ADVERTISEMENT

ദുബായ് ∙ ബ‍ർക്കത്ത് എന്നാല്‍ ഐശ്വര്യമെന്നാണ് അർഥം. പേരിനൊപ്പമുളള ഐശ്വര്യം സ്വന്തം ജീവിതത്തിലേക്ക് വരാന്‍  ജീവിത സാഹചര്യങ്ങളോട് പൊരുതി ഒറ്റയ്ക്ക് നടക്കേണ്ടിവന്നു നിഷയ്ക്ക്. ആ ജീവിതപോരാട്ടത്തില്‍ ഏറ്റവും നിർണായകമായ നേട്ടമായ  കേരള പൊലീസ് ഡ്രൈവർ തസ്തികയിലേക്കുളള പിഎസ്‌സി  പരീക്ഷയെഴുതി യുഎഇയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് പാലക്കാട് കൂറ്റനാട് സ്വദേശി നിഷ ഇപ്പോള്‍. 

പ്രണയം, വിവാഹം, ദുരന്തം
18 മത്തെ വയസ്സിലായിരുന്നു നിഷയുടെ വിവാഹം. പ്രണയനാളുകളില്‍ ഒരുമിച്ച് കണ്ട സ്വപ്നങ്ങളില്‍ നിന്ന് ജീവിതയാഥാർഥ്യത്തിലേക്ക് ദൂരം കൂടുതലുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും മകള്‍ പിറന്നു. പൊരുത്തപ്പെടാനാവില്ലെന്ന് തീർച്ചപ്പെടുത്തി വിവാഹമോചനത്തിലേക്കെത്തുമ്പോള്‍ ബർക്കത്ത് നിഷയ്ക്ക് പ്രായം 19 മാത്രം. കൈക്കുഞ്ഞുമായി സ്വന്തം വീട്ടിലേക്കു തിരിച്ചെത്തി. ഉമ്മ മാത്രമായിരുന്നു പ്രതിസന്ധിയില്‍ കൂടെയുണ്ടായത്. സഹോദരങ്ങള്‍ ഉള്‍പ്പെടെ കുറ്റപ്പെടുത്തിയപ്പോള്‍ മരണം മാത്രമായിരുന്നു മുന്നില്‍. ആത്മഹത്യചെയ്യാതിരുന്നത് മകളുടെ മുഖമോർത്തതുകൊണ്ടുമാത്രമാണെന്ന് നിഷ പറയുന്നു. മരിക്കാന്‍ വേണ്ടതിന്റെ പകുതി ധൈര്യം മതി ജീവിക്കാനെന്നുളള തിരിച്ചറിവില്‍ കൈവിട്ടുപോയ ജീവിതം തിരിച്ചുപിടിക്കാന്‍ നിഷ തീരുമാനിച്ചു.

kerala-police-driver-nisha2
ബർക്കത്ത് നിഷ

∙ കുടുംബത്തിന് നാണക്കേടെന്ന കുറ്റപ്പെടുത്തല്‍, കൂടെ നിന്നത് ഉമ്മമാത്രം
ഒട്ടും എളുപ്പമായിരുന്നില്ല ജീവിതയാത്ര. ചെറിയ പ്രായം. വിവാഹമോചനം. കുഞ്ഞ്. കുറ്റപ്പെടുത്തല്‍. ഏതൊരു പെണ്‍കുട്ടിയും തളർന്നുപോകുന്ന സാഹചര്യങ്ങളില്‍ ഇച്ഛാശക്തിയൊന്നുകൊണ്ടുമാത്രമാണ് പിടിച്ചുനിന്നത്. സൂപ്പർമാർക്കറ്റില്‍ ജോലി തരപ്പെടുത്തി. തുച്ഛമായ വരുമാനത്തില്‍ നിത്യ ചെലവുകള്‍ കഴിച്ചു. കുടുംബശ്രീ കൂട്ടായ്മയില്‍ നിന്നുളള പിന്തുണയും പ്രോത്സാഹനവും പിഎസ്‌സി  പരീക്ഷയെഴുതാന്‍ പ്രചോദനമായി. യാത്രകളെല്ലാം കെഎസ്ആർടിസി ബസില്‍ ആയിരുന്നു. വാഹനമോടിക്കണമെന്ന ആഗ്രഹം മനസ്സിലുണ്ടാകുന്നത് ആ യാത്രകളിലാണ്. എന്നാല്‍ ഡ്രൈവർ ജോലി പെണ്‍കുട്ടികള്‍ ചെയ്യുന്നത് നാണക്കേടാണെന്നുളളതായിരുന്നു സഹോദരങ്ങളുടെ നിലപാട്. സഹോദരിക്കും തന്റെ കൂടെ നില്‍ക്കാന്‍ പരിമിതികളുണ്ടായിരുന്നു. അവിടെയും ഉമ്മ കൂടെ നിന്നു. ഒപ്പം സുഹൃത്തുക്കളും. ഡ്രൈവിങ് പഠിക്കാന്‍ തുടങ്ങി. ആദ്യം ടൂവീലറും, പിന്നെ ഫോർ വീലറും അതും കഴി‍ഞ്ഞു ഹെവി ലൈസന്‍സുമെടുത്തു. കൂടെ ഹസാർഡ് ലൈസന്‍സും. അന്ന് ഹസാർഡ് ലൈസന്‍സ് സ്വന്തമാക്കുന്ന രണ്ടാമത്തെ വനിതയെന്ന നേട്ടവും സ്വന്തമാക്കി. 

