ADVERTISEMENT

കുമരനല്ലൂർ ∙ കപ്പൂർ, പട്ടിത്തറ, ആനക്കര പഞ്ചായത്തുകളിലെ ഉയർന്ന പ്രദേശങ്ങളിൽ ശുദ്ധജലക്ഷാമം രൂക്ഷം. വേനൽ കടുത്തതോടെ വിവിധ പഞ്ചായത്തുകളിലെ ഉയർന്ന പ്രദേശങ്ങളിൽ ശുദ്ധജലം ലഭിക്കാതെയായി. പല സ്ഥലത്തും ഒരാഴ്ചയിലധികമായി ശുദ്ധജലം ലഭിക്കുന്നില്ല. പൊതുവെ വരൾച്ചാ ബാധിത മേഖലയായ കപ്പൂർ പഞ്ചായത്തിലെ പറക്കുളംകുന്ന്, വട്ടപ്പറമ്പ്, മുള്ളംകുന്ന്, മേഖലയിലെല്ലാം വെള്ളം ലഭിക്കാതെ ജനങ്ങൾ ഏറെ ബുദ്ധിമുട്ടുകയാണ്. പട്ടിത്തറ പഞ്ചായത്തിലെ കാടംകുളം, കാങ്കത്ത്മേപ്രം, കൊമ്മാത്ര ഭാഗങ്ങളിലും വെള്ളം ലഭിക്കുന്നില്ല. ആനക്കര പഞ്ചായത്തിലെ പൊന്നത്താൻനിര, ലക്ഷംവീട്, കാക്രാംകുന്ന്, പാറപ്പുറം മേഖലയിലും ശുദ്ധജല ക്ഷാമം നേരിടുന്നുണ്ട്.

ആനക്കര പഞ്ചായത്തിലെ ശുദ്ധ ജല ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ ആഴ്ചകൾ മുൻപ് തന്നെ വാഹനത്തിൽ വെള്ളം എത്തിക്കാൻ ആരംഭിച്ചത് ജനത്തിന് ചെറിയ തോതിലെങ്കിലും ആശ്വാസമായി. കരുണപ്രകുന്നിലെ പ്ലാന്റിൽ ശുദ്ധീകരിച്ച് മലക്കാവിലേയും പറക്കുളത്തെയും വലിയ ടാങ്കുകളിൽ എത്തിച്ചാണ് ആനക്കര കപ്പൂർ പട്ടിത്തറ പഞ്ചായത്തുകളിൽ ശുദ്ധജലം എത്തിക്കുന്നത്. ആറ് ലക്ഷം ലീറ്റർ സംഭരണ ശേഷിയുള്ളതാണ് പറക്കുളത്തെ ശുദ്ധജല സംഭരണി. ഇതിന്റെ ഉയരക്കുറവും ചില മേഖലയിൽ വെള്ളം എത്തുന്നതിന് തടസ്സാമാകുന്നതായി ആക്ഷേപമുണ്ട്. ഈ മേലയിലെ വലിയൊരു വിഭാഗം ആളുകളും ജൽ ജിവൻ മിഷൻ പദ്ധതിയിലുടെ എത്തുന്ന ശുദ്ധജലത്തെ ആശ്രയിച്ചാണ് കഴിയുന്നത്. 

പഞ്ചായത്തുകൾ വിവിധ പദ്ധതിയിൽ സ്ഥാപിച്ച മിനി ശുദ്ധജല പദ്ധതികൾ പലതും സാമ്പത്തിക ബാധ്യതയിൽ നിലച്ചതും മേഖലയിലെ ശുദ്ധജല ക്ഷാമത്തിന്റെ രൂക്ഷത വർധിക്കാൻ കാരണമായി.  വെള്ളം ലഭിക്കാത്തതിന് കാരണമായി പദ്ധതി പ്രദേശത്തെ വെള്ളത്തിന്റെ കുറവും വോൾടേജ് കുറവുമാണ് പ്രധാനമായും വാട്ടർ അതോറിറ്റി അധികൃതർ ചൂണ്ടികാട്ടുന്നത്. നാല് മണിക്കൂർ തുടർച്ചയായി പമ്പിംങ് നടത്തിയാലെ ഉയർന്ന പ്രദേശങ്ങളിലേക്ക് വെള്ളം എത്തിക്കാനാകൂ എന്നിരിക്കെ വൈദ്യുതി മുടക്കവും വോൾടേജ് കുറവും കാരണം തുടർച്ചയായ പമ്പിങും തടസ്സപ്പെടുന്നു. പമ്പിങ് സ്റ്റേഷനിലെ കിണറുകളിലെ ചെളി നീക്കം ചെയ്ത് ആഴം കൂട്ടിയാൽ കൂടുതൽ നേരം പമ്പിങ് നടത്താനുള്ള വെള്ളം ലഭിക്കും. ഇക്കാര്യത്തിൽ കാലതാമസം കൂടാതെ അധികൃതരുടെ ഭാഗത്തു നിന്നും തീരൂമാനം ഉണ്ടാകണം.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com