ADVERTISEMENT

ബെംഗളൂരു∙ പ്രജ്വൽ രേവണ്ണ എംപിയുടെ പീഡനത്തിന് ഇരയായ സ്ത്രീയെ തട്ടിക്കൊണ്ടു പോയ കേസിൽ അറസ്റ്റിലായ പിതാവും എംഎൽഎയുമായ എച്ച്.ഡി. രേവണ്ണയെ 4 ദിവസത്തേക്ക് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) കസ്റ്റഡിയിൽ വിട്ടു. ശനിയാഴ്ചയാണ് പിതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവെഗൗഡയുടെ വീട്ടിൽ നിന്നു രേവണ്ണയെ അറസ്റ്റ് ചെയ്തത്.

തട്ടിക്കൊണ്ടുപോയ സ്ത്രീയെ രേവണ്ണയുടെ അനുയായിയുടെ വീട്ടിൽ നിന്നു മോചിപ്പിച്ചിരുന്നു. എന്നാൽ കേസ് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും 40 വർഷത്തിനിടെ ഇത്തരമൊരു ആരോപണം ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു.ഭാര്യയുടെ ബന്ധു കൂടിയായ മറ്റൊരു സ്ത്രീ നൽകിയ ലൈംഗിക പീഡനപരാതിയിലും കേസെടുത്തിട്ടുണ്ട്. 

ജർമനിയിലേക്കു കടന്നതായി സംശയിക്കുന്ന  പ്രജ്വലിനെ കണ്ടെത്താൻ ഇന്റർപോൾ ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിച്ചു. എംപിയെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ അംഗ രാജ്യങ്ങൾക്ക് ഇന്റർപോൾ നിർദേശം നൽകിയിട്ടുണ്ട്. ഇതിനിടെ, പ്രജ്വലിനെതിരെ 3 സ്ത്രീകൾ കൂടി എസ്ഐടിക്ക് മൊഴി നൽകി. ഇതോടെ എംപി പീഡിപ്പിച്ചതായി പരാതി നൽകിയ സ്ത്രീകളുടെ എണ്ണം അഞ്ചായി.

ഇതുവരെ പുറത്തുവന്ന മൂവായിരത്തോളം അശ്ലീല വിഡിയോകളിൽ ഇരുനൂറോളം സ്ത്രീകൾ ഉൾപ്പെട്ടിട്ടുണ്ട്. പ്രജ്വലിന്റെയും രേവണ്ണയുടെയും ലൈംഗികാതിക്രമത്തിന് ഇരകളായവർക്കു വിവരങ്ങൾ നൽകാൻ  ഹെൽപ്‌ലൈൻ ആരംഭിച്ചിട്ടുണ്ട്.

ഇരകൾക്കു കർണാടക സർക്കാർ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സാന്നിധ്യത്തിൽ എഐസിസി ജനറൽ സെക്രട്ടറി രൺദീപ്സിങ് സുർജേവാല പ്രഖ്യാപിച്ചു. ധനസഹായം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സിദ്ധരാമയ്യയ്ക്കു രാഹുൽഗാന്ധി കത്തെഴുതിയിരുന്നു.

English Summary:

Sex Abuse Case: Blue corner notice issued against Prajwal Revanna

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com