ADVERTISEMENT

അടൂർ ∙ ജനറൽ ആശുപത്രിയുടെ പടിഞ്ഞാറു വശത്തു കൂടിയുള്ള റോഡിലെ അനധികൃത പാർക്കിങ് കാരണം ആശുപത്രിയിലേക്ക് വാഹനങ്ങൾക്ക് കടന്നു വരാൻ ബുദ്ധിമുട്ടായിട്ടു പോലും ട്രാഫിക് പൊലീസ് ഇതൊന്നും ശ്രദ്ധിക്കുന്നേയില്ല. കഷ്ടിച്ച് ഒരു വാഹനത്തിന് കടന്നു പോകാൻ കഴിയുന്ന ആശുപത്രി ഭാഗത്തെ റോഡിന്റെ രണ്ടു വശത്തുമായി ഇരുചക്ര വാഹനങ്ങളും മറ്റു വലിയ വാഹനങ്ങളും പാർക്കു ചെയ്യുന്നതിനാൽ ഇതുവഴി വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. 

റോഡിലെ ഗതാഗത സംവിധാനം സുഗമമാക്കേണ്ട ട്രാഫിക് പൊലീസ് ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കാറുപോലുമില്ല. ഇതു കാരണം ഇവിടെ ഏതു സമയത്തും തോന്നിയതു പോലെയുള്ള പാർക്കിങ്ങാണ്. ആശുപത്രിയിലേക്ക് അഗ്നിശമനസേനയുടെ വാഹനം ഈ റോഡു വഴി വരേണ്ട അവസ്ഥ വന്നാൽ അനധികൃത പാർക്കിങ് കാരണം പെട്ടതു തന്നെ.

ഒരു വർഷം മുൻപ് ആശുപത്രിയിൽ മാലിന്യം ഇട്ടിരിക്കുന്ന ഭാഗത്ത് തീപിടിച്ചപ്പോൾ റോഡിലെ അനധികൃത പാർക്കിങ് കാരണം അഗ്നിശമനസേനയുടെ വാഹനം അകത്തേക്ക് കടക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് ബക്കറ്റിൽ വെള്ളം കൊണ്ടുപോയിട്ടാണ് തീകെടുത്തിയത്. അന്നു മുതൽ ഈ റോഡിലെ അനധികൃത വാഹന പാർക്കിങ് ഒഴിവാക്കണമെന്നുള്ള ആവശ്യം ശക്തമായിരുന്നതാണ്. പക്ഷേ പൊലീസ് ഇക്കാര്യത്തിൽ കാര്യമായ നടപടികൾ സ്വീകരിക്കാത്തതിനാൽ ഇപ്പോഴും റോഡിൽ പാർക്കിങ് കൂടി വരികയാണ്.

ആശുപത്രിയിൽ  പാർക്കിങ് സൗകര്യം ഒരുക്കണം
ജനറൽ ആശുപത്രിയിൽ പാർക്കിങ് സൗകര്യമില്ലാത്തതിനാലാണ് പടിഞ്ഞാറു വശത്തെ ഇടുങ്ങിയ റോഡിൽ ആശുപത്രിയിലേക്ക് വരുന്നവർ വാഹനങ്ങൾ പാർക്കു ചെയ്യുന്നത്. ജനറൽ ആശുപത്രിയിൽ വികസനം എത്തിക്കുന്ന അധികാരികൾ ഇതുവരെ ആശുപത്രിയിൽ പാർക്കിങ് സൗകര്യം ഒരുക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടില്ല. ഉള്ള സ്ഥലത്തെല്ലാം അശാസ്ത്രീയമായി കെട്ടിടങ്ങൾ നിർമിക്കുകയാണ് ഇവിടെ ചെയ്തു കൊണ്ടിരിക്കുന്നത്. 

എന്നാൽ പാർക്കിങ് സൗകര്യം ഒരുക്കുന്ന കാര്യത്തിൽ മാത്രം നടപടി ഉണ്ടാകുന്നില്ല. ദിവസവും രണ്ടായിരത്തിലേറെ രോഗികളാണ് ചികിത്സതേടി എത്തുന്നത്. ഇവർ വരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാൻ ആശുപത്രിക്കുള്ളിൽ സ്ഥലമില്ലാത്തതിനാൽ റോഡരികിൽ പാർക്കു ചെയ്യുകയാണ്. ഇപ്പോൾ നിർമാണം തുടങ്ങിയ ബഹുനില മന്ദിരത്തിന്റെ പണി അവസാനിക്കുന്നതിനൊപ്പം പാർക്കിങ് സൗകര്യം കൂടി ഒരുക്കാൻ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി തയാറാകണമെന്നാണാവശ്യം ശക്തമായിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com