kerala-police-driver-nisha3
ബർക്കത്ത് നിഷ

∙ ക്ലച്ച് ചവിട്ടാന്‍ കാലെത്തുമോ, പഞ്ചറായാല്‍ നിന്ന് കരയുമോ, നേരിട്ടത് ബോഡിഷെയിമിങ്ങും പരിഹാസവും 
ഡ്രൈവറായി ജോലി ചെയ്യാനെത്തിയപ്പോള്‍ നേരിടേണ്ടി വന്നത് പരിഹാസം. ക്ലച്ച് ചവിട്ടാന്‍ കാലെത്തുമോ, ടയറിന്റെ അത്ര പോലും വലിപ്പമില്ലല്ലോ,  പഞ്ചറായാല്‍ നിന്ന് കരയുമോ എന്നെല്ലാം ചോദിച്ചവരുണ്ട്. അതൊന്നും കാര്യമാക്കിയില്ല. ഇപ്പോള്‍ പലയിടങ്ങളില്‍ നിന്നായി കിട്ടുന്ന സ്നേഹവും ആദരവുമെല്ലാമാണ് അന്ന് കളിയാക്കിവർക്കുളള മറുപടിയെന്ന് നിഷ

kerala-police-driver-1
ബർക്കത്ത് നിഷ

∙ സുമനസ്സുകളുടെ സഹായ ഹസ്തം, ദുബായിലേക്ക് പറന്നു
നാട്ടില്‍ വ്യത്യസ്ത തലങ്ങളില്‍ കഴിവ് തെളിയിച്ച വനിതകളെ ആദരിക്കുന്ന  ചടങ്ങില്‍ പങ്കെടുത്തതോടെ നിഷയുടെ നേട്ടം മാധ്യമശ്രദ്ധ നേടി. ഇതോടെ ജോലി ഉള്‍പ്പടെയുളള സഹായ വാഗ്ദാനങ്ങള്‍ പല ഭാഗത്തുനിന്നുമെത്തി. 2022 ല്‍ ദുബായിലേക്ക് വരാന്‍ വഴിയൊരുങ്ങിയത് മിഡ് ഏഷ്യ ബള്‍ക്ക് പെട്രോളിയം കമ്പനിയുടെ ഉടമയായ മനീഷ് മുഖേനയാണ്. അദ്ദേഹത്തിന്റെ പിന്തുണയെ കുറിച്ചുപറയുമ്പോള്‍ നിഷയുടെ കണ്ണുകളില്‍ കൃതജ്ഞത. പാസ്പോ‍ർട്ട് എടുക്കുന്നത് ഉള്‍പ്പടെയുളള സൗകര്യങ്ങള്‍ ചെയ്ത് തന്നതും കമ്പനിതന്നെ.

kerala-police-driver-nisha4
ഡ്രൈവർ തസ്തികയിലേക്ക് വനിതകളെകൂടി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപേക്ഷയുടെ പകർപ്പ്

