ADVERTISEMENT

പാലക്കാട് ∙ ഒരു മാസത്തിനിടെ രണ്ടു കാട്ടാനകൾ ട്രെയിൻ തട്ടി ചരിഞ്ഞ കൊട്ടേക്കാട് ഭാഗത്തു തമിഴ്നാട് മാതൃകയിൽ സുരക്ഷാസംവിധാനം ഒരുക്കാൻ നിർദേശം. 4.60 കേ‍ാടി രൂപ ചെലവിൽ പ്രദേശത്ത് 600 സേ‍ാളർ ലൈറ്റുകൾ സ്ഥാപിക്കുമെന്നും റെയിൽവേ അറിയിച്ചു. സാമ്പത്തിക ബുദ്ധിമുട്ടാണു സുരക്ഷാപദ്ധതികൾ നടപ്പാക്കാൻ വനം വകുപ്പിനു പ്രധാന തടസ്സം.സുരക്ഷാനടപടി ആവശ്യപ്പെട്ട് വനം വന്യജീവി പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർക്ക് റെയിൽവേ ഡിവിഷൻ കഴിഞ്ഞദിവസം കത്തു നൽകിയിരുന്നു. സ്ഥലത്ത് കൂടുതൽ വെളിച്ചം, ട്രാക്കുകളുടെ അരിക് വീതികൂട്ടൽ, കട്ടിങ്ങിലും ഉയർന്ന സ്ഥലത്തും നിരപ്പാക്കൽ എന്നിവ തമിഴ്നാട് വനം വകുപ്പ് ചെയ്തിട്ടുണ്ട്. 

ഡിആർഎം അരുൺകുമാർ ചതുർവേദി, വനം ചീഫ് കൺസർവേറ്റർ കെ.വിജയാനന്ദ് എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് കൊട്ടേക്കാട് ഭാഗത്തു ട്രെയിനുകൾ വേഗം കുറയ്ക്കാൻ തീരുമാനിച്ചത്. ചർച്ചയിൽ എഡിആർഎം എസ്.ജയകൃഷ്ണൻ, ഡിഎഫ്ഒ ജേ‍ാസഫ് തേ‍ാമസ് എന്നിവരും മറ്റ് ഉയർന്ന ഉദ്യേ‍ാഗസ്ഥരും പങ്കെടുത്തു. തീറ്റയ്ക്കും വെള്ളത്തിനും വേണ്ടി കൊട്ടേക്കാട് ഭാഗത്ത് മൂന്ന് ആനക്കൂട്ടങ്ങളുണ്ട്. 

നിയമനടപടികളിൽ തുടർച്ചയില്ല
∙ ട്രെയിനിടിച്ചു കാട്ടാനകൾ ചരിയുന്ന സംഭവങ്ങളിൽ വനംവകുപ്പിന്റെ നിയമനടപടികളിൽ തുടർച്ചയില്ലെന്നു വിവരാവകാശ രേഖകൾ. സംഭവങ്ങളിൽ ലോക്കോ പൈലറ്റുമാരെ പ്രതിയാക്കി കേസെടുക്കാറുണ്ടെങ്കിലും ഇവരുടെ മൊഴി വനംവകുപ്പ് എടുത്തിട്ടില്ല. തുടരന്വേഷണം പൂർത്തിയാകാത്തതിനാൽ കോടതിയിൽ കുറ്റപത്രം നൽകിയിട്ടില്ലെന്നും ജില്ലാ ആനപ്രേമി സംഘം ജില്ലാ പ്രസിഡന്റ് മച്ചിങ്ങൽ ഹരിദാസിനു നൽകിയ വിവരാവകാശ മറുപടിയിൽ പറയുന്നു. 2018 മുതൽ ഇന്നലെ വരെ 8 ആനകളാണ് ട്രെയിൻ ഇടിച്ചു ചരിഞ്ഞത്. നാലു കൊമ്പനും നാലു പിടിയും ഇതിൽ ഉൾപ്പെടുന്നു.

