ADVERTISEMENT

സ്വന്തം പേരിൽ പുസ്തകം പ്രസിദ്ധീകരിക്കണമെന്നതു യുവാവിന്റെ വലിയ ആഗ്രഹമായിരുന്നു. ആദ്യപുസ്തകത്തിന്റെ കയ്യെഴുത്തുപ്രതിയുമായി അയാൾ പ്രസാധകന്റെ അടുത്തെത്തി. അദ്ദേഹം ചോദിച്ചു: ഇതിനെക്കാൾ നന്നായി നിങ്ങൾക്ക് എഴുതാൻ കഴിയില്ലേ? യുവാവ് പറഞ്ഞു: തീർച്ചയായും. മെച്ചപ്പെടുത്തിയ പുസ്തകവുമായി യുവാവ് തിരിച്ചെത്തി. പുസ്തകം കയ്യിലെടുത്തശേഷം പ്രസാധകൻ വീണ്ടും ചോദിച്ചു: ഇതിനെക്കാൾ നന്നായി നിങ്ങൾക്കു ചെയ്യാൻ കഴിയില്ലേ? യുവാവ് പറഞ്ഞു: ശ്രമിച്ചാൽ നടക്കും. കൂടുതൽ മെച്ചപ്പെടുത്തിയ പുസ്തകവുമായി മൂന്നാം തവണ എത്തിയപ്പോൾ  ചോദ്യം ആവർത്തിക്കപ്പെട്ടു. ദേഷ്യം വന്ന യുവാവ് പറഞ്ഞു: ഇതെന്റെ ഏറ്റവും മികച്ചതാണ്. ഇതിനെക്കാൾ നന്നായി എഴുതാൻ എനിക്കറിയില്ല. പ്രസാധകൻ പറഞ്ഞു: ഇനി ഞങ്ങൾ ഈ പുസ്തകം പ്രസിദ്ധീകരിക്കാം. താങ്കൾ അഡ്വാൻസ് വാങ്ങി പൊയ്ക്കൊള്ളൂ.

രണ്ടു വിധത്തിലുള്ള നിർബന്ധബുദ്ധി ജീവിതത്തിന്റെ ഗുണനിലവാരം ഉയർത്തും. ഒന്ന്, ഏറ്റവും മികച്ചതു മാത്രമേ സ്വീകരിക്കൂ. രണ്ട്, ഏറ്റവും മികച്ചതു മാത്രമേ നൽകൂ. ഉത്തമമായതിനെ മാത്രം സ്വീകരിക്കുന്നവരുടെ മനസ്സും പരിസരവും ഉത്തമമായിരിക്കും. ഏറ്റവും നല്ലത് എപ്പോഴും ലഭ്യമാകില്ല, കാത്തിരിക്കേണ്ടി വരും. ശരാശരി നിലവാരത്തിലുള്ളവയുടെ ആകർഷണീയതയെയും താഴ്ന്ന നിലവാരത്തിലുള്ളവയുടെ വിലക്കുറവിനെയും തള്ളിപ്പറയുന്നവർക്കു മാത്രമാണ് ശ്രേഷ്ഠമായതു ലഭിക്കുക. 

ആദ്യം കാണുന്നവ വാങ്ങുന്ന ശീലം ഇല്ലാത്തവരാണ് ഒന്നിൽ നിന്നു മറ്റൊന്നിലേക്കു യാത്ര ചെയ്ത് നല്ലതിലേക്ക് എത്തുക. ദൃശ്യമായ ബലഹീനതകൾക്കുള്ളിൽ അദൃശ്യമായ മികവിന്റെ സാധ്യതകൾ കണ്ടെത്തുന്നവരാണ് നല്ലത് രൂപപ്പെടുത്തുന്നവർ. ഉള്ളതിനെ ഇഷ്ടപ്പെടുന്നവർ കയ്യടിക്കും, ഉള്ളിലുള്ളതും പുറത്തുവരാത്തതുമായവയെ ഇഷ്ടപ്പെടുന്നവർ കരുതലോടെ വഴിതെളിക്കും. അതു വേദനാജനകമാകാം, സംഘർഷഭരിതമാകാം, അഹംബോധത്തെ ഉണർത്തുന്നതാകാം. പക്ഷേ, ഒരു കാര്യം ഉറപ്പാണ്. ശ്രേഷ്ഠമായതിനെ പുറത്തെടുക്കാൻ കഴിവുള്ള ആളുകൾ സമയം ചെലവഴിച്ചാൽ മികവ് സ്വാഭാവികമായി ഉടലെടുക്കും. മെച്ചപ്പെടുക എന്നതല്ലാതെ മറ്റൊരു മാർഗവുമില്ലാതെ വരും. നല്ലതു മാത്രമേ സ്വീകരിക്കൂ എന്ന നിർബന്ധമുള്ളവർക്കു നല്ലതിനെ രൂപപ്പെടുത്തിയെടുക്കാനുള്ള ഉത്തരവാദിത്തമുണ്ട്.

English Summary:

Good to Great: The Untold Benefits of Holding Out for the Highest Quality

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com