ADVERTISEMENT

മലപ്പുറം∙ സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് മുസ്‌ലിം ലീഗ് അറിയിച്ചതിനു പിന്നാലെ  പാണക്കാട് എത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ചൊവ്വാഴ്ച രാവിലെ ഒൻപതരയോടെയാണ് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിൽ സതീശൻ എത്തിയത്. മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം, സതീശനെ സ്വീകരിച്ചു. നേതാക്കളുമായി അടച്ചിട്ട മുറിയിൽ കൂടിക്കാഴ്ച നടന്നു. പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎ, ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ് ഉൾപ്പെടെയുള്ളവരും ഉണ്ടായിരുന്നു.

പാണക്കാട് തറവാട്ടിൽ കോൺഗ്രസ് നേതാക്കൾ എത്തുന്നത് സ്വാഭാവികമായ കാര്യമാണെന്ന് ചർച്ചയ്ക്കു ശേഷം സതീശൻ മാധ്യമങ്ങളോടു പറഞ്ഞു. സൗഹൃദ സന്ദർശനമാണിത്. നേതാക്കളുമായി ആശയവിനിമയം നടത്തുന്നതിനു തന്നെയാണ് വന്നത്. കോൺഗ്രസും ലീഗും തമ്മിൽ പതിറ്റാണ്ടുകളായുള്ള ബന്ധം കൂടുതൽ ദൃഢമായി. കോൺ​ഗ്രസിനകത്ത് പ്രശ്നമുണ്ടായാലും ലീ​ഗിനകത്ത് പ്രശ്നമുണ്ടായാലും അതവർ തീർക്കും. രണ്ടും വ്യത്യസ്ത പാർട്ടികളാണ്. ഏതു പാർട്ടിയായാലും അവർക്ക് പ്രശ്നമുണ്ടായാൽ പാർട്ടി നേതൃത്വം അതു പരിഹരിച്ച് മുന്നോട്ട് പോവുമെന്ന് വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിൽ എത്തിയപ്പോൾ
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിൽ എത്തിയപ്പോൾ

ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ കൺവൻഷന് മലപ്പുറത്ത് എത്തിയതാണ് സതീശൻ. സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് ലീഗ് അറിയിച്ചതിനു ശേഷമുള്ള ആദ്യ കൂടിക്കാഴ്ച ആണ്. കോൺഗ്രസിലെ ആര്യാടൻ ഷൗക്കത്ത് വിഭാഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ യുഡിഎഫിനെയും ബാധിക്കുമോയെന്ന ആശങ്കയ്ക്കിടയിലുമാണ് ഈ ചർച്ച. തിരഞ്ഞെടുപ്പിൽ ലീഗിന്റെ സ്ഥാനാർഥികളെ ബാധിക്കാവുന്ന വിഷയം ആയതിനാൽ പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കണമെന്ന് ലീഗിന് ആഗ്രഹം ഉണ്ട്. ഈ പശ്ചാത്തലത്തിൽ ആണ് സന്ദർശനം.

കഴിഞ്ഞ ദിവസം മലപ്പുറത്ത് കെപിസിസി വിലക്ക് ലംഘിച്ച് ആര്യാടൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് നൽകിയ മറുപടി പാർട്ടിയുടെ അച്ചടക്ക സമിതിയുടെ പരിഗണനയിലാണ്. തീരുമാനം വരുന്നതു വരെ പാർട്ടി പരിപാടികളിൽനിന്നു വിട്ടുനിൽക്കാൻ അദ്ദേഹത്തിന് നിർദേശമുണ്ട്.

ഇതിനിടെ, കോഴിക്കോട്ട് 11 ന് സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്കു ആര്യാടൻ ഷൗക്കത്ത് ഉൾപ്പെടെ പലസ്തീന് അനുകൂലമായി ചിന്തിക്കുന്ന കോൺഗ്രസുകാരെയും ക്ഷണിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അറിയിച്ചിരുന്നു. റാലിയിൽ എല്ലാവർക്കും ക്ഷണമുണ്ടെന്നും ആർക്കും വിലക്കില്ലെന്നും മുസ്‌ലിം ലീഗ് ഉൾപ്പെടെയുള്ളവർക്കു പങ്കെടുക്കാമെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു.

സിപിഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ പങ്കെടുക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നായിരുന്നു ഷൗക്കത്തിന്റെ പ്രതികരണം. ക്ഷണിച്ചാൽ കെപിസിസിയുടെ ഉത്തരവാദപ്പെട്ട ഭാരവാഹിയെന്ന നിലയിൽ തന്റെ പ്രതികരണം എന്താകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

English Summary:

VD Satheesan Visits Muslim League Leaders at Panakkad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com