ADVERTISEMENT

വർക്കല∙ പാപനാശം തീരത്ത് വിനോദ സഞ്ചാരികൾക്കായി ഒരുക്കിയ ഫ്ലോട്ടിങ് ബ്രിജ് തകർന്നിട്ട് രണ്ടു മാസമാകുന്നു. മാർച്ച് 9ന് ആണ് ശക്തമായ തിരയിൽ അകപ്പെട്ടു ബ്രിജ് തകർന്നു അതിലുണ്ടായിരുന്ന അറുപതോളം സഞ്ചാരികൾ വെള്ളത്തിൽ വീണതും  20  പേരെ പരുക്കേറ്റ നിലയിൽ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയും ചെയ്തത്. മുൻ കരുതലുകളും സുരക്ഷ മാനദണ്ഡവും പാലിക്കാതെ ധൃതിയിൽ സ്ഥാപിച്ച പാലത്തിന്റെ പേരിൽ വൻ വിമർശനമാണ് ഉയർന്നത്.

അന്ന് കടൽക്ഷോഭം ശക്തമായിട്ടും സന്ദർശകരെ ബ്രിജിലേക്കു കയറ്റുന്നതിനെതിരെ മുന്നറിയിപ്പുകൾ നൽകിയിട്ടും നടത്തിപ്പുകാർ ഗൗനിച്ചില്ലെന്ന പരാതിക്കു പുറമേ ബ്രിജ് വർക്കല തീരത്തിനു അനുയോജ്യമാണോ എന്നതു സംബന്ധിച്ചു പഠനം നടത്താതെ നടപ്പാക്കിയതിനു ടൂറിസം മന്ത്രി അടക്കമുള്ളവർ രൂക്ഷമായ വിമർശനം നേരിട്ടിരുന്നു. തീരദേശ പരിപാലന അതോറിറ്റി, ദുരന്ത നിവാരണ അതോറിറ്റി എന്നിവരുടെ അനുമതി സംബന്ധിച്ച ചോദ്യങ്ങൾക്കു വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. പാലം കൈകാര്യം ചെയ്യുന്ന തമിഴ്നാടിൽ നിന്നുള്ള വാട്ടർ സ്പോർട്സ് കമ്പനി, ഉദ്ഘാടനം ശേഷം സ്വന്തം നിലയിൽ തന്നെ കാര്യങ്ങളെല്ലാം തീരുമാനിക്കുന്ന അവസ്ഥയിൽ എത്തിച്ചേർന്ന നിലയിലുമായി.

തീരത്തേക്കു ആഞ്ഞടിച്ച തിരകളെ സംബന്ധിച്ചു മുന്നറിയിപ്പ് നൽകിയിട്ടും അപകടം ക്ഷണിച്ചു വരുത്തി. പാലം ഉലയുമ്പോൾ തന്നെ സന്ദർശകരെ കയറ്റി വിട്ടതാണ് അപകടത്തിനു പ്രധാന കാരണം. കടലിന്റെ കൃത്യമായ വേലിയേറ്റവും ഇറക്കവും സംബന്ധിച്ചു ധാരണയില്ലാത്തതും അപകടത്തിനു വഴിയൊരുക്കി. ഏതാനും ദിവസമായി തീരം പ്രക്ഷുബ്ദാവസ്ഥയിൽ തുടരുന്നതും പാലത്തിന്റെ മധ്യഭാഗത്തേക്കു കൂറ്റൻ തിരമാലകൾ വന്നുവീഴുന്നതും തീരവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന എല്ലാവരുടെയും ശ്രദ്ധിയിൽപ്പെട്ടതാണ്. ലൈഫ് ഗാർഡുകൾ മുന്നറിയിപ്പ് നൽകിയിട്ടും അനുസരിക്കാത്ത നടത്തിപ്പുകാരെ ആരാണ് നിയന്ത്രിക്കുന്നത് എന്ന ചോദ്യം അതോടെ ഉയർന്നു. 

കഴിഞ്ഞവർഷം ഡിസംബർ 25ന് ഉദ്ഘാടനം ചെയ്തതു മുതൽ പാലത്തിലൂടെ ഇതിനകം ആയിരക്കണക്കിനു സന്ദർശകരാണ് വന്നുപോയത്. ഒരാളിൽ നിന്നു 120 രൂപ ഈടാക്കുകയും ചെയ്തിരുന്നു.  ദിവസം പിന്നിടുന്തോറും സന്ദർശകപ്രവാഹം ഏറി.  ബ്രിജ് തകർന്നതോടെ സന്ദർശകരുടെ പ്രധാന ഉല്ലാസ ഉപാധിയാണ് മുടങ്ങിയ‌തെങ്കിൽ‌ പരിസരത്തെ കച്ചവടക്കാരെയും ബാധിച്ചു. വീണ്ടും ബ്രിജ് തുറക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. നിലവിൽ പാലത്തിന്റെ ഭാഗങ്ങൾ മുഴുവനായി അഴിച്ചു മാറ്റി തീരത്ത് തന്നെ സൂക്ഷിച്ച നിലയാണ്. ജീവനക്കാർ ഏറിയ ഭാഗവും സ്ഥലംവിട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com