മാഞ്ചസ്റ്റർ തിരുനാളിന് ജൂൺ 30ന് കൊടിയേറും
Mail This Article
മാഞ്ചസ്റ്റർ ∙ യുകെയിലെ മാഞ്ചസ്റ്ററിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന തിരുനാൾ ആഘോഷങ്ങൾക്ക് ജൂൺ 30ന് തുടക്കമാകും. ജൂലൈ ഏഴാം തീയതി ശനിയാഴ്ചയാണ് പ്രധാന തിരുനാൾ. റാസ കുർബാന, പ്രദക്ഷിണം, ഗാനമേള തുടങ്ങിയ വിവിധ പരിപാടികളോടെയാണ് ആഘോഷം. മിഷൻ ഡയറക്ടർ ഫാ. ജോസ് കുന്നുംപുറത്തിന്റെ നേതൃത്വത്തിൽ ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.
പ്രശസ്ത പിന്നണി ഗായകൻ ഫ്രാങ്കോയും ഐഡിയ സ്റ്റാർ സിംഗറും മികച്ച ഗായികയുമായ സോണിയയും നയിക്കുന്ന ഗാനമേളയാണ് ഈ വർഷത്തെ തിരുനാൾ ആഘോഷങ്ങളിലെ പ്രധാന ആകർഷണം. "ആഘോഷരാവ്" എന്ന പേരിലുള്ള ഈ ഗാനമേള ജൂൺ 14 വെള്ളിയാഴ്ച വിഥിൻഷോ ഫോറം സെന്ററിൽ നടക്കും.
മിഷൻ ഡയറക്ടർ ഫാ. ജോസ് കുന്നുംപുറം കൊടിയേറ്റ് നിർവഹിക്കുന്നതോടെയാണ് തിരുന്നാൽ ആഘോഷങ്ങൾ ആരംഭിക്കുക. തുടർന്ന് തിരുസ്വരൂപ പ്രതിഷ്ഠയും ലദീഞ്ഞും നടക്കും. ആദ്യ ദിവസത്തെ ചടങ്ങുകൾക്കു ശേഷം ഫാ. ജോസ് അന്ത്യാകുളം എംസിബിഎസ് കാർമ്മികത്വം വഹിക്കുന്ന ദിവ്യബലിയും വീടുകളിലേക്കുള്ള അമ്പെഴുന്നള്ളിക്കലും ഉൽപന്ന ലേലവും നടക്കും. ജൂലൈ ഒന്ന് മുതൽ അഞ്ച് വരെ ദിവസവും വൈകുന്നേരം 5.30ന് ദിവ്യബലിയും നൊവേനയും നടക്കും. ജൂലൈ ഒന്നിന് ഫാ. വിൻസെന്റ് ചിറ്റിലപ്പള്ളിയും (മാഞ്ചസ്റ്റർ ഹോളിഫാമിലി മിഷൻ ഡയറക്ടർ) രണ്ടാം തീയതി ഫാ. ജോൺ പുളിന്താനവും (മാഞ്ചെസ്റ്റർ റീജനൽ കോർഡിനേറ്റർ) കാർമ്മികത്വം വഹിക്കും.
മൂന്നാം തീയതി ബുധനാഴ്ച ലിതെർലാൻഡ് വികാരി ഫാ. ജെയിംസ് കോഴിമല മുഖ്യകാർമ്മികനാകുമ്പോൾ നാലാം തീയതി വ്യാഴാഴ്ച സെന്റ് ആന്റണീസ് വികാരി ഫാ. ഓവൻ ഗല്ലഗറും, അഞ്ചാം തീയതി വെള്ളിയാഴ്ച ആഷ്ഫോർഡ് മിഷൻ ഡയറക്ടർ ഫാ. ജോസ് അഞ്ചാനിക്കലും മുഖ്യകാർമ്മികനാകും. പ്രധാന തിരുനാൾ ദിനമായ ജൂലൈ ആറാം തീയതി ശനിയാഴ്ച രാവിലെ 9.30ന് നടക്കുന്ന സിറോമലബാർ സഭയുടെ ഏറ്റവും അത്യാഘോഷപൂർവ്വമായ കുർബാന ക്രമമായ പരിശുദ്ധ റാസക്ക് പ്രിസ്റ്റൺ കത്തീഡ്രൽ വികാരി ഫാ. ബാബു പുത്തൻപുരയിൽ മുഖ്യ കാർമ്മികനാകും. തുടർന്ന് തിരുന്നാൾ പ്രദക്ഷിണവും സ്നേഹവിരുന്നും നടക്കും. ജൂലൈ ഏഴാം തീയതി ശനിയാഴ്ച വൈകുന്നേരം നാലിന് ദിവ്യബലിയെ തുടർന്ന് മിഷൻ ഡയറക്ടർ ഫാ. ജോസ് കുന്നുംപുറം കൊടിയിറക്കുന്നതോടെയാവും തിരുനാൾ ആഘോഷങ്ങൾ സമാപിക്കുക.
മുത്തുക്കുടകളും പൊന്നിൻ കുരിശുകളുമെല്ലാം നാട്ടിൽ നിന്നും എത്തിച്ചു തുടങ്ങിയ തിരുനാൾ ആഘോഷങ്ങൾ ഇപ്പോൾ 19 ആം വർഷത്തിൽ എത്തിച്ചേർന്നിരിക്കുകയാണ്. വർഷങ്ങൾ കഴിയും തോറും പ്രൗഢി ഒട്ടും ചോരാതെയാണ് ഇടവക മധ്യസ്ഥരായ വിശുദ്ധ തോമാസ്ലീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ ആഘോഷങ്ങൾ കാലാകാലങ്ങളായി നടന്നുവരുന്നത്. തിരുനാൾ ദിനം വിഥിൻഷോ സെന്റ് ആന്റണീസ് ദേവാലയം കൊടിതോരങ്ങളാൽ അലങ്കരിച്ചു മോടിപിടിപ്പിക്കും. വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് ചെണ്ടമേളങ്ങളുടെയും, വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ നടക്കുന്ന തിരുനാൾ പ്രദക്ഷിണം മറുനാട്ടിലെ വിശ്വാസ പ്രഘോഷണമാണ്. യുകെയുടെ നാനാ ഭാഗങ്ങളിൽ നിന്നായി ആയിരങ്ങൾ അന്നേ ദിവസം മാഞ്ചസ്റ്ററിൽ എത്തിച്ചേരും. മിഷൻ ഡയറക്ടർ ഫാ. ജോസ് കുന്നുംപുറം, കൈക്കാരന്മാരായ ട്വിങ്കിൾ ഈപ്പൻ, റോസ്ബിൻ സെബാസ്റ്റ്യൻ, ജോബിൻ ജോസഫ് എന്നിവരുടെയും, കമ്മറ്റിയുടെയും നേതൃത്വത്തിൽ തിരുന്നാൾ വിജയത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. അവധി മുൻകൂട്ടി ബുക്ക് ചെയ്തു തിരുന്നാൾ ആഘോഷങ്ങളിലേക്ക് എത്തിച്ചേരുവാൻ ഏവരെയും മിഷൻ ഡയറക്ടർ ഫാ. ജോസ് കുന്നുംപുറം സ്വാഗതം ചെയ്യുന്നു.