ADVERTISEMENT

ഐഫോണ്‍ നിര്‍മാതാവ് ആപ്പിളിന്റെ അടുത്ത ഇവന്റ് മെയ് 7ന് നടക്കുമെന്നു പ്രഖ്യാപിച്ചതോടെ എന്തെല്ലാം പുതിയ ഉപകരണങ്ങളാകും കമ്പനി പരിചയപ്പെടുത്തുക എന്ന കാര്യത്തില്‍ ചര്‍ച്ചകളും ആരംഭിച്ചു. ആപ്പിള്‍ ലെറ്റ്ലൂസ് ഇവന്റ് 2024 എന്നു പേരിട്ടിരിക്കുന്ന പരിപാടിയാണ് ഉദ്വേഗം വളര്‍ത്തിയിരിക്കുന്നത്. ഇതുവരെ ലഭിച്ചിരിക്കുന്ന സൂചനകള്‍ വച്ച് പുതിയ ഐപാഡ് ആയിരിക്കും പുറത്തിറക്കാന്‍ പോകുന്ന ഒരു ഉപകരണം. വിദ്യാര്‍ത്ഥികള്‍ മുതല്‍ ആര്‍ട്ടിസ്റ്റുകള്‍ വരെയുള്ളവര്‍ക്ക് ഇത് ഒട്ടനവധി കാര്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്താന്‍ സാധിച്ചേക്കും. 

ആപ്പിളിന്റെ അടുത്ത തലമുറയിലെ പ്രൊസസര്‍ ആയ എം4 പരിചയപ്പെടുത്താനും ഈ വേദി ഉപയോഗിച്ചേക്കുമെന്ന് പറയപ്പെടുന്നു. ആം (ARM)-കേന്ദ്രീകൃത സിലിക്കന്‍ ആണിത്. അതേസമയം, ആപ്പിളിന്റെ അടുത്ത എതിരാളിയായ മൈക്രോസോഫ്റ്റ് സ്വന്തമായി ആം കേന്ദ്രമായി, നിര്‍മ്മിത ബുദ്ധി (എഐ) ഉള്‍പ്പെടുത്തി വികസിപ്പിച്ച പ്രൊസസര്‍ ആപ്പിളിന്റെ എം3 ചിപ്പുകളെ മറികടന്നേക്കുമെന്ന അഭ്യൂഹം നിലനില്‍ക്കെ, പുതിയ പ്രൊസസറില്‍ ആപ്പിള്‍ എന്തു പുതുമകളായിരിക്കും കൊണ്ടുവരിക എന്ന കാര്യത്തിലും ആകാംക്ഷയുണ്ട്. 

Image Credit: fireFX/shutterstock.com
Image Credit: fireFX/shutterstock.com

എം4 ചിപ്പ് മാത്രമായിരിക്കില്ല, അത് ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ആദ്യ ഓലെഡ് ഡിസ്‌പ്ലെയുള്ള ഐപാഡ് പ്രോ മോഡലും ആപ്പിള്‍ ലെറ്റ് ലൂസ് ഇവന്റ് 2024ല്‍ പുറത്തെടുത്തേക്കാമെന്ന് വാദിക്കുന്നവരുണ്ട്. ഐപാഡ് പ്രോയ്ക്കു വേണ്ടിയുള്ള മാഗ്‌സെയ്ഫ് വയര്‍ലെസ് ചാര്‍ജറാണ് പ്രതീക്ഷിക്കുന്ന മറ്റൊരു ഉപകരണം. അടുത്ത തലമുറ ഐപാഡ് എയര്‍ ഈ വേദിയില്‍ പരിചയപ്പെടുത്തിയേക്കുമെന്നും കരുതപ്പെടുന്നു. മറ്റൊരു സാധ്യത 12.9-ഇഞ്ച് വലിപ്പമുള്ള ഒരു ഐപാഡ് എയര്‍ അവതരിപ്പിച്ചേക്കാമെന്നതാണ്. ഇതുമായി ചേര്‍ത്ത് ഉപയോഗിക്കാവുന്നഒരു മാജിക് കീബോഡും അവതരിപ്പിച്ചേക്കാം. 

