ADVERTISEMENT

ഊട്ടി ∙ ഊട്ടിയിലേക്കു മേയ് 7 മുതൽ ഇ പാസ് നിർബന്ധമാക്കിയ കോടതി ഉത്തരവിനെതിരെ സമ്മിശ്ര പ്രതികരണങ്ങൾ. നാട്ടുകാർക്കും വിനോദ സഞ്ചാരികൾക്കും ഏറെ ഉപയോഗപ്രദമാണ് ഇ പാസ് സംവിധാനമെന്നാണു പൊതുവ വിലയിരുത്തൽ. സമതലങ്ങളിലെ കൊടും ചൂട് കാരണം ഊട്ടിയിലേക്കെത്തുന്ന വിനോദ സഞ്ചാരികളുടെ വാഹനങ്ങൾ മണിക്കൂറുകൾ വഴിയിൽ കുടുങ്ങുന്നതു പതിവായതിനാൽ ഇ പാസ് നിലവിൽ വന്നാൽ തിരക്കു നിയന്ത്രിക്കാനാകും എന്ന വിശ്വാസത്തിലാണു ജില്ലാ ഭരണകൂടവും പൊലീസും.

കനത്ത ഗതാഗതക്കുരുക്കും പാർക്കിങ്ങിലെ അപര്യാപ്തതകളും കാരണം വാഹനത്തിൽ നിന്നിറങ്ങാനാവാതെ തിരിച്ചു പോകുന്നവരും ഏറെയാണ്. തിരക്കു മുതലാക്കാൻ റിസോർട്, കോട്ടേജ്, ലോഡ്ജ് ഉടമകളും ഓൺലൈൻ ബുക്കിങ് ഏജൻസികളും മത്സരിക്കുന്നത് സന്ദർശകരുടെ ദുരിതവും ഇരട്ടിയാക്കുന്നു. തിരക്കനുസരിച്ച് വാടക 3 ഇരട്ടിയിലധികം ഈടാക്കുന്നവരും വിരളമല്ല. ഇ പാസ് ഇതിനെല്ലാം അറുതി വരുത്തും എന്നാണു പ്രതീക്ഷ.

വിനോദ സഞ്ചാരികളെ മാത്രം ആശ്രയിച്ചു കഴിയുന്നവർക്കും വ്യാപാരികൾക്കും ഇ പാസ് കനത്ത തിരിച്ചടിയാകും എന്നാണ് ഈ മേഖലയിലുള്ളവരിൽ ഭൂരിപക്ഷവും പറയുന്നത്. മുൻകൂട്ടി ബുക്കിങ് എടുത്ത റിസോർട്, കോട്ടേജ് ഉടമകളാണ് ഏറെ വിഷമത്തിലായത്. ബുക്കിങ് ആയി വന്ന പണം തങ്ങളുടെ സ്ഥാപനങ്ങളിലെ അറ്റകുറ്റപ്പണികൾക്ക് ഉപയോഗിച്ചവരാണിവരിൽ ഏറെയും. ഇ പാസ് കിട്ടാതെ ബുക്കിങ് കാൻസൽ ആയാൽ പണം തിരിച്ചു കൊടുക്കാൻ സാധിക്കാതെ കടക്കെണിയിലാവും തങ്ങളെന്ന് ഇവർ ആശങ്കപ്പെടുന്നു.  

ഇതു കൂടാതെ പൊലീസ്, നഗരസഭ, റവന്യു ഉദ്യോഗസ്ഥർക്കായി പലപ്പോഴും സൗജന്യമായിത്തന്നെ മുറികൾ വിട്ടുകൊടുക്കേണ്ടി വരുന്നതും തങ്ങളുടെ ജീവിതം വഴിമുട്ടിക്കുകയാണെന്നും ഇവർ ആക്ഷേപമുയർത്തുന്നുണ്ട്. ആയിരക്കണക്കിനു പേരാണു വിനോദ സഞ്ചാര മേഖലയെ മാത്രം നേരിട്ട് ആശ്രയിച്ചു കഴിയുന്നത്. ഈ മേഖലയെ  പരോക്ഷമായി ആശ്രയിച്ച് കഴിയുന്നവരും ഏറെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com