ADVERTISEMENT

മലയാളത്തിൽ നിന്നും നിരവധി മോഹൻലാൽ സിനിമകൾ റീമേക്ക് ചെയ്തിട്ടുള്ള സംവിധായകനും നടനുമാണ് സുന്ദർ സി. മിന്നാരം, കാക്കകുയിൽ തുടങ്ങീ നിരവധി ചിത്രങ്ങളാണ് സുന്ദർ. സി തമിഴിലേക്ക് റീമേക്ക് ചെയ്തത്. ഇപ്പോഴിതാ താൻ അഭിനയിച്ച ‘തലൈനഗരം’ എന്ന ചിത്രം മോഹൻലാലിന്റെ ‘അഭിമന്യു’ എന്ന ചിത്രത്തിന്റെ റീമേക്ക് ആയിരുന്നെന്ന് താൻ ഈയടുത്താണ് തിരിച്ചറിഞ്ഞതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സുന്ദർ. സിനിമ വികടന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

‘‘മലയാളം സിനിമകൾ ഒരുപാട് ഇഷ്ടമാണ്. എൺപത് തൊണ്ണൂറുകളിൽ പ്രിയദർശൻ–മോഹൻലാൽ–ശ്രീനിവാസൻ കോമ്പിനേഷൻ സിനിമകൾ ഏറെ ഇഷ്ടമായിരുന്നു. എന്റെ സിനിമകളിലും ആ പ്രചോദനം കാണാം. പ്രിയദർശൻ സാറും അത് എന്നോടു പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാകാം മലയാള സിനിമകൾ റീമേക്ക്് ചെയ്യാൻ തുടങ്ങിയത്.

മലയാളത്തിൽ നിന്നും ഒരുപാട് സിനിമകൾ ഞാൻ തമിഴിൽ റീമേക്ക് ചെയ്തിട്ടുണ്ട്. മിന്നാരം, കാക്കകുയിൽ ഇതൊക്കെ സംവിധാനം ചെയ്തു. സ്ഫടികം, വെള്ളിമൂങ്ങ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. പക്ഷേ ഞാൻ പോലും അറിയാതെ ഒരു റീമേക്ക് സിനിമയിൽ നായകനായി അഭിനയിച്ചിട്ടുണ്ട്. തലൈനഗരം എന്ന സിനിമ ഒരു മലയാള സിനിമയുടെ റീമേക്കായിരുന്നു.

എല്ലാവരും പറഞ്ഞു, അഭിമന്യു എന്ന മലയാള സിനിമയുടെ റീമേക്കാണ് തലൈനഗരമെന്ന്. ആദ്യമൊന്നും ഞാൻ വിശ്വസിച്ചില്ല. കഴിഞ്ഞ വർഷം എന്റെ അമ്മയും ആ കാര്യം പറഞ്ഞപ്പോൾ അതൊന്ന് നോക്കാൻ തീരുമാനിച്ചു. വിക്കിപീഡിയ എടുത്ത് അഭിമന്യൂവിന്റെ പ്ലോട്ട് വായിച്ചു നോക്കി. ഇതുതന്നെയല്ലേ തലൈനഗരം എന്ന് എനിക്ക് അപ്പോൾ മനസിലായി.

പക്ഷേ സംവിധായകൻ സുരാജ് ഈ സിനിമയുടെ കഥ പറഞ്ഞപ്പോൾ അഭിമന്യുവിന്റെ കഥയാണെന്ന് പറഞ്ഞിരുന്നില്ല. ഇത് ഞാൻ നിർമിക്കുകയും ചെയ്തു. ഏറ്റവും വലിയ ഹൈലൈറ്റ് എന്താണെന്ന് വച്ചാൽ തലൈനഗരത്തിന്റെ തെലുങ്ക് റീമേക്ക് റൈറ്റ്സ് ഞാൻ വേറൊരു പ്രൊഡക്‌ഷൻ ഹൗസിന് കൊടുത്തിരുന്നു. റീമേക്ക് പടത്തിന്റെ റീമേക്ക് റൈറ്റ്സ് കൊടുത്ത ഒരേയൊരു പ്രൊഡ്യൂസർ ഞാനായിരിക്കും.”–സുന്ദർ സി.യുടെ വാക്കുകൾ.

English Summary:

From 'Minnaram' to 'Thalainagaram': Sundar C Reflects on the Influence of Mohanlal Classics in Kollywood

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com