ADVERTISEMENT

പുതുശ്ശേരി ∙ കനത്ത ചൂടിൽ മത്സ്യകർഷകന്റെ കുളത്തിലെ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി. പുതുശ്ശേരി മറവക്കാട് മുരളീധരന്റെ ഒരേക്കറിലുള്ള കുളത്തിലെ വളർത്തു മീനുകളാണു ചത്തത്. ഒരു ലക്ഷം രൂപയിലേറെ നഷ്ടമുണ്ടായെന്നു കർഷകൻ പറയുന്നു. വർഷങ്ങളായി മത്സ്യകൃഷി ചെയ്യുന്ന ഇദ്ദേഹത്തിന് ആദ്യമാണ് ഇങ്ങനൊരു അനുഭവം.

ക‌ട്‌ല, രോഹു, മൃഗാല തുടങ്ങിയ ഇനങ്ങളാണ് ഇവിടെ വളർത്തുന്നത്. വിളവെടുപ്പിനു പാകമായ മീനുകളാണ് ചത്തുപൊങ്ങുന്നത്. പ്രാഥമിക പരിശോധനയിൽ മത്സ്യങ്ങൾക്ക് അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ല. ചത്ത മീനുകളുടെ ചെകിളകൾ പൊള്ളലേറ്റ് ഇളകിയ നിലയിലായിരുന്നെന്നും കറുത്ത പാടുകളുണ്ടായിരുന്നെന്നും പറയുന്നു.

വെള്ളത്തിൽ ചൂടു കുറയ്ക്കാൻ മുരളീധരൻ ശാസ്ത്രീയ രീതികൾ പിന്തുടരുന്നുണ്ട്. ഓക്സിജൻ അളവ് വർധിപ്പിക്കുന്നതിനായി വെള്ളം മോട്ടർ ഉപയോഗിച്ചു ഇളക്കിയും പായൽ നൽകിയും പ്രതിരോധമൊരുക്കിയിട്ടും മീനുകൾ ചത്തു പൊങ്ങുന്നതു തുടരുകയാണെന്ന് മുരളീധരൻ പറഞ്ഞു. ഓരോ സീസണിലും 800–900 കിലോയോളം മത്സ്യം ഇദ്ദേഹം വിപണിയിലെത്തിച്ചിരുന്നു. 

ഫിഷറീസ് വകുപ്പ് പ്രോജക്ട് കോഓർഡിനേറ്റർമാരായ സി.അജീഷ്, എ.അഖില, അക്വാകൾചർ പ്രമോട്ടർ വി.മോട്ടി എന്നിവർ സ്ഥലം സന്ദർശിച്ചു പരിശോധന നടത്തി. വെള്ളത്തിനു അപാകതകളില്ലെന്നും ചൂടാണു മത്സ്യങ്ങൾ ചത്തു പൊങ്ങാൻ കാരണമെന്നു സംശയിക്കുന്നതായും ഉദ്യോഗസ്ഥ സംഘം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com