ADVERTISEMENT

തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തെ പുലിമുട്ടു നിർമാണം പൂർത്തിയായി. 2950 മീറ്ററാണു നിർമിക്കേണ്ടിയിരുന്നതെങ്കിലും 3005 മീറ്ററാണ് ഇപ്പോഴത്തെ നീളം. ജൂൺ അവസാനം ട്രയൽ റൺ തുടങ്ങാനാണ് ആലോചന. മന്ത്രിമാരായ വി.എൻ.വാസവനും സജി ചെറിയാനും തുറമുഖ പദ്ധതി പ്രദേശം സന്ദർശിച്ച് ഉദ്യോഗസ്ഥരും അദാനി കമ്പനി പ്രതിനിധികളുമായി അവലോകന യോഗം ചേർന്നു. ഡിസംബറിൽ കമ്മിഷൻ ചെയ്യാനാണു തീരുമാനിച്ചിരിക്കുന്നതെങ്കിലും ഓണത്തിനു പ്രവർത്തനം തുടങ്ങാനാകുമോ എന്ന കാര്യം മുഖ്യമന്ത്രിയുമായി ആലോചിക്കുമെന്നു മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. 

ഈ മാസം അവസാനത്തോടെ അഞ്ചു ക്രെയിനുകളുമായി  ചൈനയിൽനിന്ന് ഒരു കപ്പൽ കൂടി എത്തിയാൽ തുറമുഖത്തേക്കുള്ള മുഴുവൻ ക്രെയിനുകളുമാകും. ഇതുവരെ ആറു കപ്പലുകളിലായി 27 ക്രെയിനുകളാണ് എത്തിച്ചത്. ബാക്കിയുള്ള ക്രെയിനുകൾ കൂടി എത്തിയാൽ തുറമുഖം ട്രയൽ റണ്ണിനു സജ്ജമാകും. ബാർജുകളിൽ കണ്ടെയ്നറുകൾ എത്തിച്ച് ഇറക്കുകയും കയറ്റുകയും ചെയ്താണു ട്രയൽ റൺ നടത്തുക. ബെർത്ത് 800 മീറ്റർ നീളത്തിൽ നിർമിക്കേണ്ടതിൽ 650 മീറ്റർ പൂർത്തിയായിട്ടുണ്ട്. പ്രവർത്തനം തുടങ്ങാൻ ഇതു മതിയെങ്കിലും മുഴുവൻ ബർത്തും പൂർത്തീകരിക്കാനാണു ശ്രമം. 

തുറമുഖത്തെ ബന്ധിപ്പിക്കുന്ന ഗതാഗത സൗകര്യങ്ങളാണ് ഇനി ഒരുങ്ങാനുള്ളത്. പ്രത്യേക റെയിൽപാത, ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന റോഡ് എന്നിവയ്ക്കായി ഇതുവരെ ഭൂമിയേറ്റെടുത്തിട്ടില്ല. ഈ സൗകര്യം പൂർത്തിയാകുന്നതുവരെ ദേശീയപാത ഉപയോഗപ്പെടുത്തേണ്ടിവരും. ഇക്കാര്യം ദേശീയപാതാ അധികൃതരുമായി ചർച്ച ചെയ്യാമെന്നു മന്ത്രി വാസവൻ യോഗത്തിൽ അറിയിച്ചു. തുറമുഖ സെക്രട്ടറി കെ.എസ്.ശ്രീനിവാസ്, വിസിൽ എംഡി ഡോ.ദിവ്യ എസ്.അയ്യർ, സിഇഒ ശ്രീകുമാർ കെ.നായർ, അദാനി വിഴിഞ്ഞം പോർട്ട് സിഇഒ പ്രദീപ് ജയരാമൻ എന്നിവരും  പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com