ADVERTISEMENT

ആറ്റിങ്ങൽ ∙ കച്ചേരി ജംക്‌ഷനിൽ നിന്നും ആരംഭിച്ച് പൊലീസ് സ്റ്റേഷന് മുന്നിലൂടെ കടന്നു പോകുന്ന റോഡ് തകർന്ന് കിടന്നിട്ട് വർഷങ്ങളാകുന്നു . കച്ചേരി ജംക്‌ഷനിൽ നിന്നും ആരംഭിച്ച് പാടിക്കവിളാകം ക്ഷേത്രത്തിന് സമീപം വരെ ഒരു കിലോമീറ്ററോളം ദൈർഘ്യമുള്ള പ്രധാന റോഡാണ് വർഷങ്ങളായി തകർന്നു കിടക്കുന്നത്. നൂറ് കണക്കിന് ആളുകളും വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും അടക്കം ദിവസവും കടന്നു പോകുന്ന ഈ റോഡിന്റെ ശോച്യാവസ്ഥ കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ. പൊലീസ് സ്റ്റേഷൻ, ഡിവൈഎസ്പി ഓഫിസ് , കോടതികൾ, സബ് ജയിൽ, സബ് റജിസ്ട്രാർ ഓഫിസ് , കെഎസ്ഇബി ഓഫിസ് , വില്ലേജ് ഓഫിസ് , ബിഎസ് എൻഎൽ ഓഫിസ് തുടങ്ങി നിരവധി സർക്കാർ സ്ഥാപനങ്ങൾ ഈ റോഡിന് ഇരുവശത്തുമായി ഇരുനൂറ് മീറ്റർ ചുറ്റളവിലാണ് സ്ഥിതി ചെയ്യുന്നത്.

മിനി സിവിൽ സ്റ്റേഷന്റെ പിൻ ഭാഗത്തെ ഗേറ്റും ഈ റോഡിലാണ് സ്ഥിതി ചെയ്യുന്നത്. കച്ചേരി ജംക്‌ഷൻ മുതൽ സബ് ജയിലിന്റെ പ്രവേശന കവാടം വരെ റോഡിലെ മെറ്റലും ടാറും ഇളകി മാറി വൻ കുഴികൾ രൂപപ്പെട്ടിട്ട് വർഷങ്ങളായി. കാൽ നടയാത്ര പോലും ഇവിടെ ദുസ്സഹമാണ്. ഇതിന് പുറമേയാണ് റോഡിന് ഇരുവശങ്ങളിലും അപകടത്തിൽപ്പെട്ടതും പൊലീസ് പിടികൂടിയ വാഹനങ്ങളും കൂട്ടിയിട്ടിരിക്കുന്നത് യാത്രക്കാരുടെ ദുരിതം ഇരട്ടിയാക്കുന്നു.‍ പലപ്പോഴും വൻ ഗതാഗതക്കുരുക്കാണ് ഈ റോഡിൽ ഉണ്ടാകുന്നത്.

രാത്രി കാലങ്ങളിൽ പ്രദേശത്ത് സാമൂഹിക വിരുദ്ധ ശല്യവും തെരുവ് നായ്ക്കളുടെ ശല്യവും രൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. രാത്രിയാൽ ഇതുവഴിയുള്ള കാൽ നടയാത്ര പോലും ദുരിതമാണ്. പ്രദേശത്ത് തെരുവ് വിളക്കുകൾ കത്താതായിട്ട് വർഷങ്ങളായെന്ന് നാട്ടുകാർ ആരോപിക്കുന്നു. പൊലീസ് സ്റ്റേഷനിലുള്ള ലൈറ്റ് മാത്രമാണ് ഏക ആശ്രയം. കച്ചേരി ജംക്‌ഷനിൽ – പൊലീസ് സ്റ്റേഷൻ റോഡിന്റെ നവീകരണം ഉടൻ ആരംഭിക്കുമെന്ന് നഗരസഭ ചെയർപഴ്സൻ എസ്.കുമാരി പറഞ്ഞു.  എംഎൽഎ ഫണ്ടിൽ നിന്നും 59 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കരാർ നടപടികൾ പൂർത്തിയായിട്ടുണ്ടെന്നും ചെയർപഴ്സൻ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com