ADVERTISEMENT

മുംബൈ∙ ഐപിഎല്ലിൽ ലക്നൗ താരത്തിനെതിരെ രോഷ പ്രകടനവുമായി മുംബൈ ഇന്ത്യൻസ് യുവതാരം അർജുൻ തെൻഡുൽക്കർ. ലക്നൗ ബാറ്റിങ്ങിനിടെ രണ്ടാം ഓവർ എറിയാൻ അര്‍ജുൻ എത്തിയപ്പോഴാണു സംഭവം. ആദ്യ പന്തു നേരിട്ട ഓസീസ് താരം മാര്‍കസ് സ്റ്റോയ്നിസ് അടിച്ചെങ്കിലും അർജുൻ പിടിച്ചെടുത്തു. സ്റ്റോയ്നിസ് ക്രീസിൽനിന്നു മുന്നോട്ടുകുതിച്ചതോടെ അർജുൻ പന്ത് വിക്കറ്റിലേക്ക് എറിയാൻ ശ്രമിച്ചു. സ്റ്റോയ്നിസിനെ രൂക്ഷമായി നോക്കിക്കൊണ്ടായിരുന്നു അര്‍ജുന്റെ പ്രതികരണം.

അർജുന്റെ നീക്കത്തെ ചിരിച്ചുകൊണ്ടു നേരിട്ട സ്റ്റോയ്നിസ്, താരത്തോടു സംസാരിക്കുന്നുമുണ്ടായിരുന്നു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മത്സരത്തിനിടെ പരുക്കേറ്റ അര്‍ജുൻ മൂന്നാം ഓവറിലെ രണ്ടു പന്തുകൾ എറിഞ്ഞ ശേഷം ഓവര്‍ പൂർത്തിയാക്കാനാകാതെ മടങ്ങി. പന്തെറിയാൻ ബുദ്ധിമുട്ടിയതോടെയാണു താരം ഗ്രൗണ്ട് വിട്ടത്. അർജുന് പകരം ശേഷിക്കുന്ന നാലു പന്തുകൾ എറിഞ്ഞത് നമൻ ധിറാണ്.

മത്സരത്തിൽ അർജുന് വിക്കറ്റൊന്നും ലഭിച്ചില്ല. സ്റ്റോയ്നിസിനെ അർജുൻ എൽബിഡബ്ല്യു ആക്കിയിരുന്നെങ്കിലും, തേർഡ് അംപയർ സ്റ്റോയ്നിസ് നോട്ടൗട്ട് ആണെന്നു വിധിച്ചു. മത്സരത്തിൽ 18 റണ്‍സിന്റെ തോൽവി വഴങ്ങിയതോടെ മുംബൈ സീസണിൽ പത്താം സ്ഥാനത്ത് ഒതുങ്ങി. 14 മത്സരങ്ങൾ കളിച്ചതിൽ നാലെണ്ണം വിജയിക്കാൻ മാത്രമാണു മുംബൈ ഇന്ത്യൻസിനു സാധിച്ചത്.

സീസണിലെ അവസാന മത്സരത്തിൽ ജസ്പ്രീത് ബുമ്രയെ പുറത്തിരുത്തിയാണ്, മുംബൈ ഇന്ത്യൻസ് അർജുൻ തെൻഡുൽക്കർക്ക് അവസരം നൽകിയത്. 2024 സീസണിൽ അർജുന്റെ ആദ്യ ഐപിഎൽ മത്സരം കൂടിയായിരുന്നു ഇത്. തുടർച്ചയായി 13 മത്സരങ്ങൾ കളിച്ച ബുമ്രയ്ക്ക് മുംബൈ വിശ്രമം അനുവദിക്കുകയായിരുന്നു. ട്വന്റി20 ലോകകപ്പിലാണ് ജസ്പ്രീത് ബുമ്ര ഇനി കളിക്കുക.

English Summary:

Arjun Tendulkar's Aggressive Act, Sparks Cheeky Reply From Stoinis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com