ആദ്യ ശ്രമത്തില്‍ തന്നെ ദുബായിലെ ഹെവി ട്രെക്ക് ഡ്രൈവർ ലൈസന്‍സ് നേടി. ബങ്കറിങ് ജോലി ഒട്ടും എളുപ്പമായിരുന്നില്ല. സഹപ്രവർത്തകർ കട്ടയ്ക്ക് കൂടെ നിന്നു. കപ്പലുകളിലേക്ക്  ഇന്ധനം നിറയ്ക്കുന്ന 60,000 ലീറ്റർ കപ്പാസിറ്റിയുളള 18 ചക്രങ്ങളുളള ട്രക്കാണ് ഓടിക്കുന്നത്. ഒന്നര വർഷമായി വാഹനമോടിക്കുന്നു, ഒരു പിഴയും കിട്ടിയിട്ടില്ലെന്നുളളതും സന്തോഷം. യുഎഇയുടെ വിവിധ എമിറേറ്റുകളിലൂടെ വലിയ വളയം പിടിച്ചൊരു കൊച്ചുപെണ്‍കുട്ടി അനായാസം ട്രക്കോടിക്കുന്ന കാഴ്ചയും സുന്ദരം. ട്രാക്കുതെറ്റി ഓടാന്‍ തുടങ്ങിയ ജീവിതത്തെ കൈപ്പിടിയിലൊതുക്കിയ തനിക്ക് ഇതൊക്കെയെന്ത്, ബർക്കത്ത് നിഷയുടെ മനസ്സില്‍ തെളിയുന്നത് അതായിരിക്കാം. 

∙ അഭയാർഥിയെപോലെ കഴിഞ്ഞ കുടുംബവീട് സ്വന്തമാക്കാനായത് പ്രവാസ ജീവിതത്തിലൂടെ
ഒരിക്കല്‍ അഭയാർഥിയെപ്പോലെ കഴിഞ്ഞ കുടുംബവീട് സ്വന്തം പേരില്‍ വാങ്ങിച്ചു നിഷ. ഡ്രൈവർ ജോലി ചെയ്യുന്നതിനെ കുറ്റപ്പെടുത്തിയ സഹോദരങ്ങള്‍ക്ക് അതേ ജോലി ചെയ്തുണ്ടാക്കിയ പണം നല്‍കി അവരുടെ വീതം കൊടുത്തുതീർത്താണ് കുടുംബവീട് നിഷ വാങ്ങിയത്. പ്രവാസ ജീവിതം നല്‍കിയ ഏറ്റവും വലിയ  സമ്പത്താണ് വീട്. ഇനി മകള്‍ക്ക് വേണ്ടിയാണ് ജീവിതം. അവളെ പഠിപ്പിക്കണം. മറ്റൊരു വിവാഹം കഴിക്കണമെന്ന നിർബന്ധം കുടുംബക്കാർക്കുണ്ട്. എന്നാല്‍ മകളെ ഉള്‍ക്കൊളളാന്‍ കഴിയാത്തവരാണ് വിവാഹാലോചനയുമായെത്തുന്നവരില്‍ അധികവും. എല്ലാം ഒത്തുവന്നാല്‍ മാത്രം വിവാഹം. സർക്കാർ ജോലി കിട്ടി മകള്‍ക്കൊപ്പം നാട്ടില്‍ തന്നെ കഴിയണമെന്നാണ് ആഗ്രഹം. അതല്ലെങ്കില്‍ പ്രവാസിയായി തുടരും. മകള്‍ക്കായി മറ്റൊരാള്‍ക്ക് മുന്നില്‍ കൈനീട്ടില്ല, നിഷയുടെ വാക്കുകള്‍ക്ക് കാരിരുമ്പിന്റെ കരുത്ത്.

