനുഷ്യന്റെ ഉള്ളിലുള്ള ചൈതന്യത്തെ തിരിച്ചറിയാൻ ഗുരുസാന്നിധ്യം സഹായിക്കും. ആത്മീയതയുടെ ഗുണഭോക്താക്കളായി യുവതലമുറ മാറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

കേരള സർവകലാശാല ഡീൻ ഡോ.എ.എം.ഉണ്ണിക്കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. അറിവിനെയും ജ്ഞാനത്തെയും ജനാധിപത്യവൽക്കരിച്ചതാണ് ചട്ടമ്പി സ്വാമിയുടെ മഹത്വമെന്ന് അദ്ദേഹം പറഞ്ഞു. എൻഎസ്എസ് ഡൽഹി പ്രസിഡന്റ് എം.കെ.ജി.പിള്ള അധ്യക്ഷത വഹിച്ചു. ആത്മീയ ചരിത്രത്തിലെ ജ്ഞാനസൂര്യനാണ് ചട്ടമ്പി സ്വാമിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എൻഎസ്എസ് ഡൽഹിയുടെ ‘ഐക്കൺ ഓഫ് ദി ഇയർ’ അവാർഡ് ഡോ.എസ്.സോമനാഥിന് സമ്മാനിച്ചു. ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റി അഡീഷനൽ ഡയറക്ടർ ഡോ.എം.ചന്ദ്രശേഖരൻ നായർ, എൻഎസ്എസ് ഡൽഹി ജനറൽ സെക്രട്ടറി എം.ഡി.ജയപ്രകാശ്, വൈസ് പ്രസിഡന്റുമാരായ ബാബു പണിക്കർ, എസ്.പി.നായർ, എം.ജി.രാജശേഖരൻ നായർ, ട്രഷറർ ആർ.വിജയൻ പിള്ള എന്നിവർ പ്രസംഗിച്ചു. 

ജീവകാരുണ്യം, വിദ്യാഭ്യാസം, യുവജനക്ഷേമം, കലാ–കായികം മേഖലകളിൽ മികച്ച സേവനം നടത്തിയ 10 കരയോഗങ്ങൾക്ക് ബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദബോസ് ഏർപ്പെടുത്തിയ അവാർ‍ഡുകൾ വിതരണം ചെയ്തു. പ്രശസ്തിപത്രവും ഫലകവും 10,000 രൂപയും ഉൾപ്പെടുന്നതാണ് അവാർ‍ഡ്.എൻഎസ്എസ് ഡൽഹിയുടെ 25 കരയോഗങ്ങളിൽ നിന്നുള്ള പ്രവർത്തകരെ കൂടാതെ മലയാളി സംഘടനകളുടെ ഭാരവാഹികളും സമ്മേളനത്തിൽ പങ്കെടുത്തു. എൻഎസ്എസ് ഡൽഹിയുടെ നേതൃത്വത്തിൽ ഡൽഹി–എൻസിആറിൽ കഴിഞ്ഞ ഒരു വർഷമായി ചട്ടമ്പി സ്വാമിയുടെ സമാധി ശതാബ്ദിയോട് അനുബന്ധിച്ച് 'മഹാഗുരുവർഷം’ ആചരിച്ചിര‌ുന്നു. ഗ്ലോബൽ നായർ സേവാ സമാജവും എൻഎസ്എസ് ഡൽഹിയും ചേർന്ന് ‘വിദ്യാധിരാജോത്സവം’ സമ്മേളനവും നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com