ADVERTISEMENT

കൊച്ചി∙ കളമശേരി സ്ഫോടന കേസിലെ പ്രതി ഡൊമനിക് മാർട്ടിന്റെ സ്വഭാവ രീതികൾ വിശദമായി പരിശോധിക്കാൻ പൊലീസ്. തെളിവുകൾ നശിപ്പിക്കാതെ ഓരോന്നായി കൈമാറുന്നതിലെ അസ്വാഭാവികതയാണ് ഇങ്ങനെയൊരു നീക്കം നടത്താൻ പൊലീസിനെ പ്രേരിപ്പിക്കുന്നത്. തീവ്രവാദ ബന്ധമുള്ള കേസുകളിലെ പ്രതികൾ വിശദമായ ചോദ്യം ചെയ്യലിനു ശേഷമാണ് ഭാഗികമായെങ്കിലും കുറ്റം സമ്മതിക്കുന്നതെങ്കില്‍ മാർട്ടിൻ എല്ലാ തെളിവുകളും വേഗത്തിൽ പൊലീസിനു മുന്നിലേക്ക് കൊടുക്കുകയായിരുന്നു. കുറ്റകൃത്യത്തിൽ പങ്കാളികളായവരെ രക്ഷിക്കാനുള്ള തന്ത്രമാണോ ഇതെന്നും പൊലീസിനു സംശയമുണ്ട്. താൻ ഒറ്റയ്ക്കാണ് കൃത്യം നിർവഹിച്ചതെന്ന് ആവർത്തിച്ച്, തെളിവുകൾ നല്‍കുകയാണ് ഡൊമനിക്കിന്റെ രീതി. ഈ ഘട്ടത്തിൽ ഡൊമിനിക് മാർട്ടിൻ പറയുന്നതിനെ അന്വേഷണസംഘം പൂർണമായി വിശ്വസിക്കുകയോ തള്ളിക്കളയുകയോ ചെയ്യുന്നില്ല.

കുറ്റകൃത്യം നിർവഹിച്ചശേഷം പ്രതി പുറത്തുവിട്ട വിഡിയോ സന്ദേശത്തിലും പൊലീസിനു സംശയമുണ്ട്. മുൻകൂട്ടി തയാറാക്കിയ സന്ദേശം പരിഭ്രാന്തിയില്ലാതെയാണ് ഡൊമിനിക് വായിച്ചത്. മുൻപു രാജ്യത്ത് നടന്ന സ്ഫോടനക്കേസുകളിൽ ഈ രീതി ഉണ്ടായിട്ടില്ല. പ്രതിയുടെ സമൂഹമാധ്യമത്തിലെ അക്കൗണ്ടുകളും മൊബൈൽ ഫോൺ രേഖകളും അന്വേഷണ സംഘം വിശദമായി പരിശോധിക്കുന്നുണ്ട്. കുറ്റകൃത്യം ചെയ്യാനുള്ള ആസൂത്രണത്തിന്റെ ആരംഭം വിദേശത്തായിരുന്നെന്നാണ് പൊലീസ് നിഗമനം. ഡൊമിനിക്കിന്റെ വിദേശത്തെ തൊഴിൽ പശ്ചാത്തലം കൂടുതൽ മനസിലാക്കേണ്ടതുണ്ടെന്ന് പൊലീസ് പറയുന്നു. ഡൊമനിക്കിന്റെ കൂടെ ജോലി ചെയ്ത ചില മലയാളികളിൽനിന്ന് വിവരം ശേഖരിച്ചുവെന്നാണ് പൊലീസ് നൽകുന്ന വിവരം. തുടർന്നുള്ള ചോദ്യം ചെയ്യലിനുശേഷം ആവശ്യമെങ്കിൽ കേന്ദ്ര ഏജൻസികളുടെ സഹായം തേടും. ഡൊമനിക് വിദേശത്തു തൊഴിൽ ചെയ്ത കാലയളവിലെ പ്രവർത്തനങ്ങൾ കേന്ദ്ര ഏജൻസികളും പരിശോധിക്കുന്നുണ്ട്. ഡൊമനിക് ഒറ്റയ്ക്ക് ഇത്തരമൊരു കൃത്യം നിർവഹിക്കില്ലെന്നാണ് അടുപ്പക്കാർ പൊലീസിനോട് പറഞ്ഞത്.

ഡൊമനിക്കിന് മാനസിക പ്രശ്നമില്ലെന്ന് പൊലീസ് പറയുന്നു. കസ്റ്റഡി അപേക്ഷയിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഡൊമിനിക്കിന്റെ പ്രവർത്തനരീതി ഇതുവരെയുള്ള കേസുകളിൽനിന്ന് വ്യത്യസ്തമായതിനാൽ മനശാസ്ത്രജ്ഞരുടെ സേവനം തേടാനും പൊലീസ് ആലോചിക്കുന്നുണ്ട്. യഹോവ സാക്ഷികളുമായി ആശയപരമായ പ്രശ്നമാണോ വ്യക്തിപരമായ പ്രശ്നമാണോ എന്നുള്ളതും പൊലീസ് പരിശോധിക്കുന്നു. വലിയ തർക്കങ്ങള്‍ മുൻപുണ്ടായതായി കുടുംബവും പൊലീസിനോട് പറഞ്ഞിട്ടില്ല. നീണ്ട നാളത്തെ ആസൂത്രണത്തിനുശേഷം സ്ഫോടനം നടത്താൻ ശക്തമായ മറ്റേതെങ്കിലും കാരണമുണ്ടോ എന്ന സംശയവും പൊലീസിനുണ്ട്.

English Summary:

The police are to examine the behavior of Dominic Martin, the accused in the Kalamasery blast case, in detail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com