∙ സർക്കാർ വകുപ്പുകളിൽ വനിതകള്‍ക്കും ഡ്രൈവർ ജോലി, പിഎസ്‌സി വഴി അപേക്ഷിക്കാന്‍ വഴിയൊരുക്കിയ പോരാട്ടം. 
യുഎഇയിലേക്ക് എത്തുന്നതിന് മുന്‍പ് തന്നെ സർക്കാർ വകുപ്പുകളില്‍ ഡ്രൈവർ തസ്തികയിലേക്ക് പിഎസ്‌സി വഴി അപേക്ഷിക്കാന്‍ ശ്രമിച്ചിരുന്നു. അപ്പോഴാണ്  സ്ത്രീകള്‍ക്ക് പിഎസ്‌സി പരീക്ഷയെഴുതി പൊലീസുള്‍പ്പടെയുളള സർക്കാർ സേവനങ്ങളില്‍ ഡ്രൈവറാകാന്‍ സാധിക്കില്ലെന്ന് മനസിലായത്. ഇതോടെ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ചു.  2022 ല്‍ ഇതെല്ലാം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. നോക്കാമെന്ന  ഉറപ്പില്‍ വിശ്വസിച്ച് കാത്തിരുന്നു. ദുബായില്‍ നിന്ന് ഒരു വർഷത്തിന് ശേഷം നാട്ടിലെത്തിയപ്പോള്‍ മുഖ്യമന്ത്രിക്കു കൊടുത്ത നിവേദനം ഭരണ പരിഷ്കാര വകുപ്പിന് കൈമാറിയെന്നും, അവർ അത് അംഗീകരിച്ചു വനിതകളെ  ഡ്രൈവർ തസ്തികയിലേക്ക് പരിഗണിക്കാന്‍ പിഎസ്‌സി പരീക്ഷ  നടത്താന്‍ നിർദ്ദേശം നല്‍കിയതായും മനസ്സിലാക്കി. 2023 ല്‍ കേരള പൊലീസ് സേനയിലെ ഡ്രൈവർ തസ്തികയിലേക്ക് വനിതകളെ ഉള്‍പ്പെടുത്തി സർക്കാർ ഉത്തരവിറങ്ങി. ഇക്കഴിഞ്ഞ ഏപ്രില്‍ 16 നായിരുന്നു  തസ്തികയിലേക്കുളള പിഎസ്‌സി പരീക്ഷ. പരീക്ഷ എളുപ്പമായിരുന്നില്ല, വിജയിക്കുമോയെന്നും അറിയില്ല. എങ്കിലും സന്തോഷം, സ്ത്രീകള്‍ക്കും ഡ്രൈവർ തസ്തികയിലേക്ക് നേരിട്ട് അപേക്ഷിക്കാന്‍ അവസരമൊരുങ്ങിയല്ലോ, പുഞ്ചിരിച്ചുകൊണ്ട് നിഷ പറയുന്നു. പിഎസ്‌സി പരീക്ഷയില്‍ വിജയിച്ചാല്‍ ഫിസിക്കല്‍, പരിശീലന ടെസ്റ്റുകളുണ്ട്. ആ കടമ്പകളും കടന്നാല്‍ മാത്രമേ സേനയുടെ ഭാഗമാകാന്‍ കഴിയുകയുളളൂ. 17,000 ത്തോളം പേരാണ് പിഎസ്‌സിക്ക് അപേക്ഷ നല്‍കിയത്. ഇതില്‍ 300 ഓളം പേർ സ്ത്രീകളാണെന്നുളളതും സന്തോഷമെന്ന് നിഷ. വനം വകുപ്പിലും ഫയർ ഫോഴ്സിലും സമാന അപേക്ഷ നല്‍കിയിട്ടുണ്ട്. അനുകൂല തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. പൊലീസിലെ ഡ്രൈവർ  ജോലി തനിക്ക് കിട്ടിയില്ലെങ്കിലും സ്ത്രീകള്‍ക്ക് ജോലി ലഭിക്കാൻ നിമിത്തമായതില്‍ സന്തോഷമുണ്ട്. നിഷയുടെ ചിന്തകള്‍ക്കെന്തൊരു തെളിച്ചം.  

∙ ഗതാഗതമന്ത്രിയോടുമുണ്ട് നിഷയ്ക്ക് ഒരു അപേക്ഷ
ചുവപ്പിനോട് ഇഷ്ടക്കൂടുതലുണ്ട്. അത് ഇടതുപക്ഷത്തിന്റെ ചുവപ്പായാലും കെഎസ്ആർടിസിയുടെ ചുവപ്പായാലും ശരി. ഡ്രൈവറാകാന്‍ പ്രചോചദനമായ ആനവണ്ടിയുടെ വളയം പിടിക്കണമെന്നുളളതാണ് നിഷയുടെ വലിയ ആഗ്രഹം. കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് ഓടിക്കുവാന്‍ കടമ്പകള്‍ ഏറെയുണ്ടെന്ന് അറിയാം. അതുകൊണ്ടുതന്നെ ഡ്രൈവിങ് സീറ്റിലിരുന്നൊരു ഫോട്ടോയെടുക്കാനെങ്കിലും കഴിഞ്ഞാല്‍ സന്തോഷം. ഇക്കാര്യം അറിയിച്ച്  ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാറിന് അപേക്ഷ നല്‍കിയിട്ടുണ്ട്. അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.

English Summary:

Kerala Police to Welcome Women Drivers Through PSC Recruitment - Barkat Nisha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com