ADVERTISEMENT

രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങി ഗായിക ഉഷാ ഉതുപ്പ്. തന്റെ ജീവിതത്തിലെ ഏറ്റവും മഹത്തരമായ നിമിഷമാണിതെന്നും സന്തോഷം കൊണ്ടു കണ്ണുകൾ നിറയുന്നുവെന്നും പുരസ്കാരം സ്വീകരിച്ച ശേഷം ഗായിക പ്രതികരിച്ചു. തിങ്കളാഴ്ച ഡൽഹിയിൽ നടന്ന ചടങ്ങിലാണ് പത്മ പുരസ്കാരങ്ങൾ വിതരണം ചെയ്തത്. 

 

‘എന്നെ സംബന്ധിച്ചിടത്തോളം എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷമാണിത്. രാജ്യത്തോടും കേന്ദ്ര സര്‍ക്കാരിനോടും നന്ദി പറയുന്നു. എനിക്കു വളരെ സന്തോഷം തോന്നുകയാണിപ്പോൾ. കാരണം, ഒരു ശാസ്ത്രീയ സംഗീതജ്ഞയ്ക്കും ക്ലാസിക്കല്‍ നര്‍ത്തകിക്കുമൊക്കെ പത്മപുരസ്കാരം ലഭിക്കുക സ്വാഭാവികമാണ്. എന്നാൽ എന്നെപ്പോലെയുള്ള ഒരു സാധാരണ വ്യക്തി പത്മ പുരസ്കാരത്തിന് അർഹയാവുകയെന്നത് വലിയ കാര്യം തന്നെ. ഞാന്‍ സമാധാനത്തിലും സാഹോദര്യത്തിലും മാത്രമാണു വിശ്വസിക്കുന്നത്. ഒരുമിച്ചു നിന്നാല്‍ മാത്രമേ പല കാര്യങ്ങളും ചെയ്യാന്‍ സാധിക്കൂ എന്നാണ് എന്റെ വിശ്വാസം. എന്റെ സംഗീതത്തിലൂടെ ഞാന്‍ നിങ്ങളെ സന്തോഷിപ്പിക്കും’- ഉഷാ ഉതുപ്പ് വാർത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു.

 

നിശാക്ലബ്ബ് ഗായികയായാണ് ഉഷാ ഉതുപ്പ് സംഗീതജീവിതം ആരംഭിച്ചത്. 1969ൽ ചെന്നൈയിലെ ‘നയൻ ജെംസ്’ എന്ന ക്ലബ്ബിൽ പാടിത്തുടങ്ങി. അവിടെനിന്നു കൊൽക്കത്തയിലെ ട്രിങ്കാസ് നൈറ്റ് ക്ലബ്ബിലേക്ക്. ഏറ്റവും കൂടുതൽ ഇംഗ്ലിഷ് ആൽബങ്ങൾ പാടിയ ഇന്ത്യൻ ഗായികയാണ് ഉഷ. ഒട്ടേറെ സിനിമകളിലും പാടി. മലയാളി ജാനി ചാക്കോ ഉതുപ്പാണു ജീവിതപങ്കാളി. ‘എന്റെ കേരളം എത്ര സുന്ദരം...’ എന്ന കേരള ടൂറിസത്തിന്റെ പ്രമോഷൻ ഗാനമാണ് ഉഷാ ഉതുപ്പിനെ മലയാളികൾക്കിടയിൽ ജനകീയയാക്കിയത്. ‘പോത്തൻ വാവ’ എന്ന സിനിമയിൽ മമ്മൂട്ടിക്കൊപ്പം മുഴുനീള വേഷവും ഗായിക അഭിനയിച്ചിട്ടുണ്ട്.  

English Summary:

Usha Uthup opens up on receiving Padma Bhushan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com