തമിഴ്നാട്ടിൽ എഐ സുരക്ഷ
∙ തിങ്കളാഴ്ച ട്രെയിൻ തട്ടി ആന ചെരിഞ്ഞ കൊട്ടേക്കാടിന് 20 കിലോമീറ്റർ മാത്രം അകലെ വാളയാറിനോടു ചേർന്നു തമിഴ്നാട് വനം വകുപ്പ് നടപ്പാക്കിയ സുരക്ഷാപദ്ധതികൾ മാതൃകയാണ്. ആനകൾ അപകടത്തിൽപ്പെടുന്നതു പതിവായതോടെ മദ്രാസ് ഹൈക്കോടതിയുടെ നിർദേശപ്രകാരമായിരുന്നു നടപടികൾ. ഇരുവശത്തും കാടായതിനാൽ മൃഗങ്ങൾക്കു തടസ്സമില്ലാതെ സഞ്ചരിക്കുന്നതിന് 2 അടിപ്പാതകൾ നിർമിച്ചു. പാളത്തിനടുത്ത് ആനകളുടെ സാന്നിധ്യം കണ്ടെത്തുന്നതിനായി നിർമിത ബുദ്ധിയുടെ (എഐ) സഹായമുള്ള മുന്നറിയിപ്പു സംവിധാനം സ്ഥാപിച്ചു. 

360 ഡിഗ്രി ക്യാമറകളോടു കൂടിയുള്ള ടവറുകളുടെ സഹായത്തോടെയാണ് ഇതിന്റെ പ്രവർത്തനം. ആനകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞാൽ ഉടൻ തന്നെ കൺട്രോൾ റൂമിൽ ജാഗ്രതാ നിർദേശം ലഭിക്കും. പാളത്തിനു സമീപം ലോക്കോ പൈലറ്റുമാരുടെ കാഴ്ച മറയ്ക്കുന്ന അധിനിവേശ സസ്യമായ കരുവേലം വെട്ടിമാറ്റി.

‘ലേ‍ാക്കേ‍ാ പൈലറ്റുമാരെ വേട്ടക്കാരായി കാണരുത്’
പാലക്കാട് ∙ നിയമം അനുസരിച്ച് ട്രാക്കിലൂടെ സുരക്ഷിതമായി ട്രെയിൻ ഒ‍ാടിക്കുന്ന ലേ‍ാക്കേ‍ാ പൈലറ്റുമാരെ വേട്ടക്കാരായി കാണരുതെന്നു ഒ‍ാൾ ഇന്ത്യ ലേ‍ാക്കേ‍ാ റണ്ണിങ് സ്റ്റാഫ് അസേ‍ാസിയേഷൻ പാലക്കാട് ഡിവിഷൻ കമ്മിറ്റി.ഒരു ജീവിയെയും മനഃപൂർവം ലേ‍ാക്കേ‍ാ ജീവനക്കാർ കെ‍ാല്ലുന്നില്ല. കൊട്ടേക്കാട്–മലമ്പുഴ സംഭവത്തിൽ ലേ‍ാക്കേ‍ാ പൈലറ്റിനെതിരെ കേസെടുത്തത് വളവുകളും തിരിവുകളും ഇല്ലാത്ത ട്രാക്കിലാണ് അപകടമെന്നും അശ്രദ്ധമായി വണ്ടിയേ‍ാടിച്ചുവന്നും അടിസ്ഥാനരഹിത ആരേ‍ാപണം ഉന്നയിച്ചാണ്. മണ്ണുനിറമുള്ള കാട്ടാനയെ രാത്രി ട്രാക്കിൽ കാണുക വളരെ വിഷമകരമാണ്.

ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ ആനയെ കണ്ടു വണ്ടി പെട്ടെന്നു നിർത്തുക അതിസാഹസികവും. ട്രാക്കിലെ തടസ്സം ഒഴിവാക്കാൻ ട്രെയിൻ വെട്ടിക്കാനേ‍ാ പെട്ടെന്ന് നിർത്താനോ സാധ്യമല്ല. നിയമാനുസൃതം ജോലി ചെയ്യുന്ന ജീവനക്കാരെ സംരക്ഷിക്കേണ്ടത് റെയിൽവേയുടെ ചുമതലയാണ്. അല്ലെങ്കിൽ വനത്തിലൂടെയുള്ള ട്രാക്കിൽ ട്രെയിൻ ഒ‍ാടിക്കൽ നിർത്തേണ്ട അവസ്ഥയുണ്ടാകും. വന്യമൃഗങ്ങളുടെ പൂർണ അധികാരം വനംവകുപ്പിന്റേതായതിനാൽ റെയിൽവേ ട്രാക്കിലേക്കു വന്യമൃഗങ്ങൾ പ്രവേശിക്കുന്നതു തടയാനുള്ള ഉത്തരവാദിത്തവും വകുപ്പിനുണ്ടെന്നും കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com