ADVERTISEMENT

പാലക്കാട് ∙ ചുരുങ്ങിയ ദിവസങ്ങളുടെ ഇടവേളയിൽ ജില്ലയിൽ സൂര്യാഘാതമേറ്റു മരിച്ചതു രണ്ടുപേർ. കുത്തനൂർ പനയങ്കടം വീട്ടിൽ ഹരിദാസ് (65), പള്ളത്തേരി പാറമേട് നല്ലാംപുരയ്ക്കൽ ലക്ഷ്മിയമ്മ (89) എന്നിവരാണു കനത്ത വെയിലിൽ മരിച്ചത്. ഇടയ്ക്ക് ഒരു ഇടവേള ഉണ്ടായതൊഴിച്ചാൽ 2007 മുതൽ പാലക്കാട് ജില്ല സൂര്യാഘാത ഭീഷണിയിലാണ്. സംസ്ഥാനത്ത് ആദ്യമായി സൂര്യാഘാത മരണം റിപ്പോർട്ട് ചെയ്തതും പാലക്കാട്ടാണ്. 2007ൽ ചെർപ്പുളശ്ശേരി സ്വദേശിയാണ് സൂര്യാഘാതത്തെ തുടർന്നു മരിച്ചത്. ജില്ലാ പൊലീസ് സർജൻ ഡോ.പി.ബി.ഗുജ്റാൾ നടത്തിയ പോസ്റ്റ് മോർട്ടത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2007 മുതൽ 2012 വരെ 5 സൂര്യാഘാത മരണങ്ങൾ പാലക്കാട്ട് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

പിന്നീടും പലപ്പോഴായി സൂര്യാഘാത മരണങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും അടുപ്പിച്ച് 2 മരണങ്ങൾ സംഭവിച്ചത് ഇപ്പോഴാണ്. 2010 മുതൽ സംസ്ഥാനത്ത് ഇതര ജില്ലകളിലും സൂര്യാഘാത മരണം സംഭവിച്ചിട്ടുണ്ട്.ഇതര ജില്ലകളെ അപേക്ഷിച്ചു പാലക്കാട്ടു പൊതുവേ ചൂടു കൂടുതലാണ്. മുൻ വർഷങ്ങളിൽ പരമാവധി രണ്ടോ, മൂന്നോ ദിവസമാണു ചൂട് 40 ഡിഗ്രി സെൽഷ്യസിനു മുകളിൽ അനുഭവപ്പെട്ടിരുന്നത്. എന്നാൽ, ഇത്തവണ മൂന്നാഴ്ചയിലേറെയായി ജില്ലയിൽ താങ്ങാനാകാത്ത ചൂടാണ്. ഒപ്പം അത്യുഷ്ണവും ഉണ്ട്.ജില്ലയിൽ ഇതുവരെ ആകെ ഒരു വേനൽമഴയാണു കാര്യമായി ലഭിച്ചിട്ടുള്ളത്. മേടം പകുതി പിന്നിട്ടിട്ടും വേനൽമഴ തീരെ ഇല്ലാത്ത സാഹചര്യത്തിൽ നാടാകെ അത്യുഷ്ണത്താൽ പുകയുകയാണ്.

വീണു കിടക്കുന്നവരെ കണ്ടില്ലെന്നു നടിക്കരുത്
വഴിയരികിലും മറ്റും വീണു കിടക്കുന്നവരെ അവഗണിക്കരുത്. ഒരുപക്ഷേ, വെയിലിന്റെ ആഘാതത്താൽ വീണുപോയതാകാം. സമാന അവസ്ഥയിൽ സൂര്യാഘാതമേറ്റുള്ള മരണങ്ങളും പാലക്കാട് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വീണോ, അവശരായോ കിടക്കുന്നവർക്ക് ഉടൻ വൈദ്യ സഹായം ലഭ്യമാക്കണം.
∙ നേരിട്ടു വെയിലേൽക്കുന്നത് ഒഴിവാക്കിയുള്ള സ്വയം ജാഗ്രതയാണ് ഏറ്റവും ഫലപ്രദമായ പ്രതിരോധ മാർഗം.  
∙ പ്രായമായവരും ഗുരുതര രോഗമുള്ളവരും പ്രത്യേകം ശ്രദ്ധിക്കണം.
∙ നിലവിലെ സാഹചര്യത്തിൽ പകൽ 10 മുതൽ വൈകിട്ട് 4 വരെ കൂടുതൽ സമയം നേരിട്ടു വെയിലേൽക്കുന്ന സാഹചര്യം ഒഴിവാക്കുക.
∙ വെയിൽ കനത്തു നി‍ൽക്കുമ്പോൾ മരത്തിൽ കയറിയും മറ്റുമുള്ള ജോലികൾ ഒഴിവാക്കുക.
∙ അസ്വസ്ഥത തോന്നിയാലുടൻ  ഡോക്ടറുടെ സഹായം തേടണം
∙ ധാരാളം ശുദ്ധജലം കുടിക്കണം.
∙ യാത്രയിൽ കുടയും ശുദ്ധജലവും കരുതണം.
∙ പകൽ മദ്യപിക്കുന്നതു നിർജലീകരണ സാധ്യത വർധിപ്പിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com