ADVERTISEMENT

തിരുവനന്തപുരം/ദുബായ് ∙ അടുത്ത ദിവസങ്ങളിൽ തീരുമാനിച്ചിരുന്ന പൊതുപരിപാടികൾ മാറ്റിവച്ചാണു മുഖ്യമന്ത്രി പിണറായി വിജയൻ വിദേശയാത്രയ്ക്കു പുറപ്പെട്ടത്. ഔദ്യോഗിക ആവശ്യത്തിനു വിദേശത്തു പോകുമ്പോൾ വാർത്തക്കുറിപ്പ് ഇറക്കാറുണ്ട്. സ്വകാര്യ സന്ദർശനമായതിനാൽ ഇത്തവണ അത് ഒഴിവാക്കി. യാത്രാവിവരങ്ങൾ ഗവർണറെയും അറിയിച്ചിട്ടില്ല.

മുഖ്യമന്ത്രി ഭാര്യ കമലയ്ക്കും കൊച്ചുമകൻ ഇഷാനുമൊപ്പമാണ് ഇന്നലെ പുലർച്ചെ കൊച്ചിയിൽനിന്നു ദുബായിലെത്തിയത്. മകൾ വീണയും മരുമകനായ മന്ത്രി പി. എ. മുഹമ്മദ് റിയാസും ഈ മാസം 2നു തന്നെ ദുബായിലെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ യുഎഇയിലുള്ള മകൻ വിവേകിനെയും ഒപ്പം കൂട്ടി എല്ലാവരും ഇന്തൊനീഷ്യയിലേക്കു പോയി. 12ന് അവിടെനിന്നു സിംഗപ്പൂരിലേക്കും 19നു തിരികെ ദുബായിലേക്കും പറക്കുമെന്നാണു വിവരം. 21നാകും കേരളത്തിലേക്കുള്ള മടക്കയാത്ര.

മന്ത്രിസഭാ യോഗങ്ങൾ ആവശ്യമെങ്കിൽ ഓൺലൈനായി നടത്തും. ഫയലുകളും ഓൺലൈനായി കൈകാര്യം ചെയ്യും. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നീക്കിയിട്ടില്ലാത്തതിനാൽ അടിയന്തര സ്വഭാവമുള്ള ഫയലുകളിൽ മാത്രമേ  മുഖ്യമന്ത്രി തീരുമാനമെടുക്കേണ്ടതുള്ളൂ എന്നു സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

ഇടതുപക്ഷം സജീവമായി മത്സരരംഗത്തുള്ള ബംഗാളും ത്രിപുരയും അടക്കമുള്ള സംസ്ഥാനങ്ങളിൽ പ്രചാരണം നടക്കവേയാണ്  വിദേശസന്ദർശനം. കൊച്ചിയിൽനിന്നു സിംഗപ്പൂർ വഴി ഇന്തൊനീഷ്യയിലേക്ക് 7 മണിക്കൂറിലെത്താം. ദുബായ് വഴി ഇന്തൊനീഷ്യയിലേക്കുള്ള യാത്രാസമയം 12 മണിക്കൂർ. എമിറേറ്റ്സ് വിമാനങ്ങളിൽ സ്ഥിരം യാത്ര ചെയ്യുന്നവർ ദുബായിലെത്തിയശേഷമാണു മറ്റു സ്ഥലങ്ങളിലേക്കു പോകുക. 

English Summary:

Chief Minister's private journey; Press release not issued - Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com