ADVERTISEMENT

വിഴിഞ്ഞം ∙ രാജ്യാന്തര തുറമുഖത്തോടനുബന്ധിച്ച് തെക്കൻ കേരളത്തിലെ ആദ്യ ദീർഘദൂര ഭൂഗർഭ റെയിൽപാത നിർമാണത്തിനുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൽ നിന്നുള്ള അനുമതി രണ്ടാഴ്ചയ്ക്കുള്ളിലെന്നു സൂചന. മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതി കഴിഞ്ഞ മാസം ചേർന്ന യോഗത്തിൽ ഉന്നയിച്ച കാര്യങ്ങളിൽ വിശദമായ മറുപടികൾ നൽകിയെന്നും അനുകൂല സ്ഥിതിയായിരുന്നുവെന്നും വിസിൽ അധികൃതർ പറഞ്ഞു. സമിതി വൈകാതെ നൽകുന്ന ശുപാർശയനുസരിച്ചു രണ്ടാഴ്ചയ്ക്കുള്ളിൽ പരിസ്ഥിതി മന്ത്രാലയ അനുമതി ലഭിച്ചേക്കുമെന്നും അറിയിച്ചു. തുടർന്നു സംസ്ഥാന സർക്കാരിൽ നിന്നുള്ള ഭരണാനുമതി ലഭിക്കുന്നതനുസരിച്ചു നിർമാണ നടപടികൾ തുടങ്ങും. 

തുറമുഖം ജൂണിൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനമാരംഭിക്കാനിരിക്കെ റെയിൽപാത അനിവാര്യമല്ലെങ്കിലും റെയിൽ കണക്ടിവിറ്റി വേണ്ടതാണെന്ന നിലയിൽ നിർമാണ നടപടികൾ വേഗത്തിലാക്കാനാവും ശ്രമം എന്നും അധികൃതർ പറഞ്ഞു. വിഴിഞ്ഞത്തു നിന്നു ബാലരാമപുരം വരെ നീളുന്ന 10.7 കിലോമീറ്റർ നീളമുള്ള പാത തുരങ്കത്തിലൂടെയാവും എന്നതാണ് പ്രത്യേകത. തുരങ്കമായതിനാലാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൽ നിന്നുള്ള അനുമതി വേണ്ടത്. 10.7 കിലോമീറ്ററിൽ 9 കിലോമീറ്ററും ഭൂമിക്കടിയിലൂടെയാവും. വിഴിഞ്ഞം കരിമ്പള്ളിക്കര ഭാഗത്തു നിന്നു തുടങ്ങി വിഴിഞ്ഞം–മുക്കോല–ബാലരാമപുരം റോഡിനു സമാന്തരമായി ഭൂഗർഭ പാത കടന്നുപോവുന്നതെന്ന് അധികൃതർ പറഞ്ഞു. 

കരിമ്പള്ളിക്കര ഭാഗത്തു വന്നിറങ്ങുന്ന പാത ഇവിടുത്തെ ജനജീവിതത്തെ ബാധിക്കാത്തവിധം തൂണുകൾക്കു മുകളിലൂടെയാവും തുറമുഖത്തേക്ക് നീളുക. ഇതിനായി അര ഹെക്ടറോളം ഭൂമിയും വേണ്ടി വരും. വിഴിഞ്ഞത്തു നിന്നു തുടങ്ങി മുടവൂപ്പാറയിൽ എത്തി നേമത്തേക്കും നെയ്യാറ്റിൻകര ഭാഗത്തേക്കും തിരിയുന്ന രീതിയിലാണ് രൂപരേഖയെന്നു നേരത്തെ അധികൃതർ പറഞ്ഞിരുന്നു. പാത വരുന്നതിനോടനുബന്ധിച്ച് ബാലരാമപുരത്ത് 5 ഹെക്ടറോളം സ്ഥലം ഏറ്റെടുക്കേണ്ടതുണ്ടെന്നും അധികൃതർ പറഞ്ഞു.

പാത പൂർത്തിയാകുന്നതോടെ ബാലരാമപുരം ജംക്‌ഷനായി വികസിക്കും. ശരാശരി 25 മുതൽ 35 മീറ്റർ വരെ താഴ്ചയിലൂടെയാവും ഭൂഗർഭ പാത കടന്നു പോവുക. പാത കടന്നു പോകുന്ന ഭാഗത്ത് ഭൂനിരപ്പിൽ നിശ്ചിത കിലോമീറ്ററുകൾക്കിടക്ക് എസ്കേപ് ഡക്ടുകൾ പണിയും. അടിയന്തര സാഹചര്യത്തിലെ രക്ഷാദൗത്യം മുൻനിർത്തിയാണിത്. കൊങ്കൺ റെയിൽ കോർപറേഷന് നിർമാണ ചുമതലയുള്ള പദ്ധതിക്ക് 1200 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com