ADVERTISEMENT

പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച പ്രോജക്ട് ശക്തിയുടെ  ഭാഗമായി ഫാക്‌ട്ക്രസന്റോ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ  നിന്ന്

വിവിധ മതസ്ഥരുടെ ആരാധനാലങ്ങള്‍ക്ക് കെഎസ്ഇബി വിവേചനപരമായ നിരക്കുകളാണ് ഈടാക്കുന്നതെന്ന് ആരോപിച്ച് ചില പ്രചരണങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

വിവിധ മതസ്ഥരുടെ ആരാധനാലയങ്ങളുടെ വൈദ്യുതി താരിഫ് എന്ന നിലയിൽ കൊടുത്തിരിക്കുന്ന വിവരണം ഇങ്ങനെയാണ്: വിചിത്രമായ പരിഹാസം

വൈദ്യുതി നിരക്ക് , സാധാരണ പൗരന്മാർക്ക് യൂണിറ്റിന് 7.85 രൂപ. മസ്ജിദ് യൂണിറ്റിന് 1.85 രൂപ, പള്ളി യൂണിറ്റിന് 1.85 രൂപ, ക്ഷേത്രം യൂണിറ്റിന് 7.85 രൂപ. ഇതാണ് നമ്മുടെ മതേതര രാജ്യം. ഇതൊരു വിചിത്രമായ ബന്ധമാണ്. മസ്ജിദ് സ്വകാര്യ സ്വത്താണെങ്കിൽ പിന്നെ എന്തിനാണ് സർക്കാർ പുരോഹിതർക്ക് ശമ്പളം നൽകുന്നത്

ക്ഷേത്രം സർക്കാർ വക ആണെങ്കിൽ എന്തുകൊണ്ട് പൂജാരിക്ക് സർക്കാർ ശമ്പളം കിട്ടുന്നില്ല? മുഴുവൻ രാജ്യവും അറിയാൻ ആഗ്രഹിക്കുന്നു. എന്നാൽ എന്തുകൊണ്ട് അങ്ങനെ? ഈ ശബ്ദം തകർക്കരുത് സമ്മതിച്ചാൽ ഫോർവേഡ് ചെയ്യാം ഓരോ ഹിന്ദു സഹോദരങ്ങൾക്കും സഹോദരിമാർക്കും ഈ സന്ദേശം വാട്ട്‌സ്ആപ്പ് ചെയ്യുക, അതിലൂടെ ഓരോ ഹിന്ദു സഹോദരങ്ങൾക്കും അവരുടെ ഇരട്ട നയം മനസ്സിലാക്കാൻ കഴിയും. ലിങ്ക് കണക്ട് ചെയ്യുന്നതിനായി നിങ്ങളുടെ 5 ഹിന്ദു സഹോദരങ്ങൾക്ക് ഇത് അയക്കുക” എന്നാണ് പ്രചരിക്കുന്ന സന്ദേശം. എന്നാൽ ഈ പ്രചരണം സത്യമല്ലന്ന് അന്വേഷണത്തിൽ വ്യക്തമായി. ഫെയ്‌സ്ബുക് പോസ്റ്റ് കാണാം , ആർക്കൈവ് ചെയ്ത ലിങ്ക് കാണാം

വൈദ്യുതി വകുപ്പിനെതിരെ ഉയർന്നുവരുന്ന ആരോപണങ്ങൾക്കെതിരെ അവർ ഔദ്യോഗിക ഫെയ്സ്ബുക് പേജിലൂടെ വിശദീകരണം നല്‍കാറുണ്ട്.  ഞങ്ങൾ അവരുടെ ഫെയ്സ്ബുക്ക് പേജ് പരിശോധിച്ചപ്പോൾ പ്രചരണത്തിനെതിരെ 2020 മുതൽ പ്രചരിക്കുന്ന ഈ വ്യാജ വാർത്തയ്ക്കെതിരെ അവർ വിശദീകരണം നൽകിയിരിക്കുന്നത് കണ്ടു.

വൈദ്യുതി ബോർഡിന്‍റെ വിശദീകരണം ഇങ്ങനെ: വൈദ്യുതി താരിഫ് നിശ്ചയിക്കുന്ന സംസ്ഥാന ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിഷൻ എന്ന Quasi Judicial Body അമ്പലത്തിനും പള്ളിക്കും മസ്ജിദിനും ഒരേ നിരക്കാണ് തീരുമാനിച്ചിരിക്കുന്നത്. അതനുസരിച്ചാണ് കെഎസ്ഇബി ബിൽ തയ്യാറാക്കുന്നത്.500 യൂണിറ്റിന് താഴെ ഉപയോഗിച്ചാൽ, ഉപയോഗിക്കുന്ന മുഴുവൻ യൂണിറ്റിനും 5.70 രൂപയും, 500 യൂണിറ്റിനു മുകളിൽ ഉപയോഗിച്ചാൽ ഉപയോഗിക്കുന്ന മുഴുവൻ യൂണിറ്റിനും 6.50 രൂപയുമാണ് നിരക്ക്. ഇതിനു പുറമേ, ഫിക്സഡ് ചാർജ് ആയി ഒരു കിലോവാട്ടിന് പ്രതിമാസം 65 രൂപയും ഈടാക്കുന്നതാണ്.

സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്നും ഇങ്ങനെയൊരു താരിഫ് പുതുക്കല്‍ ഉണ്ടായിട്ടില്ല എന്നും ഫെയ്‌സ്ബുക്  പോസ്റ്റിൽ 2020 മേയ് 24 ന് കെ‌എസ്‌ഇ‌ബി വിശദീകരണം നൽകിയിട്ടുണ്ട്. ഇക്കാര്യം ഞങ്ങൾ വൈദ്യുതി വകുപ്പിന്‍റെ ചീഫ് പേഴ്സണല്‍ ഓഫിസർ റാം മഹേഷിനോട് ചോദിച്ചു ഉറപ്പ് വരുത്തി.

ഇതേ പ്രചരണം മുമ്പും ഉണ്ടായിട്ടുണ്ട്. ഞങ്ങള്‍ പ്രചാരണത്തിനു മേല്‍ ഫാക്റ്റ് ചെക്ക് നടത്തുകയും ലേഖനം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.  

∙വസ്തുത

പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണമായും തെറ്റാണ്. ക്രിസ്ത്യൻ മുസ്‌ലിം പള്ളികൾക്ക് ഒരു വൈദ്യുതി താരിഫും ഹിന്ദു ക്ഷേത്രങ്ങൾക്ക് മറ്റൊരു വൈദ്യുതി താരിഫും കെഎസ്ഇബി നിശ്ചയിച്ചിട്ടില്ല. മറ്റു തരത്തിൽ പ്രചരിക്കുന്ന വാർത്തകളൊക്കെ വ്യാജമാണ്.

English Summary: KSEB has not fixed separate electricity tariffs for Church, Mosques, and Hindu temples

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com