ADVERTISEMENT

തൊടുപുഴ ∙ ചിന്നക്കനാൽ ഭൂമിയിടപാടിൽ മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ വിജിലൻസ് എഫ്ഐആർ (പ്രഥമവിവര റിപ്പോർട്ട്) റജിസ്റ്റർ ചെയ്തു. 21 പ്രതികളുള്ള കേസിൽ 16–ാം പ്രതിയാണു കുഴൽനാടൻ. 2012 കാലയളവിൽ ഉടുമ്പൻചോല ഭൂരേഖാ തഹസിൽദാർ ആയിരുന്ന ഷാജിയാണു കേസിൽ ഒന്നാം പ്രതി.

ആധാരമെഴുത്തുകാരനും സർക്കാർ ഉദ്യോഗസ്ഥരുമടക്കം അക്കാലം മുതൽ ഭൂമിയുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്തിയ 21 പ്രതികളാണു കേസിലുള്ളത്. എഫ്ഐആർ ഇന്നലെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ചു.

ചിന്നക്കനാൽ പാപ്പാത്തിച്ചോലയിൽ മാത്യു കുഴൽനാടൻ, ടോണി കാവുങ്കൽ, ടോം കാവുങ്കൽ എന്നിവരുടെ ഉടമസ്ഥതയിലുള്ള ‘എറ്റേണോ കപ്പിത്താൻസ് ഡെയ്ൽ’ എന്ന റിസോർട്ട് ഉൾപ്പെടുന്ന ഭൂമിയിടപാടിൽ വിജിലൻസ് ഇടുക്കി യൂണിറ്റാണ് എഫ്ഐആർ ഇട്ടത്.

മിച്ചഭൂമി നടപടികളിൽ ഉൾപ്പെട്ട് ഭൂനികുതി അടയ്ക്കുന്നതു തടഞ്ഞിരുന്ന ഭൂമി ഉദ്യോഗസ്ഥരുടെ അറിവോടെ വ്യാജരേഖയുണ്ടാക്കി പലതവണ മറിച്ചുവിറ്റെന്നും ഈ ക്രമക്കേടുകൾ അറിഞ്ഞിട്ടും എംഎൽഎ ഭൂമി വാങ്ങിയെന്നും എഫ്ഐആറിൽ പറയുന്നു. പിന്നീട് ഇതിനോടു ചേർന്നുള്ള സർക്കാർ ഭൂമി കയ്യേറി മതിൽ നിർമിച്ചെന്നും എഫ്ഐആറിലുണ്ട്.

വ്യാജരേഖ നിർമിച്ച് സ്വന്തമാക്കിയ ഭൂമി വിൽക്കാനായി നിയമോപദേശം തേടി ഭൂമിയുടെ മുൻ ഉടമസ്ഥർ സമീപിച്ചപ്പോഴാണ് എംഎൽഎയും കൂട്ടാളികളും ഭൂമി വാങ്ങിയതെന്നും എഫ്ഐആറിൽ പറയുന്നു. അക്കാലത്തെ ചിന്നക്കനാൽ പഞ്ചായത്ത് സെക്രട്ടറിയാണു 2–ാം പ്രതി. പഞ്ചായത്ത് ക്ലാർക്ക് 3–ാം പ്രതിയും ഓവർസീയർ 4–ാം പ്രതിയും ഭൂമിയുടെ ആദ്യ ഉടമസ്ഥ 10–ാം പ്രതിയുമാണ്.

സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ നൽകിയ പരാതിയിലാണു കുഴൽനാടനെതിരെ വിജിലൻസ് അന്വേഷണം നടത്തിയത്. ചിന്നക്കനാലിലെ റിസോർട്ട് ഭൂമിയിൽ ആധാരത്തിലുള്ളതിനെക്കാൾ 50 സെന്റ് അധികമുണ്ടെന്നു വിജിലൻസ് കണ്ടെത്തിയിരുന്നു.

∙ "മോദിക്ക് ഇ.ഡിയെപ്പോലെയാണു പിണറായിക്കു വിജിലൻസ്. മുഖ്യമന്ത്രി സകല സർക്കാർ സംവിധാനങ്ങളും ഉപയോഗിച്ച് എന്നെ വേട്ടയാടുകയാണ്. ഞാൻ അഴിമതിക്കാരനും പിണറായി സംശുദ്ധനുമാണെന്നു വരുത്തിത്തീർക്കുകയാണു ലക്ഷ്യം." - മാത്യു കുഴൽനാടൻ എംഎൽഎ

English Summary:

Vigilance FIR registered against Mathew Kuzhalnadan MLA in Chinnakanal land deal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com