ADVERTISEMENT

ആവേശത്തോടെ മുന്നേറുമ്പോൾ ഓഹരി വിപണി ആശങ്ക മറക്കുന്നു; ആശങ്ക വളരുമ്പോൾ ആവേശം കെട്ടടങ്ങുകയും ചെയ്യുന്നു. മുന്നേറ്റവും പിന്മാറ്റവും ഇങ്ങനെ തുല്യ അളവിലായതു മൂലമുള്ള അനിശ്ചിതത്വത്തിലാണു നിക്ഷേപക സമൂഹം. നീളുന്ന അനിശ്ചിതത്വമാകട്ടെ ലാഭമെടുത്തു വിപണിയിൽനിന്നു പിന്മാറാൻ നിക്ഷേപകരെ നിർബന്ധിതരാക്കുകയും ചെയ്യുന്നു. 

നിക്ഷേപകരെപ്പോലെതന്നെ അനിശ്ചിതത്വത്തിലാണു കേന്ദ്ര ബാങ്കുകളും. യുഎസ് ഫെഡറൽ റിസർവിന്റെ നിരക്കു നിർണയ സമിതിക്കു കഴിഞ്ഞ ആഴ്ച ചേർന്ന യോഗത്തിലും തീരുമാനമെടുക്കാനായില്ല. നിരക്കു സംബന്ധിച്ച തീരുമാനം നവംബർ വരെ നീണ്ടുപോയേക്കാമെന്നാണു നിരീക്ഷകരുടെ അനുമാനം. ഫെഡ് റിസർവിന്റെ തീരുമാനമറിഞ്ഞിട്ടാകാം നിരക്കിളവ് എന്ന മട്ടിലാണ് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ. ഈ അനിശ്ചിതാവസ്ഥയ്ക്ക് ഓഹരി വിപണി വലിയ വിലയാണു നൽകേണ്ടിവരുന്നത്.

വൻ തോതിൽ ലാഭമെടുപ്പ്
കടന്നുപോയ വാരം അസാധാരണമായ ആവേശത്തോടെ മുന്നേറിയ വിപണിക്ക് അവസാന വ്യാപാരദിനത്തിൽ നേരിട്ടത് അതേ വേഗത്തിലുള്ള വീഴ്ചയാണ്. ലാഭമെടുത്തു പിന്മാറാനുള്ള കൊണ്ടുപിടിച്ച തിരക്കിൽ പല വൻകിട കമ്പനികളുടെയും ഓഹരികൾക്കു വലിയ തോതിലുള്ള വിലത്തകർച്ച നേരിട്ടു. 

നിഫ്റ്റിക്ക് 22,700 – 22,800 കനത്ത കടമ്പ

നിഫ്റ്റിയിൽ രേഖപ്പെടുത്തിയ അവസാന നിരക്ക് 22,475.85 പോയിന്റാണ്. കഴിഞ്ഞ ആഴ്ചയിലേതിൽനിന്ന് ഏറെ വ്യത്യസ്തമായിരിക്കില്ല ഇന്ന് ആരംഭിക്കുന്ന വ്യാപാരവാരത്തിലെ പ്രകടനവും എന്നു കരുതാം. 22,100 – 22,200 നിലവാരത്തിൽ നിഫ്റ്റിക്കു നല്ല പിന്തുണയുണ്ടെന്ന് അനുമാനിക്കുന്നു; 22,700 – 22,800 നിലവാരത്തിൽ കനത്ത പ്രതിരോധവും. പ്രതിരോധത്തെ അതിജീവിക്കാനായാൽ 23,000 പോയിന്റിലേക്കുള്ള മുന്നേറ്റം പ്രതീക്ഷിക്കാം.

ഫല പ്രഖ്യാപനവുമായിഎസ്ബിഐയും മറ്റും

കമ്പനികളിൽനിന്നുള്ള പ്രവർത്തനഫല പ്രഖ്യാപനങ്ങൾ ഈ ആഴ്ചയിലും വിപണിയിൽ ചലനങ്ങളുണ്ടാക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉൾപ്പെടെ പല ബാങ്കുകളുടെയും ബോർഡ് ഓഫ് ഡയറക്ടേഴ്സ് പ്രവർത്തന ഫലം പരിഗണിക്കാൻ ഈ ആഴ്ച യോഗം ചേരുന്നു. ടാറ്റ മോട്ടോഴ്സ്, ബിപിസിഎൽ, എൽ & ടി തുടങ്ങിയ പ്രമുഖ കമ്പനികളും ഫലം പ്രഖ്യാപിക്കുന്നുണ്ട്.

∙ഇന്ന്: മാരിക്കോ, ഇന്ത്യൻ ബാങ്ക്, ലൂപിൻ, ഗോദ്റെജ് കൺസ്യൂമർ പ്രോഡക്ട്സ്.

∙നാളെ: വോൾട്ടാസ്, ഡോ. റെഡ്ഡീസ്, സെഞ്ചുറി ടെക്സ്റ്റൈൽസ്, പിഡിലൈറ്റ്, ജെഎസ്ഡബ്ല്യു എനർജി.

∙8ന്: എൽ & ടി, കനറ ബാങ്ക്, ഹീറോ മോട്ടോർ കോർപറേഷൻ, ബജാജ് കൺസ്യൂമർ കെയർ, ടാറ്റ പവർ, ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്.

∙9ന്: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബിപിസിഎൽ, എച്ച്പിസിഎൽ, ഏഷ്യൻ പെയിന്റ്സ്.

∙10: ടാറ്റ മോട്ടോഴ്സ്, സിപ്‌ല, എബിബി ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, തെർമാക്സ്.

Stockinvestment

കനറ ബാങ്ക് ഓഹരി വിഭജിക്കുന്നു

പൊതു മേഖലയിലെ മുൻനിര ബാങ്കുകളിലൊന്നായ കനറ ബാങ്കിന്റെ 10 രൂപ മുഖവിലയുള്ള ഓഹരികൾ രണ്ടു രൂപയുടെ ഓഹരികളായി വിഭജിക്കുന്നു. അവകാശ നിർണയ തീയതി 15. നാഷനൽ സ്റ്റോക് എക്സ്ചേഞ്ചിൽ കനറ ബാങ്ക് ഓഹരിക്ക് ഏറ്റവും അവസാനം രേഖപ്പെടുത്തിയ വില 626.20 രൂപ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com