ADVERTISEMENT

പാലക്കാട് ∙ ആളിയാറിൽ നിന്നു ചിറ്റൂർപ്പുഴയിലേക്കുള്ള ജലമൊഴുക്കു വൻതോതിൽ കുറഞ്ഞതോടെ പറമ്പിക്കുളത്തു നിന്നു വഗരിയാർ പുഴ (കൈവഴി) വഴി അടിയന്തരമായി ജലമെത്തിച്ചു ശുദ്ധജല പ്രതിസന്ധി പരിഹരിക്കാൻ ശ്രമം. പറമ്പിക്കുളം സിസ്റ്റം അണക്കെട്ടുകളിൽ നിന്ന് ആളിയാർ ഡാമിൽ ജലമെത്തിച്ച് അവിടെ നിന്ന് ആളിയാർപുഴ വഴിയാണു ചിറ്റൂർപ്പുഴയിലേക്കു ജലമെത്തിക്കുക. ആളിയാർ ഡാമിൽ ജലനിരപ്പു പറ്റെ കുറഞ്ഞതോടെ ഇന്നലെ ചിറ്റൂർപ്പുഴയിലേക്ക് സെക്കൻഡിൽ 45 ഘനയടി തോതിലാണു ജലം ലഭിക്കുന്നത്. ഇത് ഒന്നിനും തികയില്ല.  ചിറ്റൂർപ്പുഴയെയും ഭാരതപ്പുഴയെയും ആശ്രയിച്ചുള്ള ശുദ്ധജല പദ്ധതികൾ കടുത്ത പ്രതിസന്ധിയിലേക്കു നീങ്ങുന്ന സാഹചര്യത്തിൽ ഏതുവിധേനയും കൂടുതൽ വെള്ളം എത്തിക്കണമെന്നു കേരളം ശക്തമായി തമിഴ്നാടിനോട് ആവശ്യപ്പെട്ടു.

തുടർന്നാണു വഗരിയാർ പുഴ വഴി ആളിയാർ പുഴയിലേക്കു നേരിട്ടു വെള്ളം എത്തിച്ച് ചിറ്റൂർപ്പുഴയിലേക്ക് ലഭ്യമാക്കാൻ ശ്രമം തുടങ്ങിയത്. മുൻപ് ഒരിക്കൽ മാത്രമാണ് ഈ രീതി പരീക്ഷിച്ചിട്ടുള്ളത്. പറമ്പിക്കുളം അണക്കെട്ടിൽ നിന്നു തൂണക്കടവ് വഴി സർക്കാർ പതി പവർഹൗസിൽ വെള്ളം എത്തിച്ച് ആളിയാർ ഫീഡർ കനാൽ, കോണ്ടൂർ കനാൽ വഴിയാണു ജലവിതരണം പതിവുള്ളത്. ഇതിനു പകരം സർക്കാർപതി പവർ ഹൗസിനു സമീപത്തു നിന്നു വെള്ളം സമീപത്തുള്ള വഗരിയാർ കൈവഴി താഴേക്കൊഴുക്കി ആളിയാർ പുഴയിലെ വടക്കല്ലൂർ ആനിക്കെട്ടിൽ എത്തിക്കും.

ഇവിടെ നിന്ന് 15 കിലോമീറ്റർ താഴെയാണു കേരളത്തിനു വെള്ളം അളന്നു തരുന്ന മണക്കടവ് വിയർ. ഈ രീതിയിൽ ജലവിതരണം ആരംഭിച്ചതായി കേരള അധികൃതർ പറഞ്ഞു. നിലവിൽ ലഭിക്കുന്ന ആളിയാർ ജലം ഭാരതപ്പുഴയിൽ ഞാവളംകടവ് തടയണ വരെ മാത്രമേ എത്തിയിട്ടുള്ളൂ. ഇതിനു താഴെയുള്ള പ്രദേശങ്ങളിൽ പമ്പിങ്ങിനാവശ്യമായ ജലം ഇല്ല. ഇതോടെ ഭാരതപ്പുഴ സ്രോതസ്സാക്കിയ തൃശൂർ ജില്ലയിലെ ശുദ്ധജല പദ്ധതികളടക്കം  പ്രതിസന്ധിയിലാണ്. നിലവിൽ ഒരാഴ്ച വിതരണം ചെയ്യാനുള്ള ജലം മാത്രമേ ഞാവളംകടവ് വരെയുള്ള തടയണകളിൽ ഉള്ളൂ. പ്രതിസന്ധി മുൻകൂട്ടി കണ്ടാണു കേരളത്തിന്റെ ഇടപെടൽ. സംയുക്ത ജലക്രമീകരണ വിഭാഗവും സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com