ADVERTISEMENT

കോഴിക്കോട് ∙ ഖത്തറിലെ ജയിലുകളിൽ അഞ്ഞൂറോളം മലയാളി യുവാക്കൾ മോചനം കാത്തു കഴിയുന്നെന്ന്  ഇന്ത്യൻ പ്രവാസി മൂവ്മെന്റ്. കേരളത്തിലെ വിവിധ ജില്ലകളിൽനിന്നു ഖത്തറിലെത്തിയ യുവാക്കളാണു ലഹരിമരുന്ന് കേസുകളിലും ചെക്ക് കേസുകളിലും ശിക്ഷിക്കപ്പെട്ടു വർഷങ്ങളായി ജയിലിൽ കഴിയുന്നത്. ഇവരിൽ ഭൂരിപക്ഷവും ഏജന്റുമാർ നൽകിയ ലഹരിമരുന്നുകളുമായി പിടിക്കപ്പെട്ടവരാണെന്നു രക്ഷിതാക്കൾ പറയുന്നു.

ഏജന്റുമാർ ജോലി വാഗ്ദാനം ചെയ്ത്, വീസയ്ക്ക് പണം വാങ്ങാതെ ഖത്തറിലേക്കു കയറ്റിവിടുന്ന  യുവാക്കളുടെ കയ്യിൽ, ബന്ധുക്കൾക്കു നൽകാനെന്നു പറഞ്ഞു നൽകുന്ന ഭക്ഷ്യവസ്തുക്കളുടെ പാക്കറ്റുകളിൽ ഒളിപ്പിച്ചാണ് ലഹരിമരുന്ന് കൊടുത്തുവിടുന്നത്. യുവാക്കൾ പിടിക്കപ്പെട്ടാൽ, അവരെ കൂട്ടിക്കൊണ്ടു പോകാൻ വിമാനത്താവളത്തിലെത്തുന്നവർ മുങ്ങും. അതോടെ ഒറ്റപ്പെടുന്ന യുവാക്കൾ ലഹരിക്കടത്തുകാരായി മുദ്ര കുത്തപ്പെട്ട് ജയിലിലാകും. ഭാഷയറിയാത്തതിനാൽ എന്താണു സംഭവിച്ചതെന്നുപോലും അവർക്കു പറയാനുമാവില്ല.  മിക്കവർക്കും 10 വർഷം ശിക്ഷ ലഭിക്കും. ഇന്ത്യക്കാരായ തടവുകാരെ കൈമാറ്റം ചെയ്യാനുള്ള ദ്വിരാഷ്ട്ര ഉടമ്പടി പ്രകാരമുള്ള അവകാശ സംരക്ഷണം നടക്കുന്നില്ലെന്നും ജയിലിൽ കഴിയുന്ന മലയാളി യുവാക്കൾ കൂട്ട നിരാഹാരം തുടങ്ങിയെന്നും ഇന്ത്യൻ പ്രവാസി മൂവ്മെന്റ് ഭാരവാഹികളും ജയിലിലായ യുവാക്കളുടെ കുടുംബാംഗങ്ങളും പറയുന്നു.

ഇവരുടെ മോചനത്തിനായി ഇന്ത്യൻ പ്രവാസി മൂവ്മെന്റും  കുടുംബാംഗങ്ങളും പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയെങ്കിലും കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് കാര്യമായ നീക്കങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ആക്ഷേപമുണ്ട്. നീതി നിഷേധത്തിനെതിരെ ഇന്ത്യൻ പ്രവാസി മൂവ്മെന്റ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചിട്ടുണ്ടെന്നു പ്രസിഡന്റ് ആർ.ജെ.സജിത്ത് അറിയിച്ചു.

English Summary:

Indian Expatriate Movement Demands Release of 500 Malayali Youths Jailed in Qatar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com