ADVERTISEMENT

'വൈകിട്ട് ജോലി കഴിഞ്ഞിറങ്ങുമ്പോൾ നാളെ ജോലിയുണ്ടാകുമോ എന്നാണ് ഒാരോ ദിവസത്തേയും ആശങ്ക’– പറയുന്നത് ഇലക്ട്രിക് കാർ നിർമാണ രംഗത്തെ അതികായനായ ഇലോൺ മസ്കിന്റെ ടെസ്‌ല ജീവനക്കാരാണ്. ഏപ്രിൽ മാസത്തെ ആദ്യആഴ്ച മുതൽ വീണ്ടും കൂട്ടപ്പിരിച്ചുവിടലിന്റെ ചൂടിലാണ് ടെസ്‌ലയിലെ ഭൂരിപക്ഷം ജീവനക്കാരുമെന്ന് ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് ചെയ്യുന്നു.

ടെസ്‌ലയിൽ നിന്നും പിരിച്ചുവിടൽ നോട്ടിസ് ഇ–മെയിലായി കിട്ടിയ നിരവധിപ്പേരാണ് തങ്ങളുടെ ഞെട്ടലും നിരാശയും സമൂഹമാധ്യമങ്ങൾ വഴി പങ്കുവയ്ക്കുന്നത്. നാലാഴ്ച പിന്നിട്ടപ്പോൾ ജോലി നഷ്ടപ്പെട്ടവരിൽ ടെസ്‌ലയിലെ മുതിർന്ന ജീവനക്കാരുമുണ്ട്. ഒാരോ വാരാന്ത്യത്തിലും നൂറോളം ജീവനക്കാരാണ് പിരിച്ചുവിടൽ ഭീതിയുടെ നിഴലിലുള്ളതെന്നും ബിസിനസ് ഇൻസൈഡർ റിപ്പോർട്ടിൽ പറയുന്നു. ടെസ്‌ലയുടെ സൂപ്പർചാർജ് ബിസിനസ് വിഭാഗം സീനിയർ ഡയറക്ടർ റെബേക്ക ടിനൂച്ചി, ന്യൂ വെഹിക്കിൾ പ്രോഗ്രാം ഹെഡ് ഡാനിയൽ ഹോ എന്നിവർക്കാണ് അടുത്തിടെ ടെസ്‌ലയുടെ പടിയിറങ്ങേണ്ടി വന്നത്. സൂപ്പർ ചാർജിങ് ടീമിലെ 500 പേർക്ക് ഇതിനകം ജോലി നഷ്ടപ്പെട്ടതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

tesla-musk-gif

വിപണിയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഡിമാൻഡ് കുറഞ്ഞതോടെയാണ് മസ്ക് ഈ കടുത്ത നടപടിയിലേക്കു വീണ്ടും കടന്നതെന്നാണ് റിപ്പോർട്ട്. കമ്പനിയുടെ ഡെലിവറി റിപ്പോർട്ട് നിരാശാജനകമായതോടെ 10 ശതമാനം പേരെ വെട്ടിക്കുറയ്ക്കുമെന്ന് മസ്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കാലിഫോർണിയ, ടെക്‌സാസ് ലൊക്കേഷനുകളിൽ നിന്നും ആയിരക്കണക്കിന് ജീവനക്കാർക്കു തൊഴിൽ നഷ്ടമായതായും ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് ചെയ്യുന്നു.

elon-musk-new-gif
ഇലോ‌ൺ മസ്‌ക്

2023ൽ ഗൂഗിൾ, മൈക്രോസോഫ്റ്റ് ഉൾപ്പെടെയുള്ള വൻകിട ഐടി കമ്പനികൾ ജീവനക്കാരെ മുന്നറിയിപ്പുകൾ കൂടാതെ പിരിച്ചുവിട്ടിരുന്നു. ആ വർഷം ടെസ്‌ലയും ജീവനക്കാരെ കുറച്ചിരുന്നു. പിരിച്ചുവിടലിനു മുൻപ് ലോകമെമ്പാടുമായി 1,40,000–ത്തിലധികം ജീവനക്കാരാണ് ടെസ്‌ല കമ്പനിയ്ക്കുണ്ടായിരുന്നത്. 

English Summary:

Elon Musk’s Tesla Company continue layoff employees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com