 ഐപാഡുകളില്‍, കുറഞ്ഞത് പ്രോ മോഡലുകളിലെങ്കിലും, പുതിയ ന്യൂറല്‍ എഞ്ചിന്‍ ഉണ്ടായിരിക്കാമെന്നും പറയപ്പെടുന്നു. വരും തലമുറയിലെ ഓഎസുകളെല്ലാം തന്നെ എഐ അടിസ്ഥാനമായേക്കാമെന്നതിനാല്‍ ഇതില്‍ അതിശയോക്തിയില്ല. ഹാപ്ടിക് ഫീഡ്ബാക് ഉള്ള ഒരു ആപ്പിള്‍ പെന്‍സിലാണ് അനാവരണം ചെയ്‌തേക്കാവുന്ന മറ്റൊരു ഉപകരണം. 

Image Credit: Shahid Jamil/Istock
Image Credit: Shahid Jamil/Istock

വില

ഓലെഡ് ഡിസ്‌പ്ലെ അടക്കമുള്ള ഹാര്‍ഡ് വെയര്‍ അപ്‌ഡേറ്റ് ഉണ്ടായേക്കാമെന്നതിനാല്‍ അടുത്ത തലമുറ ഐപാഡുകള്‍ക്ക് വന്‍ വില വര്‍ദ്ധന പതീക്ഷിക്കാമെന്നായിരുന്നു ഇതുവരെ പറഞ്ഞു കേട്ടിരുന്നത്. എന്നാല്‍, മുന്‍ തലമുറയിലേ മോഡലുകളെ അപേക്ഷിച്ച് വിലയില്‍ വലിയൊരു വര്‍ദ്ധന കണ്ടേക്കില്ലെന്നും വാദമുണ്ട്. 

എല്ലാം ലൈവ് ആയി കാണേണ്ടേ?

ആപ്പിള്‍ ലെറ്റ് ലൂസ് ഇവന്റ് 2024 ആഗോളതലത്തില്‍ തന്നെ ലൈവ് ആയി പ്രക്ഷേപണം ചെയ്യുന്നുണ്ട്. ഇന്ത്യന്‍ സമയം രാത്രി 7.30ന് ആയിരിക്കും ഇവന്റ് ആരംഭിക്കുക. അമേരിക്കയിലെ വെസ്റ്റ് കോസ്റ്റിലുള്ളവര്‍ക്കു 10 മണി (പെസിഫിക് ഡേലൈറ്റ് ടൈം) ആണ് സമയം. യുഎഇയില്‍ ഉള്ളവര്‍ക്ക് രാത്രി 11 മണി ഗള്‍ഫ് സ്റ്റാന്‍ഡര്‍ഡ് ടൈമിന് ആപ്പിള്‍ ഇവന്റ് കണ്ടു തുടങ്ങാം.

ലൈവ് സ്ട്രീം

ആപ്പിളിന്റെ സ്വന്തം വെബ്‌സൈറ്റ് അഡ്രസ് ആണ് ഇത്. എല്ലാവര്‍ക്കും ഇത് പ്രയോജനപ്പെടുത്തി സ്ട്രീം കാണാം. എല്ലാ ബ്രൗസറുകളും തന്നെ ഈ വെബ്‌സൈറ്റ് സപ്പോര്‍ട്ടു ചെയ്യുന്നു. ഫോണ്‍ മുതല്‍ കംപ്യൂട്ടര്‍വരെ മിക്ക ഉപകരണങ്ങളിലും ഇത് വീക്ഷിക്കുകയും ചെയ്യാം. 

ആപ്പിള്‍ ടിവി ഉള്ളവര്‍ക്ക് അതിലും ആപ്പിള്‍ ലെറ്റ് ലൂസ് ഇവന്റ് 2024 ലൈവ് സ്ട്രീം ചെയ്യാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com