ADVERTISEMENT

ന്യൂഡൽഹി ∙ ഹരിയാനയിൽ ബിജെപി സർക്കാരിനുള്ള പിന്തുണ 3 സ്വതന്ത്ര എംഎൽഎമാർ പിൻവലിച്ചു. നായബ് സിങ് സെയ്നിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് ഇതോടെ ഭൂരിപക്ഷം നഷ്ടമായി. 3 സ്വതന്ത്ര എംഎൽഎമാരും ഈ വർഷം  നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണയ്ക്കുമെന്നു വ്യക്തമാക്കി.

രൺധീർ ഗൊല്ലൻ, സോംബീർ സാങ്‍വാൻ, ധർമപാൽ ഗൊൻഡർ എന്നീ സ്വതന്ത്ര എംഎൽഎമാർ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപീന്ദർ സിങ് ഹൂഡയ്ക്കും പിസിസി അധ്യക്ഷൻ ഉദയ് ഭാനും ഒ‌‌പ്പം വാർത്താസമ്മേളനം നടത്തിയാണു തീരുമാനം പ്രഖ്യാപിച്ചത്. മറ്റൊരു സ്വതന്ത്ര എംഎൽഎയായ രാകേഷ് ദൗലത്തബാദും ഒപ്പമുണ്ടെന്നു സാങ്‍വാൻ പറഞ്ഞു.  

90 അംഗ നിയമസഭയിൽ 45 അംഗങ്ങളുടെ പിന്തുണയാണ് സെയ്നി സർക്കാരിനുണ്ടായിരുന്നത്. 3 പേർ പോയതോടെ ഇത് 42 ആയി. കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിനു 46 പേരുടെ പിന്തുണയുണ്ട്.  ജനനായക് ജനതാ പാർട്ടിയുടെ 10 എംഎൽഎമാർ ഈ വർഷമാദ്യം ബിജെപിക്കു പിന്തുണ പിൻവലിച്ചിരുന്നു. പിന്നീട് സ്വതന്ത്രരുടെ പിന്തുണയോടെയാണ് ഭരണം നിലനിർത്തിയിരുന്നത്.  

3 സ്വതന്ത്രരുടെ നിലപാട് മാറ്റത്തിനു ശേഷം സീറ്റുനില

ആകെ സീറ്റ് 90

ഒഴിവ് 2

ഭരണപക്ഷം: 42

ബിജെപി 40

എച്ച്എൽപി 1

സ്വതന്ത്രൻ 1

പ്രതിപക്ഷം: 46

കോൺഗ്രസ് 30

ജെജെപി 10

ഐഎൻഎൽഡി 1

സ്വതന്ത്രൻ 5

English Summary:

3 Independent MLAs withdraw support to govt in Haryana

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com