ADVERTISEMENT

കപ്പൽയാത്രാ പ്രേമികൾക്ക് ഒരു സന്തോഷവാർത്ത. ചെന്നൈയിൽ നിന്നു ശ്രീലങ്കയിലേക്കു താമസിക്കാതെ യാത്രാകപ്പൽ സർവീസ് ആരംഭിക്കും. 40 വർഷത്തിനു ശേഷം തമിഴ് നാട്ടിലെ നാഗപട്ടണത്തിൽ നിന്ന് ശ്രീലങ്കയിലെ കങ്കേസന്തുരൈയിലേക്ക് 2023 ഒക്ടോബറിൽ യാത്രാകപ്പൽ പ്രവർത്തനം ആരംഭിച്ചിരുന്നു. എന്നാൽ ദിവസങ്ങൾക്കു ശേഷം ഇത് നിർത്തി വച്ചിരുന്നു. ഈ സർവീസ് മേയ് 13 മുതൽ വീണ്ടും ആരംഭിക്കും. അതേസമയം, യാത്രാ കപ്പലിലേക്കുള്ള ഓൺലൈൻ ടിക്കറ്റ് വിൽപന തിങ്കളാഴ്ച മുതൽ ആരംഭിച്ചു.

യാത്രാ ടിക്കറ്റും പാസ്പോർട്ടും മാത്രമായി ശ്രീലങ്കയിലേക്ക് വരാൻ ശ്രീലങ്കൻ ടൂറിസം ക്ഷണിക്കുമ്പോൾ പ്രതീക്ഷിക്കുന്നത് കൂടുതലും ഇന്ത്യക്കാരെ. Image Credits: mihtiander/Istockphoto.com
യാത്രാ ടിക്കറ്റും പാസ്പോർട്ടും മാത്രമായി ശ്രീലങ്കയിലേക്ക് വരാൻ ശ്രീലങ്കൻ ടൂറിസം ക്ഷണിക്കുമ്പോൾ പ്രതീക്ഷിക്കുന്നത് കൂടുതലും ഇന്ത്യക്കാരെ. Image Credits: mihtiander/Istockphoto.com

കഴിഞ്ഞ വർഷം ഒക്ടോബർ 14ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നാഗപട്ടണത്തിൽ നിന്നു കങ്കേസന്തുരൈയിലേക്കുള്ള യാത്രാ കപ്പൽ വിർച്വലി ഫ്ലാഗ് ഓഫ് ചെയ്തത്. എന്നാൽ മഴക്കാലത്തെ തുടർന്ന് ഒരു ആഴ്ചയ്ക്കു ശേഷം സർവീസ് നിർത്തി വയ്ക്കുകയായിരുന്നു. ആറു മാസത്തെ ഇടവേളയ്ക്കു ശേഷം സർവീസ് വീണ്ടും പുനരാരംഭിച്ചിരിക്കുകയാണ്. ഇത്തവണ മുതൽ ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻഡ്ശ്രി ഫെറി സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് 'ശിവഗംഗൈ'  എന്ന കപ്പൽ മുഖാന്തിരം രാജ്യാന്തര സർവീസുകൾ കൈകാര്യം ചെയ്യും.

എല്ലാ ദിവസവും ഈ കപ്പൽ സർവീസ് ഉണ്ടായിരിക്കും. sailindsri.com എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനിൽ ടിക്കറ്റ് വിൽപന ആരംഭിച്ചു. മേയ് 13 മുതൽ നവംബർ 15 വരെയുള്ള ടിക്കറ്റുകൾ ഇപ്പോൾ ഓൺലൈൻ ആയി ബുക്ക് ചെയ്യാവുന്നതാണെന്ന് ഇൻഡ്ശ്രി ഫെറി സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ എസ് നിരഞ്ജൻ നന്ദഗോപൻ പറഞ്ഞു. നാഗപട്ടണത്തിൽ നിന്ന് കങ്കേസന്തുറൈയിലേക്ക് 4997 രൂപയാണ് ചാർജ്. മടക്കയാത്രയ്ക്കുള്ള ചാർജും ഏകദേശം ഇതിനോട് അടുത്താണ്. ശ്രീലങ്കയിലെ ജാഫ്ന ജില്ലയിലെ ഒരു തുറമുഖ പ്രദേശമാണ് കങ്കേസന്തുറൈ.

