ADVERTISEMENT

റാന്നി ∙ 2018ലെ വെള്ളപ്പൊക്കമാണ് ‘അങ്ങാടി’യെ ചർച്ചാവിഷയമാക്കിയത്. റാന്നി എന്ന രണ്ടക്ഷരം കൂടി ചേർത്തുവായിക്കുന്ന റാന്നി–അങ്ങാടി തെരുവ് പമ്പയുടെ പടിഞ്ഞാറ് ചെങ്ങന്നൂർ വരെ പരിചിതമായ സ്ഥലമാണ്. മഹാപ്രളയം സമ്മാനിച്ച ഭീതിയിൽ ആളുകൾ കിഴക്കുള്ളവരോട് വിവരങ്ങൾ അന്വേഷിക്കുമ്പോൾ ആദ്യം അന്വേഷിക്കുന്നത് അങ്ങാടി ഉപാസനക്കടവിൽ വെള്ളം കയറിയോ എന്നൊക്കെയാണ്.

മുൻപ് പെരുമ്പുഴക്കടവ് എന്നറിയപ്പെട്ടിരുന്ന കടവ് ഉപാസന എന്ന പേരിൽ സിനിമ തിയറ്റർ വന്നതോടെയാണ് ഉപാസനക്കടവ് എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. ഉപാസനക്കടവിൽ വെള്ളംകയറി അങ്ങാടി ടൗണിൽ വരെ എത്തിയാൽ അത് അപകട സൂചനയാണെന്ന് ആറന്മുളക്കാര്‍ക്കും ചെങ്ങന്നൂർക്കാർക്കും അറിയാം. 

 ചരിത്രം ഉറങ്ങുന്ന അങ്ങാടി

പ്രാദേശിക ചരിത്രം പലതും മൺമറഞ്ഞു പോകുന്ന കാലത്ത് അങ്ങാടിയെ രേഖപ്പെടുത്തേണ്ടത് കാലത്തിന്റെ ആവശ്യമാണ്. പമ്പാ നദിയിലൂടെ വള്ളത്തിൽ ചരക്ക് ഗതാഗതം നടത്തിയിരുന്ന കാലത്ത് അങ്ങാടി ആയിരുന്നു പ്രധാന കച്ചവട കേന്ദ്രം. പല ഭാഷക്കാരുടെയും നാട്ടുകാരുടെയും സംഗമ സ്ഥാനമായിരുന്നു ഇവിടം. അങ്ങാടി എന്ന പേര് വന്നത് വ്യാപാര കേന്ദ്രം എന്ന അർഥത്തിലാണ്.

മരുന്നുകളും നാണ്യവിളകളും ഇവിടെനിന്ന് കയറ്റി അയയ്ക്കുമ്പോൾ ആലപ്പുഴയിൽനിന്ന് കയറും ഇരുമ്പും മറ്റും എത്തിയിരുന്ന കഥയാണ് പഴമക്കാർക്ക് പറയാനുള്ളത്.  അന്ന് ബോട്ട് ജെട്ടിയുണ്ടായിരുന്നത് ഇന്ന് കേട്ടുകേൾവി മാത്രമായി ചുരുങ്ങി. ജലഗതാഗതം റോഡിനും പാലത്തിനും വഴിമാറിയതോടെ റാന്നിയിലെ വ്യാപാരം ഇട്ടിയപ്പാറയിലായി. പക്ഷേ അങ്ങാടി ഇന്നും പ്രസക്തി ഒട്ടും കുറയാതെ   നിൽക്കുന്നു. 

 കരകയറുന്ന അങ്ങാടി

2018ലെ പ്രളയത്തിൽ അങ്ങാടിയും തകർന്നു. ചിലയിടങ്ങളിൽ ഒരുനിലയിലും മറ്റു ചിലയിടത്ത് ഇരുനിലയോളവും എത്തിയ വെള്ളം കണ്ട് ജനതവിറങ്ങലിച്ചു. പക്ഷേ അസ്തമിച്ചിടത്തു നിന്ന് ഉദിച്ചുയരാനുള്ള ശ്രമത്തിലാണ് അങ്ങാടി. പ്രളയത്തിന് പിന്നാലെയെത്തിയ കോവിഡ് മഹാമാരിയും അങ്ങാടി ടൗണിനെ വലിയ തോതിൽ തളർത്തി. കെട്ടിടങ്ങൾക്ക് മുകളിൽ ചെളിയും അവശിഷ്ടങ്ങളും അടിഞ്ഞു കൂടിയിരുന്നു. പക്ഷേ അവിടെനിന്ന് അങ്ങാടി കരകയറുകയാണ്. 

 തപാൽ ഓഫിസ് ഒരു വികാരമാണ്

പ്രളയത്തോടെ നഷ്ടമായ ഒന്നാണ് അങ്ങാടി പോസ്റ്റ് ഓഫിസ്. അങ്ങാടി പിഒ 689674 എന്ന നമ്പർ മാത്രമായി അവശേഷിക്കാനായിരുന്നു സബ് തപാൽ ഓഫിസിന്റെ വിധി. പക്ഷേ അങ്ങനെ വിട്ടാൽ പറ്റില്ലെന്ന നാട്ടുകാരുടെ ഉറച്ച നിശ്ചയത്തിനു മുൻപിൽ ഓഫിസ് പുനരാരംഭിക്കാനുള്ള നടപടി തപാൽ വകുപ്പ് ആരംഭിച്ചു കഴിഞ്ഞു. പ്രളയത്തിന് മുൻപ് പേട്ടയിലായിരുന്നു അങ്ങാടി സബ് തപാൽ ഓഫിസ് പ്രവർത്തിച്ചിരുന്നത്. വാടകയ്ക്ക് കെട്ടിടം ആവശ്യപ്പെട്ട് തപാൽ വകുപ്പ് ഒരാഴ്ച മുൻപ് പരസ്യം പ്രസിദ്ധപ്പെടുത്തി. നാട്ടുകാരുടെ ഉത്സാഹം കൂടിയുണ്ടെങ്കിൽ ഓഫിസില്ലാത്ത പോസ്റ്റ് എന്ന കുറവുകൂടി പരിഹരിക്കാം.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com