ADVERTISEMENT

ബെംഗളൂരു∙ ഐപിഎൽ സീസണിൽ തുടർച്ചയായ അഞ്ചാം ജയത്തോടെ ടൂർണമെന്റിൽ ജീവൻ നിലനിർത്തി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു. നിർണായക മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ 47 റൺസിനാണ് ആർസിബിയുടെ വിജയം. ജയത്തോടെ ബെംഗളൂരു പോയിന്റ് പട്ടികയിൽ അഞ്ചാമതായി. ചെന്നൈയ്‌ക്കെതിരായ അവസാന ലീഗ് മത്സരം വിജയിച്ചാലും മറ്റു ടീമുകളുടെ ഫലത്തെ കൂടി ആശ്രയിച്ചാകും ബെംഗളൂരുവിന്റെ ഭാവി.  തോൽവിയോടെ ഡൽഹിയുടെ പ്ലേഓഫ് പ്രതീക്ഷകൾക്കും മങ്ങലേറ്റു. ഡൽഹി ആറാം സ്ഥാനത്താണ്.

ബെംഗളൂരു ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിയുടെ ഇന്നിങ്സ് 19.1 ഓവറിൽ റൺസിൽ 140 അവസാനിച്ചു. മൂന്നു വിക്കറ്റ് വീഴ്ത്തിയ യഷ് ദയാൽ, രണ്ടു വിക്കറ്റെടുത്ത ലോക്കി ഫർഗൂസൺ, ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ സ്വപ്നിൽ സിങ്, മുഹമ്മദ് സിറാജ്, കാമറൂൺ ഗ്രീൻ എന്നിവരടങ്ങിയ ബോളിങ് നിരയാണ് ബെംഗളൂരുവിന് മികച്ച വിജയം സമ്മാനിച്ചത്. ഡൽഹിക്കായി ക്യാപ്റ്റൻ അക്ഷർ പട്ടേൽ (39 പന്തിൽ 57) അർധസെഞ്ചറിയുമായി പൊരുതിയെങ്കിലും വിഫലമായി.

∙ ‘രജത്’ ആർസിബി

കൂറ്റൻ സ്കോറിലേക്ക് കുതിച്ച ബെംഗളൂരുവിനെ അവസാന ഓവറുകളിൽ ഡൽഹി പിടിച്ചുകെട്ടുകയായിരുന്നു. ആദ്യം ബാറ്റു ചെയ്ത റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് 187 റൺസെടുത്തത്. അർധസെഞ്ചറി നേടിയ രജത് പാട്ടീദാർ (32 പന്തിൽ 52), വിൽ ജാക്സ് (29 പന്തിൽ 41), കാമറൂൺ ഗ്രീന്‍ (24 പന്തിൽ 32*) എന്നിവരാണ് ആർസിബി നിരയിൽ തിളങ്ങിയത്.

വിലക്കു ലഭിച്ച ഋഷഭ് പന്തിനു പകരം അക്ഷർ പട്ടേലാണ് ഇന്നു ഡൽഹിയെ നയിക്കുന്നത്. ടോസ് നേടിയ അക്ഷർ, ബെംഗളൂരുവിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ക്യാപ്റ്റൻ ഫാഫ് ഡുപ്ലസി (7 പന്തിൽ 6) ഇന്നും നിരാശപ്പെടുത്തി. പവർപ്ലേ അവസാനിക്കുന്നതിനു മുൻപു തന്നെ വിരാട് കോലിയുടെ (13 പന്തിൽ 27) വിക്കറ്റും ആർസിബിക്ക് നഷ്ടമായി. മൂന്നാം വിക്കറ്റിൽ ഒന്നിച്ച പാട്ടീദാർ‌– വിൽ ജാക്സ് സഖ്യമാണ് ബെംഗളൂരു ഇന്നിങ്സിന് അടിത്തറ പാകിയത്. ഇരുവരും ചേർന്ന് 88 റൺസാണ് കൂട്ടിച്ചേർത്തത്. 13–ാം ഓവറിൽ പാട്ടീദാർ പുറത്തായതോടെയാണ് കുട്ടുകെട്ട് തകർന്നത്.

ഡ‍ൽഹിക്കെതിരെ ബെംഗളൂരു താരം വിരാട് കോലിയുടെ ബാറ്റിങ്. ചിത്രം: X/IPL
ഡ‍ൽഹിക്കെതിരെ ബെംഗളൂരു താരം വിരാട് കോലിയുടെ ബാറ്റിങ്. ചിത്രം: X/IPL

പിന്നാലെയത്തിയ ഗ്രീനും തിളങ്ങിയതോടെ ബെംഗളൂരു സ്കോർ കുതിച്ചു. എന്നാൽ 15–ാം ഓവറിൽ ജാക്സ് പുറത്തായതിനു പിന്നാലെയെത്തിയ മഹിപാൽ ലോംറോർ (8 പന്തിൽ 13), ദിനേശ് കാർത്തിക് (പൂജ്യം), സ്വപ്നിൽ സിങ് (പൂജ്യം), കരൺ ശർമ (4 പന്തിൽ 6), സിറാജ് (പൂജ്യം) എന്നിവർക്കാർക്കും തിളങ്ങാനാകാതെ പോയതോടെയാണ് ബെംഗളൂരു സ്കോർ 190ൽ താഴെ ഒതുങ്ങിയത്. ഡൽഹിക്കായി ഖലീൽ അഹമ്മദ്, റാസിഖ് ദർ സലാം എന്നിവർ രണ്ടു വിക്കറ്റ് വീതവും മുകേഷ് കുമാൻ, ഇഷാന്ത് ശർമ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

English Summary:

Royal Challengers Bengaluru vs Delhi Capitals- Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com