യാത്രക്കാർക്കു 60 കിലോ വരെ ബാഗേജുകൾ യാതൊരുവിധ അധിക ചാർജുകളുമില്ലാതെ കൈയിൽ എടുക്കാം. ഷെഡ്യൂൾ ചെയ്ത യാത്രയ്ക്ക് 72  മണിക്കൂർ മുമ്പ് ടിക്കറ്റുകൾ റദ്ദു ചെയ്യാവുന്നതാണ്. ഇത്തരത്തിൽ ടിക്കറ്റ് റദ്ദാക്കിയാൽ യാത്രക്കാർക്കു മുഴുവൻ റീഫണ്ടും ലഭിക്കുന്നതാണ്.

നാല് മണിക്കൂർ ആണ് നാഗപട്ടണത്തിൽ നിന്ന് കങ്കേസന്തുരൈയിലേക്കുള്ള യാത്രാസമയം. മേയ് 13ന് ആദ്യയാത്ര ആരംഭിക്കും. രാവിലെ എട്ടുമണിക്ക് നാഗപട്ടണത്തു നിന്നു പുറപ്പെടുന്ന യാത്രാകപ്പൽ അതേദിവസം ഉച്ചയ്ക്ക് 12 മണിക്കു  കങ്കേസന്തുറൈയിൽ എത്തും. ചുരുക്കത്തിൽ നാഗപട്ടണത്തു നിന്ന് പ്രഭാതഭക്ഷണം കഴിച്ച് കപ്പലിൽ കയറിയാൽ ശ്രീലങ്കയിൽ എത്തിയിട്ട് ഉച്ചഭക്ഷണം കഴിക്കാം.

നാഗപട്ടണത്തിൽ നിന്ന് കങ്കേസന്തുറൈയിലേക്കു യാത്രയ്ക്ക് ഒരുങ്ങുന്ന ശിവഗംഗ കപ്പൽ നിർമിച്ചത് ആൻഡമാനിലാണ്. ലോവർ ഡെക്കിൽ 133 സീറ്റുകളും അപ്പർ ഡെക്കിൽ 25 സീറ്റുകളുമാണ് ക്രമീകരിച്ചിരിക്കുന്നത്. ചുരുങ്ങിയ ചെലവിൽ ഇരുരാജ്യങ്ങൾക്കും ഇടയിലുള്ള യാത്ര സുഗമമാക്കുക എന്നതാണ് പുതിയ സർവീസിന്റെ ലക്ഷ്യം. കപ്പൽ മുഖാന്തിരം ശ്രീലങ്കയിലേക്കു പോകാൻ ആഗ്രഹിക്കുന്നവർക്കു പാസ്പോർട്ട് മാത്രമാണ് രേഖയായി കൈവശം വേണ്ടത്. നാഗപട്ടണം തുറമുഖത്തെ യാത്രാ ടെർമിനലിൽ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

ഇതിനു മുൻപ് രാമേശ്വരത്തു നിന്നു വടക്കൻ ശ്രീലങ്കയിലെ തലൈമന്നാറിന് സർവീസ് ഉണ്ടായിരുന്നു. എന്നാൽ 1982ലെ ശ്രീലങ്കൻ സിവിൽ യുദ്ധത്തെ തുടർന്ന് ഇത് നിർത്തിവച്ചു. തുടർന്ന് രണ്ടാം യുപിഎ സർക്കാർ തൂത്തുക്കുടി - കൊളംബോ യാത്രാ സർവീസ് ആരംഭിച്ചു. എന്നാൽ നിർഭാഗ്യവശാൽ അഞ്ചു മാസത്തിനുള്ളിൽ അത് നിർത്തിവയ്ക്കേണ്ടി വന്നു.

English Summary:

Set Sail from Nagapattinam: New Ferry Service to Sri Lanka Resumes After 40-Year Hiatus.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com